Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎതിർക്കുന്നവരെ...

എതിർക്കുന്നവരെ കേന്ദ്രസർക്കാർ ഭീകരവാദികളാക്കി ജയിലിലടക്കുന്നു -ശശി തരൂർ

text_fields
bookmark_border
എതിർക്കുന്നവരെ കേന്ദ്രസർക്കാർ ഭീകരവാദികളാക്കി ജയിലിലടക്കുന്നു -ശശി തരൂർ
cancel

കോഴിക്കോട്: രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ എതിരഭിപ്രായം പറയുന്നവരെ ഭീകരവാദികളായി മുദ്രകുത്തി ജയിലിലടക്കുകയാണെന്ന് ശശി തരൂർ എം.പി. വിയോജിപ്പ് പ്രകടിപ്പിക്കുന്നവർക്കെതിരെ മൃഗീയഭൂരിപക്ഷത്തിന്റെ ഹുങ്കിൽ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടവേട്ടക്കെതിരെ മുസ്‍ലിം യൂത്ത് ലീഗ് മുതലക്കുളം മൈതാനിയിൽ നടത്തിയ പ്രതിഷേധറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു തരൂർ.

വാർത്തകളുടെ സത്യം തേടി പുറപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.എ.പി.എ ചുമത്തി ജയിലിലടച്ചു. ഈ നിയമം പാസാക്കിയതും നടപ്പാക്കിയതും തെറ്റുതന്നെയാണ്. നിരവധി പേരെ കരിനിയമങ്ങളിലൂടെ ജയിലിലടക്കുന്നു. ഒടുവിൽ കോടതി അവർ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിടുന്നു. പക്ഷേ, അപ്പോഴേക്കും ആ മനുഷ്യന്റെ ജീവിതത്തിന്റെ നല്ലകാലം ജയിലിൽ തീർന്നുപോകുന്നുവെന്ന് തരൂർ പറഞ്ഞു.

രാജ്യത്തെ നന്നാക്കാൻ ലീഗ് ഉൾപ്പെടെ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ബാധ്യതയുണ്ട്. എല്ലാതരം വിശ്വാസങ്ങളും പാലിച്ചുകൊണ്ട് ജീവിക്കാൻ രാജ്യത്തെ എല്ലാവർക്കും അവകാശമുണ്ട്. ഈ സങ്കൽപങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ് ഇന്ത്യ. അത് രാജ്യം ഭരിക്കുന്നവർ മനസ്സിലാക്കുന്നത് നല്ലതാണ്. പാർലമെന്റിൽ ഞങ്ങൾ എതിർപ്പുകൾ ശക്തമായി പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ, ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ അത് കേൾക്കാൻ പോലും അവർ തയാറല്ല. ഒരിക്കൽ തെരഞ്ഞെടുപ്പിൽ ജയിച്ചുകഴിഞ്ഞാൽ പിന്നെ തങ്ങൾക്കെതിരെ ഒന്നും പറയാൻ പാടില്ലെന്ന കേന്ദ്രസർക്കാറിന്റെ നിലപാട് അംഗീകരിക്കില്ല. എതിർപ്പുകൾ പാർലമെന്റിനകത്തും പുറത്തും പറഞ്ഞുകൊണ്ടേയിരിക്കുമെന്നും തരൂർ വ്യക്തമാക്കി. പ്രതിപക്ഷം പറയുന്നത് സത്യമാണെന്ന് ചൂണ്ടിക്കാണിച്ച് ഈ ഏകാധിപത്യ ഭരണകൂടത്തെ തിരുത്തിക്കാൻ ഇനി ജനങ്ങൾക്കേ കഴിയൂ. കേരളത്തിനൊരു ജനാധിപത്യ സംസ്‌കാരമുണ്ട്. അത് രാജ്യം മുഴുവൻ എത്തിക്കാൻ ശ്രമിക്കണമെന്നും തരൂർ ഓർമപ്പെടുത്തി.

മുസ്‌ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ. സലാം, ജില്ല പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍, യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ. ഫൈസല്‍ ബാബു, അഖിലേന്ത്യ കമ്മിറ്റി അംഗം ഷിബു മീരാന്‍ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ നന്ദിയും പറഞ്ഞു. മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് എടനീര്‍, കെ.എ. മാഹീന്‍, സി.കെ. മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം. ജിഷാന്‍, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
TAGS:shashi tharoor 
News Summary - sasi throor against union government
Next Story