കീഴാറ്റൂർ ബൈപാസ്: വിദഗ്ധസമിതിയെ നിയോഗിക്കണം –പരിഷത്ത്
text_fieldsതൃശൂർ: കീഴാറ്റൂരിലെ ബൈപാസ് നിർമാണത്തിെൻറ ഭാഗമായി നിലവിലുള്ള അലൈൻമെൻറ് നിർദേശം പരിശോധിക്കുന്നതിനായി നാറ്റ്പാക്ക് വിദഗ്ധരെയും പരിസ്ഥിതി ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തി വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്. ഇൗ സമിതിയുടെ നിർദേശം ചർച്ച ചെയ്ത് സമവായത്തിലൂടെ നടപ്പാക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.
പശ്ചാത്തലമേഖലയിലെ നിർമാണപ്രവർത്തനങ്ങൾക്ക് വയലുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയസമീപനം രൂപപ്പെടുത്തേണ്ടതുണ്ട്.പശ്ചാത്തല വികസനത്തിനായി നെൽവയൽ നികത്തുന്നത് അഭികാമ്യമോ എന്ന പ്രശ്നമാണ് കീഴാറ്റൂരിലെ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ളത്. കേരളത്തിെൻറ വിവിധപ്രദേശങ്ങളിൽ നിർമാണപ്രവർത്തനങ്ങൾക്കായി നെൽവയലും തണ്ണീർത്തടങ്ങളും നികത്തിയിട്ടുണ്ട്. കീഴാറ്റൂരിൽ ഉണ്ടായതിന് സമാനമായ സംഘർഷങ്ങൾ കേരളത്തിെൻറ വിവിധ മേഖലകളിൽ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ ഇത്തരം സംഘർഷങ്ങൾ പരിഹരിക്കുന്നതിന് പ്രവർത്തന മാതൃകയുണ്ടാകേണ്ടതുണ്ട്.
കഴിഞ്ഞ നാല് പതിറ്റാണ്ടുകൊണ്ട് കേരളത്തിൽ ആറ് ലക്ഷത്തോളം ഹെക്ടർ നെൽവയൽ നികത്തപ്പെട്ടിട്ടുണ്ട്. കേരളം നേരിടുന്ന ജലക്ഷാമത്തിെൻറയും കാലാവസ്ഥ ദുരന്തങ്ങളുടെയും പരിസ്ഥിതി പ്രശ്നങ്ങളുടേയും പശ്ചാത്തലത്തിൽ നെൽവയലും തണ്ണീർത്തടങ്ങളും നികത്തിയുള്ള നിർമാണപ്രവർത്തനങ്ങൾ എതിർക്കപ്പെടേണ്ടതാണെന്ന് പരിഷത്ത് വ്യക്തമാക്കി. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പദ്ധതി വേണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
