‘വീര്യം കുറഞ്ഞ മദ്യം മദ്യാസക്തി കുറക്കും, വിൽക്കണോയെന്ന് കേരളം ചർച്ച ചെയ്യട്ടെ’ -വി.ഡി. സതീശൻ; മദ്യവ്യാപനത്തിനുള്ള ലൈസൻസെന്ന് പിണറായി
text_fieldsവി.ഡി. സതീശൻ, പിണറായി വിജയൻ
തിരുവനന്തപുരം: സമൂഹത്തിൽ വർധിച്ചുവരുന്ന മദ്യാസക്തി കുറക്കുന്നതിന്റെ ഭാഗമായാണ് വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വീര്യം കൂടിയ മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാൻ വീര്യം കുറഞ്ഞ മദ്യത്തിന് സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ വേണ്ടയോ എന്നത് യുഡിഎഫ് തീരുമാനിക്കട്ടെ. അങ്ങനെ വേണ്ട എന്നാണ് അഭിപ്രായമെങ്കിൽ അത് നടപ്പിലാക്കില്ല. ഇക്കാര്യം കേരളം മുഴുവൻ ചർച്ച ചെയ്യട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിസ്സാരമായ വിഷയങ്ങൾ ഊതിപ്പെരുപ്പിച്ച് ബജറ്റിന്റെ മഹിമ കെടുത്താനുള്ള ശ്രമങ്ങളെ സർക്കാർ ഗൗനിക്കുന്നില്ല. കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാറാണിത്. ബിൽ പാസാക്കിയെന്ന് കരുതി വിൽപന ഉടൻ തുടങ്ങുന്നില്ല. എക്സൈസ് വകുപ്പും ബെവ്കോയും ചേർന്നാണ് അന്തിമ തീരുമാനമെടുക്കുക.
വീര്യം കുറഞ്ഞ മദ്യത്തിനു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ നികുതിയാണ് കേരളത്തിൽ നിശ്ചയിച്ചതെന്ന് സതീശൻ നിയമസഭയിൽ പറഞ്ഞു. കർണാടകയിൽ വീര്യം കുറഞ്ഞ മദ്യത്തിനു കുറഞ്ഞ നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നികുതി നിശ്ചയിക്കുക മാത്രമാണ് നികുതി വകുപ്പ് ചെയ്തിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള നടപടികൾ എല്ലാം പൂർത്തിയാക്കിയത് ഇടതു സർക്കാറാണ്. അവരുടെ കൂടെ ചില ആളുകൾ കൂടിയെന്നു മാത്രം. അതിലൊന്നും സർക്കാർ വഴങ്ങില്ല -സതീശൻ പറഞ്ഞു.
അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന്റെ പുതിയ നികുതി ഘടന ഉൾപ്പെടുത്തിയ ധനബില്ല് കേരള നിയമസഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ധനബില്ല് പാസ്സാക്കിയത്.
എന്നാൽ, വീര്യം കുറഞ്ഞ മദ്യത്തിന് വൻതോതിൽ നികുതിയിളവ് നൽകുന്ന ധനബിൽ നിയമസഭയിൽ പാസാക്കിയതിനെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കാണ് യു.ഡി.എഫ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
നാടിനെ കടുത്ത ആപത്തിലേക്ക് തള്ളിവിടുന്ന രീതിയിൽ മദ്യവ്യാപനത്തിനുള്ള ലൈസൻസാണ് പുതിയ ബില്ലിലൂടെ സർക്കാർ നൽകുന്നത്. കേരളത്തിൽ ഇത്രയധികം മദ്യമൊഴുക്കാനുള്ള സാഹചര്യം ഇതിന് മുമ്പ് ഒരു സർക്കാരും ഒരുക്കിയിട്ടില്ല. ധനബില്ലിലെ ചർച്ചകൾ പൂർണമായി ബഹിഷ്കരിച്ച് പ്രതിപക്ഷം നിയമസഭക്ക് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇതേവരെ ഏറ്റവും കനത്ത നികുതി ഈടാക്കിയിരുന്ന മേഖലയായിരുന്നു മദ്യം. എന്നാൽ, പുതിയ തീരുമാനത്തിലൂടെ മദ്യനികുതിയിൽ 130 ശതമാനത്തിലധികം ഇളവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. കോടികളുടെ വരുമാന നഷ്ടം വരുത്തുന്ന ഈ നികുതിയിളവ് നടപ്പാക്കാൻ സർക്കാരിന് എന്താണ് ഇത്ര ധൃതിയെന്ന് പിണറായി വിജയൻ ചോദിച്ചു.
എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇത്രയും കടുംപിടുത്തം പിടിക്കുന്നത്? ഇത് അതീവ ഗൗരവത്തോടെ നാടിനെ ബാധിക്കുന്ന വിഷയമാണ്. സാധാരണയായി ഇത്തരം നിർണായക നയങ്ങൾ മുന്നണിയോ പാർട്ടിയോ ചർച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷമാണ് തീരുമാനിക്കാറുള്ളത്. എന്നാൽ, ഇതേവരെ അത്തരമൊരു ചർച്ച യു.ഡി.എഫോ കോൺഗ്രസോ നടത്തിയിട്ടില്ല. മന്ത്രിസഭ പോലും ഈ വിഷയം അറിഞ്ഞിട്ടില്ല. മുന്നണിയിലെ സഹപ്രവർത്തകരെയും ജനങ്ങളെയും ഇരുട്ടിൽ നിർത്തിക്കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ തനിച്ചൊരു ഒളിച്ചുകടത്തൽ നടത്തുകയായിരുന്നു.
കോടികളുടെ അഴിമതി ഉറപ്പിക്കുന്നതാണ് സർക്കാറിന്റെ ഈ മദ്യാനുകൂല നയമെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

