സർപ്പ പദ്ധതി; പാമ്പുകടി മരണങ്ങളിൽ ഗണ്യമായ കുറവെന്ന് വനംവകുപ്പ്
text_fieldsമലപ്പുറം: ‘സർപ്പ’ പദ്ധതിയിലൂടെ പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ ഗണ്യമായ കുറവ് വന്നതായി വനംവകുപ്പ്. ജനവാസ മേഖലകളിൽ പാമ്പുകളുടെ സാന്നിധ്യംമൂലം ഉണ്ടാകുന്ന അപകടം കുറക്കാനും പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അവയുടെ ആവാസ വ്യവസ്ഥയിലേക്ക് മാറ്റാനും വനംവകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് സർപ്പ (സ്നേക്ക് അവേർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്).
ഒരു മൊബൈൽ ആപ്പ് വഴി പരിശീലനം ലഭിച്ച സ്നേക്ക് റെസ്ക്യുവർമാരുടെ സേവനം ഉറപ്പാക്കുന്ന ഈ പദ്ധതി 2020 ആഗസ്റ്റിലാണ് വനംവകുപ്പ് ആരംഭിച്ചത്. 2018-19ൽ സംസ്ഥാനത്ത് പാമ്പുകടിയേറ്റു 123 ജീവനുകളാണ് പൊലിഞ്ഞത്. 2024-25ൽ 34 മരണം എന്ന നിരക്കിലേക്ക് കുറക്കാൻ (72 ശതമാനം കുറവ്) സാധിച്ചതായി വനംവകുപ്പ് പറയുന്നു. കഴിഞ്ഞ വർഷം മാത്രം 23,779 പാമ്പുകളെ വളന്റിയർമാർ പിടികൂടി വനത്തിൽ വിട്ടു.
അടുത്ത അഞ്ചുവർഷംകൊണ്ട് സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരു ജീവൻ പോലും നഷ്ടപ്പെടാത്ത അവസ്ഥയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി, ദുരന്ത നിവാരണ അതോറിറ്റിയുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ എന്ന പദ്ധതിക്ക്കൂടി വനംവകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ശാസ്ത്രീയ ചികിത്സ, ബോധവത്കരണം, പാമ്പുപിടുത്തക്കാർക്ക് പരിശീലനം, പാമ്പുകടിക്കുള്ള മരുന്ന് (ആന്റിവെനം) ഉൽപാദനം ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
വനത്തിനുള്ളിൽവെച്ച് പാമ്പ് കടിയേറ്റ് മരിച്ചവരുടെ ആശ്രിതർക്ക് വനവകുപ്പ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നുണ്ട്. വനത്തിന് പുറത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ സഹായം രണ്ടുലക്ഷത്തിൽനിന്ന് നാലു ലക്ഷമാക്കി.
നിലവിൽ പാമ്പുകടിയേൽക്കുന്നവരിൽ ഭൂരിഭാഗവും കൃഷിപ്പണിയിൽ ഏർപ്പെടുന്നവരും അടിക്കാട് നീക്കം ചെയ്യുന്നതുപോലുള്ള തൊഴിലുറപ്പ് പണികളിൽ ഏർപ്പെടുന്നവരുമാണ്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പാമ്പുകടിയെ പ്രതിരോധിക്കുന്ന ഗംബൂട്ട്, സേഫ്റ്റി ഗ്ലൗസ്, നീളമുള്ള കത്തി മുതലായ സുരക്ഷ ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന നിർദേശം ചീഫ് വൈൽഡ് ലൈഫ് വാർഡൻ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

