ഭീമഹരജിയുമായി വീണ്ടും വൃദ്ധപിതാവ്
text_fieldsപാലക്കാട്: മലബാര്‍ സിമന്‍റ്സിലെ മുന്‍ കമ്പനി സെക്രട്ടറിയും പ്രമുഖര്‍ പ്രതികളായ അഴിമതി കേസുകളിലെ വിജിലന്‍സ് പ്രധാന സാക്ഷിയുമായ വി. ശശീന്ദ്രനും രണ്ട് ആണ്‍കുട്ടികളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് ചൊവ്വാഴ്ച ആറാണ്ട് തികയുന്നു. ലോക്കല്‍ പൊലീസ് മുതല്‍ സി.ബി.ഐ വരെയുള്ളവര്‍ വിവിധ ഘട്ടങ്ങളില്‍ അന്വേഷണ പ്രഹസനങ്ങളുമായി രംഗത്ത് വന്നിട്ടും പ്രതിസ്ഥാനത്താണെന്ന് സംശയിക്കുന്ന പലരും പുറംലോകത്ത് വിലസുന്ന സാഹചര്യത്തില്‍ ജനകീയ ആക്ഷന്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ ഭീമഹരജി തയാറാക്കാനുള്ള പുറപ്പാടിലാണ് ശശീന്ദ്രന്‍െറ വൃദ്ധപിതാവ് വേലായുധന്‍ മാസ്റ്റര്‍.
സ്ഥാപനത്തില്‍ ജോലിയിലിരിക്കെ അഴിമതിക്കാരെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥ ലോബിയുടെ നിരന്തര ഭീഷണിക്ക് വിധേയനായ വ്യക്തിയായിരുന്നു ശശീന്ദ്രനെന്ന് ഇതിനകം നടന്ന അന്വേഷണങ്ങളില്‍ തെളിഞ്ഞതാണ്. പക്ഷേ, ലഘുനടപടി പോലും ആര്‍ക്കെതിരെയും ഉണ്ടായില്ല. കോടതിയില്‍ നിലനില്‍ക്കുന്ന ആത്മഹത്യ പ്രേരണ കേസ് നടപടി പോലും ഇഴയുന്നു. തെളിവുകള്‍ നിരവധി രേഖാമൂലം സമര്‍പ്പിച്ചിട്ടും സി.ബി.ഐ സംഘം പോലും അത് പരിഗണിക്കാന്‍ തയാറായില്ല. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം തള്ളണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കൗണ്‍സിലിന് ഹൈകോടതിയെ സമീപിക്കേണ്ടി വന്നു.
മലബാര്‍ സിമന്‍റ്സിലെ അഴിമതിയാണ് മൂന്ന് ദുരൂഹ മരണങ്ങള്‍ക്ക് വഴിവെച്ചതെന്ന് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോയ് കൈതാരത്ത്, ശശീന്ദ്രന്‍െറ സഹോദരന്‍ ഡോ. വി. സനല്‍കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഈ അഴിമതി അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപവത്കരിക്കുകയും സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കുകയും ചെയ്യണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നല്‍കാനാണ് ഭീമഹരജി തയാറാക്കുന്നത്.
ശശീന്ദ്രന്‍െറ പിതാവ് വേലായുധന്‍ മാസ്റ്റര്‍ ചൊവ്വാഴ്ച ഹരജിയില്‍ ആദ്യത്തെ ഒപ്പുവെക്കും. കാസര്‍കോട്ടെ സ്വരാജ്വേദി പ്രസിഡന്‍റ് കുഞ്ഞിക്കണ്ണന്‍ കാക്കണത്താണ് ഒപ്പ് ശേഖരിക്കുക. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പൊതുജനങ്ങളുടെ ഒപ്പ് ഹരജിയിലേക്കായി ശേഖരിക്കും. സാംസ്കാരിക-സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഇതിന് നേതൃത്വം നല്‍കുക.
കൊല്ലങ്കോട് നെന്മേനിയിലെ ശശീന്ദ്രന്‍െറ തറവാട്ട് വസതിയില്‍ രാവിലെ 10.30ന് ചേരുന്ന സമ്മേളനത്തില്‍ ഇതിന് തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. കൗണ്‍സില്‍ ഭാരവാഹികളായ എ. അബൂബക്കര്‍, മണികണ്ഠന്‍ കൊല്ലങ്കോട് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
