
ഭക്തര്‍ക്ക് പാദങ്ങള്‍ സാനിറ്റൈസ് ചെയ്യാൻ സൗകര്യം; ശബരിമലയിലേത് കുറ്റമറ്റ കോവിഡ് സുരക്ഷാ ക്രമീകരണം
text_fieldsശബരിമല: തീർഥാടകരുടെ എണ്ണം നിയന്ത്രിച്ചതിനൊപ്പം സന്നിധാനത്ത് ഒരുക്കിയത് മികച്ച കോവിഡ് സുരക്ഷാ ക്രമീകരണം. മലകയറി വരുന്ന ഭക്തര്‍ക്ക് പാദങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ സൗകര്യമാണ് സംവിധാനങ്ങളിൽ പ്രധാനം.
വലിയ നടപ്പന്തലിനു മുമ്പ് ഒഴുകുന്ന വെള്ളത്തില്‍ പാദം കഴുകി വൃത്തിയാക്കാന്‍ സാധിക്കും. തുടർന്ന് സെന്‍സറോടുകൂടി സ്ഥാപിച്ച ഹാന്‍ഡ് സാനിറ്റൈസറിൽ കൈ ശുചിയാക്കി കാല് അണുമുക്തമാക്കാൻ സാനിെറ്റെസര്‍ നിറച്ച ചവിട്ടിയിലേക്കാണ്.
പതിനെട്ടാംപടിക്ക് മുന്നിലും ഹാന്‍ഡ് സാനിറ്റൈസറും കാല് ശുചിയാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 40 സ്ഥലങ്ങളില്‍ പെഡസ്ട്രിയല്‍ ടൈപ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നെയ്യ് തേങ്ങ സ്വീകരിക്കുന്ന സ്ഥലം, സ്റ്റാഫ് ഒണ്‍ലി ഗേറ്റ്, എക്സി. ഓഫിസിനു മുന്‍വശം എന്നിവിടങ്ങളില്‍ സെന്‍സറുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ശൗചാലയങ്ങള്‍ ഓരോ വ്യക്തികള്‍ ഉപയോഗിച്ചു കഴിയുമ്പോഴും അണുമുക്തമാക്കുന്നുണ്ട്. ടാപ്, ഡോര്‍ ഹാന്‍ഡില്‍ എന്നിവിടങ്ങൾ ക്ലോറിനേറ്റ് ചെയ്യും. അന്നദാന മണ്ഡപം, ദേവസ്വം മെസ്, പൊലീസ് മെസ്, ഭണ്ഡാരം എന്നിവിടങ്ങളില്‍ ഹൈഡ്രജന്‍ പെറോക്സൈഡ്, സില്‍വര്‍ നൈട്രേറ്റ് സൊലൂഷന് ഉപയോഗിച്ച് ദിവസവും രാത്രി ഫോഗ് ചെയ്ത് അണുമുക്തമാക്കുന്നു. തിരുമുറ്റം, ലോവര്‍ തിരുമുറ്റം, പതിനെട്ടാംപടി നട, മാളികപ്പുറം തിരുമുറ്റം, അപ്പം-അരവണ കൗണ്ടര്‍, വലിയനടപ്പന്തല്‍, കെ.എസ്.ഇ.ബി എന്നിവിടങ്ങളിലും അഗ്നിരക്ഷാസേന അണുമുക്തമാക്കുന്നുണ്ട്.
തീര്‍ഥാടകര്‍ക്ക് സമൂഹ അകലം ഉറപ്പുവരുത്താന്‍ സന്നിധാനത്ത് മാര്‍ക്കിങ് സംവിധാനവും ഏര്‍പ്പെടുത്തി. വലിയ നടപ്പന്തല്‍, അപ്പം, അരവണ, ആടിയ ശിഷ്ടം നെയ്യ്, പ്രസാദ കൗണ്ടറുകള്‍, സന്നിധാനം, തിരുമുറ്റം, മാളികപ്പുറം തിരുമുറ്റം എന്നിവിടങ്ങളിലാണ് മാര്‍ക്ക് ചെയ്തിട്ടുള്ളത്. തീർഥാടകരുടെ പമ്പാ സ്നാനം ഒഴിവാക്കി പകരം ത്രിവേണിയില്‍ പ്രത്യേക ഷവര്‍ സംവിധാനവും ഏര്‍പ്പെടുത്തി.