പ്രശാന്തിന്റെ സസ്പെൻഷൻ പിൻവലിക്കാൻ ശാരദ; പിന്നാലെ അട്ടിമറി
text_fieldsഎ. ജയതിലക്, എൻ. പ്രശാന്ത്
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ എൻ. പ്രശാന്തിന്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള റിവ്യൂ കമ്മിറ്റിയുടെ തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഏപ്രിൽ 23ന് അന്നത്തെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അധ്യക്ഷയായ സസ്പെൻഷൻ റിവ്യൂ കമ്മിറ്റി പ്രശാന്തിനെ സർവിസിൽ തിരിച്ചെടുക്കാൻ ശിപാർശ ചെയ്തെങ്കിലും ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറിയായ ശേഷമാണ് തീരുമാനം മാറിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
2024 നവംബർ 11 മുതൽ സസ്പെൻഷനിലുള്ള പ്രശാന്തിനെ അച്ചടക്കനടപടിയുടെ കാലാവധി അവസാനിച്ചശേഷം തിരിച്ചെടുക്കാമെന്നായിരുന്നു അഡീ. ചീഫ് സെക്രട്ടറിമാരായ കെ.ആർ. ജ്യോതിലാൽ, ബിശ്വനാഥ് സിൻഹ എന്നിവർ കൂടി അംഗങ്ങളായ കമ്മിറ്റിയുടെ ശിപാർശ. ആരോപണങ്ങൾക്കെതിരെയുള്ള മറുവാദം പ്രശാന്ത് രേഖാമൂലം സമർപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച ശേഷമാണ് ശിപാർശയെന്നും പുറത്തുവന്ന മിനിറ്റ്സിലും വ്യക്തമാണ്.
‘പ്രശാന്തിന്റെ വിഷയത്തിൽ ഹിയറിങ് നടന്നിട്ടുണ്ടെങ്കിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്നും ചാർത്തപ്പെട്ട കുറ്റങ്ങളുടെ സ്വഭാവം പരിഗണിക്കുമ്പോൾ പ്രശാന്തിനെ സർവിസിലേക്ക് തിരികെ പ്രവേശിപ്പിക്കാമെന്നും അച്ചടക്ക നടപടി വേണ്ടതില്ലെന്നും’ റിവ്യൂ കമ്മിറ്റി ചൂണ്ടിക്കാട്ടി. തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ചുമതലയേറ്റു. പ്രശാന്തിനെ തിരിച്ചെടുക്കാനുള്ള റിവ്യൂ കമ്മിറ്റിയുടെ തീരുമാനം നിലനിൽക്കെ അത് കൂട്ടാക്കാതെ വീണ്ടും വിഷയം പരിഗണിക്കപ്പെട്ടു.
സാധാരണ ചീഫ് സെക്രട്ടറിയാണ് സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ അധ്യക്ഷനാകേണ്ടത്. പ്രശാന്തിന്റെ ആരോപണം ജയതിലകിന് എതിരെയാണെന്നതിനാൽ അദ്ദേഹത്തോട് കമ്മിറ്റിയിൽനിന്ന് ഒഴിയാൻ മുഖ്യമന്ത്രി നിർദേശിച്ചു. എന്നാൽ പുതിയ അംഗത്തെ ഉൾപ്പെടുത്താതെ, നേരത്തെ ശാരദക്കൊപ്പം തീരുമാനമെടുത്ത രണ്ട് അഡീ. ചീഫ് സെക്രട്ടറിമാരോട് വിഷയം വീണ്ടും പരിഗണിക്കാനാണ് ചീഫ് സെക്രട്ടറി നിർദേശിച്ചത്. 2025 മേയ് അഞ്ചിന് രണ്ടംഗ കമ്മിറ്റി യോഗം ചേരുകയും പ്രശാന്തിന്റെ സസ്പെൻഷൻ 180 ദിവസം കൂടി നീട്ടാൻ നിർദേശിക്കുകയുമായിരുന്നു.
പ്രശാന്തിനെ തിരിച്ചെടുക്കാൻ ശാരദ അധ്യക്ഷയായ കമ്മിറ്റി തീരുമാനമെടുത്ത് 12 ാം ദിവസമാണ് തിടുക്കത്തിൽ വീണ്ടും യോഗം ചേർന്ന് നിലപാട് മാറ്റുകയും പുതിയ തീരുമാനം മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തത്. സസ്പെൻഷൻ നീക്കണമെങ്കിൽ കേന്ദ്ര സർക്കാറിന്റെ അനുമതി വേണം. ഈ അനുമതി തേടിയതിലും വ്യക്തതയില്ല. രണ്ടംഗ കമ്മിറ്റി യോഗം ചേർന്നെടുത്ത തീരുമാനം നിലനിൽക്കുമോ എന്ന നിയമപ്രശ്നവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

