‘മഹാപ്രക്ഷോഭത്തെ അടിച്ചമർത്താമെന്ന വ്യാമോഹം വെറുതെ, ഓരോ ജനാധിപത്യ വിശ്വാസിയും അവർക്കൊപ്പം നിൽക്കും’; പിന്തുണച്ച് സാറാ ജോസഫ്
text_fieldsസാറാ ജോസഫ്
കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാറാ ജോസഫ്.
കേന്ദ്രസേനയെ ഉപയോഗിച്ച് ഈ മഹാപ്രക്ഷോഭത്തെ അടിച്ചമർത്താമെന്ന വ്യാമോഹം വെറുതെയാണെന്നും ഓരോ ജനാധിപത്യ വിശ്വാസിയും അവർക്കൊപ്പം നിൽക്കുമെന്നും അവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വിദ്യാർഥികളുടെ പാർലമെന്‍റ് മാർച്ച് പൊലീസ് നിഷ്ഠുരമായി അടിച്ചമർത്തിയതിനു പിന്നാലെയാണ് സാറാ ജോസഫിന്‍റെ കുറിപ്പ്. ‘കേന്ദ്രസേനയെ ഉപയോഗിച്ച് ഈ മഹാപ്രക്ഷോഭത്തെ അടിച്ചമർത്താമെന്ന വ്യാമോഹം വെറുതെയാണ്. കുട്ടികൾ അവർക്കുവേണ്ടി മാത്രമല്ല തലമുറകൾക്കും രാജ്യത്തിനും വേണ്ടിയാണ് സമരം ചെയ്യുന്നതും തല്ലു കൊള്ളുന്നതും. അവർക്കൊപ്പം നിൽക്കും ഓരോ ജനാധിപത്യ വിശ്വാസിയും’ -സാറാ ജോസഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ചൊവ്വാഴ്ചയും രാജ്യതലസ്ഥാനം പ്രതിഷേധത്തിലും പൊലീസ് അതിക്രമത്തിലും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. വഴിയിലൂടെ വലിച്ചിഴച്ചാണ് രാഹുലിനെയും മറ്റു മുതിർന്ന നേതാക്കളെയും നീക്കിയത്. പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, മന്ത്രി പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ പൊലീസ് കസ്റ്റഡിയിലാണ്.
സമരക്കാരുമായി സർക്കാർ നടത്തിയ അനുനയ നീക്കങ്ങൾ പരാജയപ്പെട്ടതോടെയാണ് ഡൽഹി പൊലീസ് കൂട്ട അറസ്റ്റിലേക്ക് നീങ്ങിയത്. അനുനയ നീക്കവുമായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് രാഹുലിനെ കണ്ടെങ്കിലും ആവശ്യങ്ങൾ കേന്ദ്ര സർക്കാർ തള്ളി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക, വിദ്യാർഥികൾക്കുനേരെ നടന്ന പൊലീസ് അതിക്രമം സംബന്ധിച്ച് സഭയിൽ ചർച്ച ചെയ്യുക, വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തുക, ചോദ്യപേപ്പർ ചോർച്ചമൂലം ദുരിതത്തിലായി വിദ്യാർഥികൾക്കും സമരത്തിൽ പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുക, നാഷനൽ ടെസ്റ്റിങ് ഏജൻസി പുനഃസംഘടിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്.
ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് രാഹുൽ ഗാന്ധി കേന്ദ്ര മന്ത്രിയെ അറിയിച്ചത്. ആവശ്യം കേന്ദ്ര സർക്കാർ തള്ളിയതിനു പിന്നാലെയാണ് പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റിലേക്ക് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

