തിരുവനന്തപുരം: വിമാനത്താവള വിഷയത്തിൽ താൻ എടുത്ത നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ശശി തരൂർ. എന്‍റെ നിലപാടും വ്യക്തവും സ്ഥിരതയുള്ളതുമാണ്. വോട്ടർമാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തേണ്ടതില്ല. തന്‍റെ സഹപ്രവർത്തകർ മറ്റൊരു നിലപാട് എടുക്കുന്നതിന് മുൻപ് അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ കൃത്യമായും നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു. തന്റെ നിയോജക മണ്ഡലത്തിന്‍റെ താൽപര്യത്തിന് വേണ്ടിയാണ് നിലപാടെടുത്തിട്ടുള്ളതും അതിനെക്കുറിച്ച് സംസാരിക്കുന്നതും. ഒരു എം.പി എന്ന നിലയിൽ തന്‍റെ ജോലിയാണ് അതെന്നും ശശി തരൂര്‍ വിശദീകരിച്ചു.
വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച ശശി തരൂരിന് കോൺഗ്രസ് പക്ഷത്ത് നിന്നുതന്നെ പരോക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണം. അദാനിയുടെ പേ റോളില്‍ ആകേണ്ട കാര്യം താനടക്കം ഒരു കോണ്‍ഗ്രസ് നേതാവിനുമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ശശി തരൂരിന് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ അഭിപ്രായമാണുള്ളത്.