ലൈഫ് മിഷൻ കള്ളപ്പണ ഇടപാടിൽ സന്തോഷ് ഈപ്പൻ അറസ്റ്റിൽ
text_fieldsകൊച്ചി: വിവാദമായ ലൈഫ് മിഷൻ കോഴക്കേസിലെ കള്ളപ്പണ ഇടപാടിൽ യുനിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്. ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട രണ്ടാമത്തെ അറസ്റ്റാണ് സന്തോഷ് ഈപ്പന്റേത്. നേരത്തെ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു. കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ നിർമാണവുമായി ബന്ധപ്പെട്ട് 4.50 കോടി കോഴ നൽകിയെന്നാണ് കേസ്. കരാർ ലഭിക്കാൻ കോഴ നൽകിയയെന്ന് സന്തോഷ് ഈപ്പൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഫ്ലാറ്റ് നിർമാണത്തിന് യു.എ.ഇയിലെ റെഡ് ക്രെസന്റ് കരാറുകാരായ യൂനിടാക്കിനു നൽകിയ 19 കോടിയിൽ 4.50 കോടി കോഴയായി നൽകിയെന്നാണ് ഇ.ഡി വിലയിരുത്തൽ. ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഗൂഢാലോചനകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കലാണ് ഇ.ഡിയുടെ ലക്ഷ്യം.

