'സാരഥി' പണിമുടക്കി! രണ്ടു ദിവസമായി ലേണേഴ്സ് ടെസ്റ്റ് മുടങ്ങി, ഉദ്യോഗാർഥികൾ വലഞ്ഞു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത വകുപ്പിന്റെ സേവനങ്ങൾക്കായുള്ള 'സാരഥി' പോർട്ടൽ പണിമുടക്കി. സാങ്കേതിക തകരാർ കാരണം നിരവധി ഉദ്യോഗാർഥികളാണ് ദുരിതത്തിലായത്. രണ്ടു ദിവസമായിട്ടും പോർട്ടലിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചിട്ടില്ല. ഇതുമൂലം സംസ്ഥാനത്തുടനീളം നടത്താനിരുന്ന ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റുകൾ മുടങ്ങിയിട്ടുണ്ട്. ലേണേഴ്സ് പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർഥികളടക്കമുള്ള നിരവധി ഉദ്യോഗാർഥികളും വലഞ്ഞു. പലർക്കും പരീക്ഷ എഴുതാനാകാതെ മടങ്ങേണ്ടിവന്നു.
തിരുവനന്തപുരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലടക്കം ലേണേഴ്സ് ടെസ്റ്റ് എഴുതാനെത്തിയ നിരവധി പേരാണ് മണിക്കൂറുകളായി പരീക്ഷക്ക് കാത്തുനിൽക്കുന്നത്. പലരും മണിക്കൂറുകളായി ഓഫിസുകളിൽ തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും പരീക്ഷ എഴുതാനായി വന്ന് മടങ്ങിപ്പോയവരും ഇക്കൂട്ടത്തിലുണ്ട്. പോർട്ടൽ എപ്പോൾ ശരിയാകുമെന്നോ പരീക്ഷ നടത്താൻ സാധിക്കുമെന്നോ ഉള്ള കാര്യങ്ങളിൽ വ്യക്തതയും ലഭിക്കുന്നില്ല എന്നത് പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിക്കുന്നു.
സാരഥി പോർട്ടലിന്റെ സാങ്കേതിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റേയും ഇത്തരം തകരാറുകൾ പരിഹരിക്കുന്നതിന്റേയും പൂർണ ചുമതല നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനാണ്. രണ്ടു ദിവസമായി പോർട്ടൽ പണിമുടക്കിയിട്ടും തകരാർ പരിഹരിക്കുന്നതിന് എൻ.ഐ.സിയുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. അടിയന്തരമായി പ്രശ്നപരിഹാരം കാണേണ്ട അധികൃതരുടെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്ക് വലിയ പ്രതിഷേധങ്ങൾക്കും കാരണമാകുന്നുണ്ട്.
പോർട്ടലിന്റെ നിയന്ത്രണം എൻ.ഐ.സിക്ക് ആയതിനാൽ മോട്ടോർ വാഹന വകുപ്പിനും വിഷയത്തിൽ നേരിട്ട് ഇടപെടാൻ പരിമിതിയുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പോർട്ടൽ എപ്പോൾ സാധാരണ നിലയിലാകുമെന്ന് കൃത്യമായ മറുപടി നൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും സാധിക്കുന്നില്ല. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന് പുറമെ സംസ്ഥാനത്തുടനീളമുള്ള മിക്ക ഓഫിസുകളിലും സ്ഥിതി സമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

