തമിഴ്നാട്ടിൽ മാലിന്യം തള്ളിയ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി ശുചിത്വ മിഷൻ
text_fieldsതിരുവനന്തപുരം: കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള ബയോമെഡിക്കൽ മാലിന്യം തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ തിരുവനന്തപുരം ജില്ലയിലെ അജൈവമാലിന്യ ശേഖരണത്തിൽ ഏർപ്പെട്ടിരുന്ന സണ്ണേജ് ഇക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തി. മൂന്ന് വർഷത്തേക്ക് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് ശുചിത്വ മിഷൻ എക്സിക്ക്യൂട്ടിവ് ഡയറക്ടർ യു.വി.ജോസ് ഉത്തരവിറക്കിയത്.
ഏജൻസിയുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാറിന് ചിലവാക്കേണ്ടി വന്ന മുഴുവൻ തുകയും കമ്പനിയിൽ നിന്ന് ഈടാക്കാനും ഉത്തരവിൽ നിർദ്ദേശമുണ്ട്. തിരുന്നൽവേലി നെല്ലായിൽ കേരളം ബയോമെഡിക്കൽ മാലിന്യങ്ങൾ നിക്ഷേപിച്ചെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സുവോ മോട്ടോ കേസെടുത്തിരുന്നു.
ഇത് സംബന്ധിച്ച് തമിഴ്നാട് സർക്കാറിൻെറയും, കേരള മലിനീകരണ നിയന്ത്രണ ബോർഡിൻെറയും അന്വേഷണത്തിൽ സണ്ണേജ് ഇക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ് മാലിന്യം നിക്ഷേപിച്ചതെന്ന് കണ്ടെത്തിയിരുന്നു. പൊതുസ്ഥലത്ത് ഇത്തരത്തിൽ അപകടകരമായ മാലിന്യം തള്ളിയതിനുള്ള വിശദീകരണം മൂന്ന് ദിവസത്തിനുള്ളിൽ രേഖാമൂലം നൽകണമെന്ന ശുചിത്വ മിഷൻെറ കാരണം കാണിക്കൽ നോട്ടീസിനോടും ഏജൻസി പ്രതികരിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ഏജൻസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവിറക്കിയതെന്ന് ശുചിത്വ മിഷൻ എക്സിക്ക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

