സജ്‌ന ഷാജിക്ക് ഐക്യദാര്‍ഢ്യവുമായി സന്തോഷ് കീഴാറ്റൂര്‍ ബിരിയാണി വില്‍ക്കും
text_fieldsകൊച്ചി: എറണാകുളത്ത് റോഡരികില്‍ ഭക്ഷണം വില്‍ക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഐക്യദാര്‍ഢ്യവുമായി ചലച്ചിത്ര നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍. സജ്‌ന ഷാജിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്തോഷ് കീഴാറ്റൂര്‍ ബിരിയാണി വില്‍ക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് ഇരുമ്പനത്താണ് സജ്‌ന ഷാജിക്കൊപ്പം സന്തോഷ് ബിരിയാണി വില്‍പനയില്‍ പങ്കാളിയാകുക.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് ചിലര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിക്കാനും എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശമാണെന്ന് ഓര്‍മ്മിപ്പിക്കാനുമാണ് പരിപാടിയില്‍ പങ്കാളിയാകുന്നതെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഭക്ഷണ വില്‍പന.
ഇരുമ്പനത്ത് റോഡരികിലാണ് സജ്‌ന ഷാജി ബിരിയാണി വില്‍പന നടത്തുന്നത്. ചിലര്‍ കച്ചവടം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. ഫേസ്ബുക്ക് ലൈവില്‍ എത്തി കരഞ്ഞ് സംഭവം അറിയിക്കുകയായിരുന്നു സജ്‌ന.
പിന്തുണയുമായി നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. നേരില്‍ വിളിച്ച് സഹായവും പൊലീസ് സുരക്ഷയും ഉറപ്പു നല്‍കിയതായും അടിയന്തിര സാമ്പത്തിക സഹായം നല്‍കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു.
സജ്‌ന ഷാജിക്ക് ബിരിയാണിക്കട തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് നടന്‍ ജയസൂര്യ അറിയിച്ചു.
സജ്‌നക്കെതിരായ അക്രമത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.