'നിങ്ങള്, നിങ്ങളെ മാത്രം ഇഷ്ടപെടല്ലപ്പാ..' പാട്ടും പാടി സജ്നക്കൊപ്പം ബിരിയാണി വിറ്റ് സന്തോഷ് കീഴാറ്റൂർ
text_fieldsകൊച്ചി: 'നിങ്ങള്, നിങ്ങളെ മാത്രം ഇഷ്ടപെട്ടല്ലപ്പാ, ഒരമ്മ പെറ്റതുപോലെ, എല്ലാരും അങ്ങനെ തന്നെ, ജനിച്ചുവെന്നത് നേര് മരിക്കുമെന്നതും നേര്...'' സജ്‌ന ഷാജിയുടെ ബിരിയാണി വിൽക്കാൻ റോഡരികിൽ പാട്ടും പറച്ചിലുമായി നടൻ സന്തോഷ് കീഴാറ്റൂർ. എറണാകുളത്ത് റോഡരികില്‍ ഭക്ഷണം വില്‍ക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഐക്യദാര്‍ഢ്യവുമായാണ് നടൻ നേരിട്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇരുമ്പനത്താണ് സന്തോഷ് സജ്‌നാസ് ബിരിയാണി വിറ്റ് അവരെ ചേർത്തുപിടിച്ചത്.
ജീവിക്കുക എന്നതു തന്നെയാണ് ഏറ്റവും വലിയ സമസ്യയെന്നും അതിനാൽ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അവഗണിക്കാതെ അവരെയും മനുഷ്യരായി പരിഗണിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. സജ്നക്കും കൂട്ടുകാർക്കുമൊപ്പം എല്ലാവരും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഭക്ഷണ വില്‍പന. സജ്നയുടെ സ്നേഹം നിറഞ്ഞ ബിരിയാണി നടൻ റോഡരികിൽ തെന്ന നിന്ന് കഴിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.
ഇരുമ്പനത്ത് റോഡരികിലാണ് സജ്‌ന ഷാജി ബിരിയാണി വില്‍പന നടത്തുന്നത്. ചിലര്‍ കച്ചവടം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. ഫേസ്ബുക്ക് ലൈവില്‍ എത്തി കരഞ്ഞ് സംഭവം അറിയിക്കുകയായിരുന്നു സജ്‌ന. സജ്നക്ക് പിന്തുണയുമായി നടൻ ജയ്സൂര്യയും മറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു.