ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ് നൽകി; സരുൺ സജിയെ അനുനയിപ്പിച്ച് താഴെയിറക്കി
text_fieldsഇടുക്കി: കാട്ടിറച്ചി കൈവശം വെച്ചെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഫോറസ്റ്റ് സ്റ്റേഷനിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ സരുൺ സജിയെ അനുനയിപ്പിച്ച് താഴെയിറക്കി. തിരിച്ചെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ ജോലിയിൽ കയറുന്നതിനു മുൻപ് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സരുൺ സജി താഴെയിറങ്ങിയത്. സജിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സസ്‌പെൻഷനിലായ മുഴുവൻ ഉദ്യോഗസ്ഥരേയും കഴിഞ്ഞ ദിവസം വനംവകുപ്പ് തിരിച്ചെടുത്തിരുന്നു.
2022 സെപ്റ്റംബർ 20ന് ആണ് കിഴുകാനം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ സരുണിനെതിരെ കേസെടുത്തത്. കാട്ടിറച്ചിയുമായി ഓട്ടോറിക്ഷയിൽ വരുന്നതിനിടെ പിടികൂടിയെന്നായിരുന്നു കേസ്. ഇതു കള്ളക്കേസാണെന്ന് ഉന്നതതല അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സരുണിന്റെ ഓട്ടോറിക്ഷ അടക്കമുള്ള വസ്തുക്കൾ തിരികെ നൽകിയെങ്കിലും കേസിൽ നിന്ന് ഒഴിവാക്കിയില്ല.
സരുണിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷനും ഗോത്രവർഗ കമ്മിഷനും റിപ്പോർട്ട് തേടിയശേഷം വനപാലകർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.