സ്ത്രീവിരുദ്ധതയിൽ പാർട്ടിയെ അനുസരിക്കരുതെന്ന് പറഞ്ഞതിന് തന്നെ അകറ്റി -സാറ ജോസഫ്
text_fieldsസാറ ജോസഫ്
തൃശൂർ: വൃന്ദ കാരാട്ട് പങ്കെടുത്ത പരിപാടിയിൽ സ്ത്രീവിരുദ്ധതയിൽ പാർട്ടി പറയുന്നത് അനുസരിക്കരുത് എന്ന് പെണ്ണുങ്ങളോട് പറഞ്ഞതിൽ പിന്നെ പാർട്ടി തന്നെ അടുപ്പിച്ചിട്ടില്ലെന്ന് എഴുത്തുകാരി സാറ ജോസഫ്. കേരള സാഹിത്യ അക്കാദമി സാർവദേശീയ സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പാർട്ടി അച്ചടക്കം ചോദ്യംചെയ്യപ്പെടാൻ പാടില്ലാത്ത ഉരുക്കുകോട്ടയാണ്. മതങ്ങളും ഇതുതന്നെയാണ്. മതങ്ങളെ അതിന്റെ അനുയായികൾക്ക് ചോദ്യം ചെയ്യാൻ അവകാശമില്ലാത്തതുപോലെ രാഷ്ട്രീയപാർട്ടികളുടെ അനുയായികൾക്ക് പാർട്ടികളെ ചോദ്യംചെയ്യാനുമുള്ള അവകാശമില്ല.
എവിടെയായാലും സ്ത്രീവിരുദ്ധത സംഭവിക്കുമ്പോൾ ഒരു സ്ത്രീ അവിടെ എഴുന്നേറ്റു നിൽക്കണം. രാജ്യം ഫാഷിസത്തിന്റെ പിടിയിൽ ഞെരിഞ്ഞിരിക്കുകയാണ്. രാജ്യം മതരാഷ്ട്രം ആയിക്കഴിഞ്ഞാൽ സ്വാതന്ത്ര്യസമരകാലത്ത് എടുത്തതിനേക്കാൾ കൂടുതൽ പണിയെടുക്കേണ്ടിവന്നെങ്കിലേ അതിൽനിന്നും മോചിതമാകാൻ പറ്റൂ എന്ന് ഡോ. അംബേദ്കർ പറഞ്ഞിട്ടുണ്ട്. പുതിയ തലമുറയെ ഇകഴ്ത്തിക്കാണേണ്ട കാര്യമില്ല. അവർ വേടനെ കേൾക്കുക മാത്രമല്ല, അംബേദ്കറെ അറിയുകയും ചെയ്യുന്നുണ്ട്.
ആം ആദ്മി പാർട്ടിയിൽ ചേർന്നത് വലിയ പ്രതീക്ഷയിലായിരുന്നു. ഗാന്ധിജിയുടെ സ്വരാജ് എന്ന പ്രഖ്യാപനം കെജ്രിവാളിൽനിന്നുയർന്നപ്പോൾ ആവേശം തോന്നി. കരുതിക്കൂട്ടിയാണ് ആപ്പിൽ ചേർന്നത്. പിന്നീട് അത് ആപ്പാകും എന്ന് തോന്നിയപ്പോൾ കരുതിക്കൂട്ടിത്തന്നെ ഇറങ്ങിപ്പോന്നു എന്നും സാറ ജോസഫ് പറഞ്ഞു.
എഴുത്തുകാരി സുജ സൂസൻ ജോർജ് അധ്യക്ഷത വഹിച്ചു. സക്കറിയ, എൻ.എസ്. മാധവൻ എന്നിവരുടെ സംഭാഷണവും അരങ്ങേറി. ‘ദലിത് പ്രാതിനിധ്യം: സംസ്കാരത്തിലും സ്ഥാപനങ്ങളിലും’ വിഷയത്തിൽ ഡോ. ടി.എസ്. ശ്യാംകുമാറിന്റെ പ്രഭാഷണവും നടന്നു. സാർവദേശീയ സാഹിത്യോത്സവം ഇന്ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

