സനൂപ് വധം: വെട്ടുകത്തിയും ഇരുമ്പ് ദണ്ഡും കണ്ടെടുത്തു
text_fieldsഎരുമപ്പെട്ടി (തൃശൂർ): സി.പി.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സുജയ്കുമാര്‍, സുനീഷ് എന്നിവരെ പൊലീസ് ബുധനാഴ്ച സംഭവസ്ഥലമായ എയ്യാല്‍ ചിറ്റിലങ്ങാട് കൊണ്ടുവന്ന് തെളിവെടുത്തു.
ആക്രമിക്കാന്‍ ഉപയോഗിച്ച വെട്ടുകത്തിയും ഇരുമ്പ് ദണ്ഡും കണ്ടെടുത്തു. സംഭവസ്ഥലത്തുനിന്ന് 300 മീറ്റർ അകലെ ചിറ്റിലങ്ങാട് കുടിവെള്ള ടാങ്കിന് സമീപത്തെ പറമ്പിലാണ് പ്രതികള്‍ ആയുധം ഉപേക്ഷിച്ചിരുന്നത്. സംഭവസ്ഥലവും ഇവിടെനിന്ന് രക്ഷപ്പെട്ടതും ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളും പ്രതികൾ പൊലീസിന് കാണിച്ചുകൊടുത്തു.
അതേസമയം, ഒന്നാം പ്രതി ചിറ്റിലങ്ങാട് തറയില്‍ വീട്ടില്‍ നന്ദനന്‍ ഉപയോഗിച്ച കത്തി കണ്ടെടുക്കാനായിട്ടില്ല. റിമാൻഡില്‍ കഴിയുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തും. മൂന്നുപേരാണ് ഇപ്പോൾ പിടിയിലായത്. കൂട്ടുപ്രതികളായ ചിറ്റിലങ്ങാട് സ്വദേശികളായ അരണംകോട്ട് വീട്ടിൽ അഭയജിത്ത് (19), കരിമ്പനക്കൽ വീട്ടിൽ മര്വോൻ എന്ന് വിളിക്കുന്ന സതീഷ് (32), ശ്രീരാഗ് എന്നിവർ ഒളിവിലാണ്.

