ശശികുമാർ വധം: പ്രതികളെന്ന് കരുതുന്നവരുടെ സുഹൃത്ത് അറസ്റ്റിൽ
text_fieldsകോയമ്പത്തൂർ: ഏറെ വിവാദമായ ഹിന്ദുമുന്നണി നേതാവ് ശശികുമാർ വധക്കേസിൽ, ആറുമാസത്തിനുശേഷം സി.ബി.സി.െഎ.ഡി പ്രത്യേക പൊലീസ് സംഘം ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സായിബാബ കോളനി കെ.കെ. പുതൂർ ജെ. സയ്യിദ് അബുതാഹിർ (29) ആണ് അറസ്റ്റിലായത്.
കോട്ടമേടിൽ റോഡരികിൽ തുണിവ്യാപാരം നടത്തുന്ന അബുതാഹിറിനെ ഇതിനകം പൊലീസ് 12 തവണ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. സായിബാബ കോളനി സ്വദേശികളായ ബി. സദ്ദാംഹുെെസൻ (25), മുബാറക് (31) എന്നിവരാണ് കേസിലെ യഥാർഥ പ്രതികൾ. ശശികുമാർ കൊല്ലപ്പെട്ടശേഷം ഇവരെ കാണാതാവുകയായിരുന്നു. ഫെബ്രുവരി ഏഴിന് ഇവരുടെ പേരിൽ പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പൊലീസ് സംഘം ഇവർക്കുവേണ്ടി കേരളത്തിലും തെരച്ചിൽ നടത്തി. പ്രതികളുടെ അടുത്ത സുഹൃത്തായ അബുതാഹിറിന് അവരുടെ ഒളിത്താവളത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നാണ് പൊലീസിെൻറ കണക്കുകൂട്ടൽ. ഇതിെൻറ ഭാഗമായി പൊലീസ് നിരന്തരം അബുതാഹിറിനെ വേട്ടയാടിയിരുന്നു. രണ്ടുദിവസം മുൻപ് രാത്രി തോക്ക് ചൂണ്ടിയാണ് അബുതാഹിറിനെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോയത്.
