'കാറ്റിലാടുന്ന രണ്ടു കുഞ്ഞുകമ്മീസുകളുടെ ചിത്രം മാഞ്ഞുപോകരുത്, ലൈംഗികാതിക്രമങ്ങൾ ജാതിക്കൊലപോലെ നീതികിട്ടാതെ പോവുന്ന ഒന്നാണ്'; വേടൻ അതിജീവിതയോട് മാപ്പുപറയണമെന്ന് സാറ ജോസഫ്
text_fieldsവേടൻ, സാറ ജോസഫ്
റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളി അതിജീവിതയോട് മാപ്പുപറയണമെന്ന് സാഹിത്യകാരി സാറ ജോസഫ്. ലൈംഗികാതിക്രമങ്ങൾ ജാതിക്കൊല പോലെ നീതികിട്ടാതെ പോവുന്ന ഒന്നാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. ഓരോ ലൈംഗികാതിക്രമവും കൊലചെയ്യപ്പെട്ട അനേകം പെൺകുട്ടികളുടെ നിലവിളികളായി മണ്ണിനടിയിൽ നിന്ന് ആഞ്ഞുയരുന്നത് വേടൻ കേൾക്കണമെന്നും സാറ ജോസഫ് ആവശ്യപ്പെടുന്നുമുണ്ട്. കാറ്റിലാടുന്ന രണ്ട് കുഞ്ഞുകമ്മീസുകളുടെ ചിത്രം മനസിൽ നിന്ന് മാഞ്ഞുപോകരുതെന്നും വേടനെ ഓർമപ്പെടുത്തുന്നുമുണ്ട്. കേരളീയം വഴിയാണ് വേടൻ എന്നോട് ചെയ്ത വയലൻസുകൾ ഏറ്റുപറഞ്ഞ് മാപ്പ്പറയണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
വേടാ, 'എന്നോട് ചെയ്ത വയലന്‍സുകള്‍ ഏറ്റുപറഞ്ഞ് വേടന്‍ മാപ്പു പറയണം' എന്ന് അതിജീവിതയായവള്‍ കേരളീയം വഴി ആവശ്യപ്പെട്ടിരിയ്ക്കുന്നു. ഓരോ ലൈംഗികാതിക്രമവും കൊലചെയ്യപ്പെട്ട അനേകം പെണ്‍കുട്ടികളുടെ നിലവിളികളായി മണ്ണിനടിയില്‍ നിന്ന് ആഞ്ഞുയരുന്നത് നീ കേള്‍ക്കണം. അതില്‍ കുഞ്ഞുപെണ്‍മക്കളുടെ നിലവിളികളുമുണ്ട്. കാറ്റിലാടുന്ന രണ്ടു കുഞ്ഞുകമ്മീസുകളുടെ ചിത്രം മനസ്സില്‍ നിന്ന് മായരുത്. ജാതിക്കൊലപോലെ നീതികിട്ടാതെ പോവുകയാണ്, നിന്റെ ചേച്ചിമാരുടെ, അനിയത്തിമാരുടെ, സ്‌നേഹിതമാരുടെ, അമ്മമാരുടെ നേര്‍ക്കുനടന്നിട്ടുള്ള ലൈംഗികകുറ്റകൃത്യങ്ങള്‍ എന്ന് നീ തിരിച്ചറിയണം. ഒരു ദലിത് പെണ്‍കുട്ടി സമൂഹത്തില്‍ നിന്നുള്ള ജാതിവിവേചനം, ലിംഗവിവേചനം, വര്‍ണ്ണവിവേചനം, വര്‍ഗവിവേചനം എന്നിവയോടൊപ്പം സ്വന്തംസമുദായത്തിലെ പുരുഷാധികാരത്തിന്റെ വിവേചനം കൂടി അനുഭവിക്കുന്നവളാണ് എന്നറിയണം. ഇവരെപ്പറ്റിയൊക്കെ നീ പാടണം.
മണ്ണിനടിയിലും മണ്ണിനുമുകളിലും നിന്നു കേള്‍ക്കുന്ന അവരുടെ നിലവിളികളെ നിന്റെ പാട്ടിലേയ്ക്കാവാഹിക്കണം. അതിനെ കൊടുങ്കാറ്റാക്കി മാറ്റണം. അതിന് നിനക്ക് ശക്തികിട്ടണമെങ്കില്‍ നിന്റെ മനസ്സില്‍ കുറ്റബോധമില്ലാതിരിക്കണം. മുകളില്‍ പറഞ്ഞ അതിജീവിതയോട് ചെയ്തതെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുക. ഇതുവരെ ചെയ്തവരുടേതല്ലാ നിന്റെ വഴി. നീ വെട്ടിയ വഴിയില്‍ നിനക്ക് പതറിച്ചയുണ്ടാവരുത്. - തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ സാറാ ജോസഫ് എഴുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

