സാഹിത്യവും രാഷ്ട്രീയവും ചർച്ചയായി ‘സാറാ ജോസഫിന്റെ ലോകങ്ങൾ’
text_fieldsതൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച സാറാ ജോസഫിന്റെ ലോകങ്ങൾ: ജീവിതം എഴുത്ത്, പ്രതിരോധം എന്ന സമാദരണ പരിപാടിയിൽ സാറാ ജോസഫിനെ മന്ത്രി കെ. രാജനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്ന് ആദരിച്ചപ്പോൾ
തൃശൂർ: രണ്ടു ദിവസമായി തൃശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ‘സാറാ ജോസഫിന്റെ ലോകങ്ങൾ’ എന്ന പരിപാടിയിൽ അവരുടെ സാഹിത്യ ജീവിതത്തിനു പുറമെ രാഷ്ട്രീയ, പ്രതിരോധ ജീവിതവും വലിയ ചർച്ചയായി. സാറാ ജോസഫിന്റെ നേതൃത്വത്തിൽ വനിത കൂട്ടായ്മ ശനിയാഴ്ച രാത്രി സാഹിത്യ അക്കാദമി അങ്കണത്തിൽ ആശ വർക്കർമാർക്കുള്ള പിന്തുണയായി മുദ്രാവാക്യം മുഴക്കിയതടക്കം പരിപാടിയുടെ വ്യത്യസ്തതയായി.
‘മാനുഷി’യുടെ തുടർച്ചകൾ, സമകാലിക സമൂഹം, ലൈംഗികതയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അഡ്വ. ഭദ്രകുമാരി മോഡറേറ്ററായി. 1986ൽ ‘മാനുഷി’ സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച്, ആ ആചാരം പൂർണമായും ഇല്ലാതാക്കാനുള്ള ചർച്ചക്ക് തുടക്കമിട്ട ശക്തമായ നിമിഷം അവർ ഓർമിച്ചു. മാനുഷിയുടെ ഈ ആദ്യകാല ചിന്തകളും ആദർശങ്ങളും ഇന്നും തനിക്ക് പ്രചോദനം നൽകുകയും അന്യായമായ സാമൂഹിക മാനദണ്ഡങ്ങളെ ചെറുക്കാനുള്ള ശക്തി നൽകുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു. ഡോ. കെ. ജയശ്രീ വിഷയാവതരണം നടത്തി. സാഹിത്യ മേഖല അടക്കം എല്ലാ മേഖലയിലും മാറ്റങ്ങൾ ഉണ്ടെങ്കിലും പല തരം നിയന്ത്രണങ്ങളും സംഘർഷങ്ങളും ഇന്നും നിലനിൽക്കുന്നതായി അവർ പറഞ്ഞു. സ്ത്രീകളുടെ ജീവിതം രൂപപ്പെടുത്തുന്ന സാംസ്കാരിക, രാഷ്ട്രീയ ചട്ടക്കൂടുകളുമായി വിമർശനാത്മകമായി ഇടപഴകുന്നതിനൊപ്പം അവരുടെ തുടർച്ചയായ പോരാട്ടങ്ങളെയും പ്രതിരോധശേഷിയെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അവർ ഊന്നിപ്പറഞ്ഞു.
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യം, ദിനു വെയിൽ, ശ്രീജ അറങ്ങോട്ടുകര, ഡോ.കെ.എം. ഷീബ, അഡ്വ. ആർ.കെ. ആശ എന്നിവർ സംസാരിച്ചു. സാറാ ജോസഫിന്റെ മകൾ ഗീത ജോസഫും അനുഭവങ്ങൾ പങ്കുവെച്ചു. മാനുഷി ഏറ്റെടുത്ത പ്രശ്നങ്ങളെയും ചർച്ചകളെയും സമരങ്ങളെയും ഗീത ഓർത്തെടുത്തു. സാറാ ജോസഫിന്റെ ഇടപെടലിലൂടെ ശ്രദ്ധേയമായ ബാലാമണിയും അനുഭവങ്ങൾ പങ്കുവെക്കാൻ എത്തിയിരുന്നു. ഇപ്പോഴും തന്നെ രാഷ്ട്രീയക്കാർ വേട്ടയാടുകയാണെന്ന് അവർ പറഞ്ഞു. ഫൗസിയ കരിയാട് നന്ദി പറഞ്ഞു. ആക്ടിവിസ്റ്റുകളുടെ ഒത്തുചേരലും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

