പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകളടക്കം മൂന്നു പേർക്ക് ജീവപര്യന്തം കഠിന തടവ്
text_fieldsപ്രതികളായ രതീഷ്, റിയാസ്, ശ്രീജ മോൾ, കൊല്ലപ്പെട്ട ശശിധര പണിക്കർ
മാവേലിക്കര: പിതാവിനെ കൊന്ന് കുളത്തില്‍ തള്ളിയ കേസില്‍ മകളടക്കം മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും നാല് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ആദ്യ രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും നല്‍കി. ഇരട്ട ജീവപര്യന്തം ഒരുമിച്ചനുഭവിച്ചാല്‍ മതി. ചുനക്കര ലീലാലയം വീട്ടില്‍ ശശിധര പണിക്കർ (54) കൊല്ലപ്പെട്ട കേസിലാണ് ഒന്നാം പ്രതി കൃഷ്ണപുരം ഞക്കനാല്‍ മണപ്പുറത്ത് വീട്ടില്‍ റിയാസ് (37), രണ്ടാം പ്രതി റിയാസിെൻറ സുഹൃത്ത് നൂറനാട് പഴഞ്ഞിയൂര്‍കോണം രതീഷ് ഭവനത്തില്‍ രതീഷ് (38), മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ കാമുകിയും കൊല്ലപ്പെട്ട ശശിധര പണിക്കരുടെ മൂത്തമകളുമായ ശ്രീജമോള്‍ (36) എന്നിവരെയാണ് മാവേലിക്കര അഡീഷനൽ ജില്ല ജഡ്ജി സി.എസ്. മോഹിത് ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമം 302, 201, 120 (ബി) വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് നേരേത്ത കണ്ടെത്തിയ കോടതി ചൊവ്വാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്. ഒന്നും രണ്ടും പ്രതികൾക്ക് കൊലപാതകത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം തടവും വിധിച്ചു. ഒന്നുമുതൽ മൂന്നുവരെ പ്രതികൾ ക്രിമിനൽ ഗൂഢാലോചന കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം തടവും വിധിച്ചു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഒന്നാം പ്രതിക്ക് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴത്തുക ശശിധര പണിക്കരുടെ ഭാര്യ ശ്രീദേവിക്ക് നൽകാനും കോടതി ഉത്തരവിട്ടു.
2013 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. റിയാസും ശ്രീജമോളും ദീര്‍ഘകാലമായി പ്രണയത്തില്‍ കഴിഞ്ഞുവരെവ റിയാസ് തൊഴില്‍ തേടി വിദേശത്ത് പോയി. ഈ സമയം ശ്രീജമോള്‍ തന്നോടൊപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി ശ്രീജിത്തിനെ വിവാഹം കഴിച്ചു. അപ്പോഴും ശ്രീജമോളും റിയാസും തമ്മിെല ബന്ധം തുടര്‍ന്നുവന്ന കാരണത്താല്‍ ശ്രീജിത്ത് ശ്രീജയിൽനിന്ന് വിവാഹമോചനം നേടി. തുടർന്ന് ശ്രീജമോളും മകളും ശശിധര പണിക്കര്‍ക്കൊപ്പം താമസമായി.
റിയാസുമായുള്ള ശ്രീജമോളുടെ ബന്ധത്തെ ശശിധര പണിക്കര്‍ എതിര്‍ത്തിരുന്നു. അച്ഛനെ വകവരുത്താതെ തങ്ങള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യം വന്ന ശ്രീജമോള്‍, ശശിധര പണിക്കരെ കൊലപ്പെടുത്താന്‍ വിദേശത്തുള്ള റിയാസുമായി ഗൂഢാലോചന നടത്തി. ഒപ്പം ജോലി ചെയ്തിരുന്ന രതീഷിെൻറ സഹായം റിയാസ് തേടി. വിദേശത്തുനിന്ന് നാട്ടിലെത്തിയ രതീഷും റിയാസും 2013 ഫെബ്രുവരി 19ന് ശശിധര പണിക്കര്‍ക്ക് മദ്യത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കി.
ഫെബ്രുവരി 23ന് രാത്രി എട്ടിന് റിയാസും രതീഷും ശശിധര പണിക്കരെ പടനിലത്ത് കരിങ്ങാലി പുഞ്ചയുടെ ഓരത്ത് വിജനമായ സ്ഥലത്തെത്തിച്ച് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി. എന്നിട്ടും മരിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ റിയാസും രതീഷും കല്ലുകൊണ്ട് ശശിധര പണിക്കരുടെ തലക്കടിച്ചും കത്തിക്ക് കുത്തിയും കൊലപ്പെടുത്തി മൃതദേഹം സമീപത്തെ കുളത്തില്‍ തള്ളി എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.
ഫെബ്രുവരി 26ന് മൃതശരീരം സമീപവാസികള്‍ കുളത്തില്‍നിന്ന് കണ്ടെത്തി. നൂറനാട് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. ശശിധര പണിക്കരുടെ കുടുംബാംഗങ്ങള്‍ സംശയമില്ലെന്നാണ് അന്ന് മൊഴിനല്‍കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമെന്ന് സൂചന ലഭിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സോളമന്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

