പഠന ബോർഡുകളിലും പിടിമുറുക്കാൻ സംഘ്പരിവാർ; രാജ്ഭവൻ നോമിനേഷൻ വഴിയാണ് നീക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ഭരണത്തിൽ പിടിമുറുക്കാനുള്ള നീക്കത്തിന് പിന്നാലെ പഠന ബോർഡുകളും ലക്ഷ്യമിട്ട് രാജ്ഭവൻ വഴി സംഘ്പരിവാർ നീക്കം. പഠന ബോർഡുകളുടെ നിയന്ത്രണം കൈയിലാക്കുന്നത് വഴി പാഠ്യപദ്ധതിയിലും ഇടപെടാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. എം.ജി, കണ്ണൂർ സർവകലാശാലകളിൽ പഠന ബോർഡുകളിലേക്കുള്ള നാമനിർദേശാധികാരം ചാൻസലറായ ഗവർണർക്കാണ്. ഗവർണർ വഴി സർവകലാശാലകളുടെ പഠന ബോർഡുകളിൽ സംഘ്പരിവാർ അനുകൂലികളെ തിരുകിക്കയറ്റാനുള്ള നീക്കമാണ് നടക്കുന്നത്. എം.ജി സർവകലാശാലയിൽ ഇതിനകം പല പഠന ബോർഡുകളുടെയും മൂന്ന് വർഷ കാലാവധി പൂർത്തിയായിട്ടുണ്ട്.
പഠന ബോർഡ് പുനഃസംഘടിപ്പിക്കുന്നതിനുള്ള ശിപാർശ സമർപ്പിക്കാൻ നിർദേശിച്ച് രാജ്ഭവൻ രണ്ട് തവണ സർവകലാശാലക്ക് കത്തയച്ചിട്ടുണ്ട്. സർവകലാശാലകൾ മുൻകൈയെടുത്ത് ചെയ്യേണ്ട പുനഃസംഘടനയിൽ രാജ്ഭവൻ താൽപര്യമെടുക്കുന്നതിന്റെ ഉദ്ദേശം മറ്റൊന്നുമല്ല. ഏതാനും ദിവസം മുമ്പാണ് കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റിലേക്ക് നാല് ബി.ജെ.പി നോമിനികളെ ഗവർണർ നാമനിർദേശം ചെയ്തത്. വെറ്ററിനറി സർവകലാശാലയുടെ മാനേജ്മെന്റ് കൗൺസിലിലേക്ക് നാല് ബി.ജെ.പി നോമിനികളെ ഗവർണർ നാമനിർദേശം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് വിവിധ സർവകലാശാലകളിലെ പഠന ബോർഡുകൾ ലക്ഷ്യമിട്ടുള്ള നീക്കം. സർവകലാശാലകളിൽ ഓരോ വിഷയ മേഖലയുടെയും പാഠ്യപദ്ധതിയും പാഠപുസ്തകവും തയാറാക്കാൻ നേതൃത്വം നൽകുന്നത് ബന്ധപ്പെട്ട വിഷയത്തിലെ പഠന ബോർഡുകളാണ്. ഇതര സർവകലാശാലകളിൽ മിക്കതിലും അക്കാദമിക് കൗൺസിലിലേക്ക് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്കാണ് ഭൂരിപക്ഷമെങ്കിൽ എം.ജി, കണ്ണൂർ പഠന ബോർഡുകളിലേക്കുള്ള നാമനിർദേശം ഗവർണറാണ് നടത്തേണ്ടത്.
സർവകലാശാല നിയമത്തിലെയും ചട്ടത്തിലെയും ഈ വ്യവസ്ഥ ഉപയോഗിച്ചാണ് സംഘ്പരിവാർ നോമിനികളെ പഠന ബോർഡുകളിൽ എത്തിക്കാനുള്ള പദ്ധതി ഒരുങ്ങുന്നത്. പഠന ബോർഡുകളിലെ അംഗത്വം വാഗ്ദാനം ചെയ്ത് ബി.ജെ.പി അനുകൂല അധ്യാപക സംഘടന കോളജുകളിൽ അംഗത്വം വർധിപ്പിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. കാലടി സർവകലാശാലയിലേക്ക് നാമനിർദേശം ചെയ്ത നാലുപേരിൽ രണ്ടുപേരും എൻ.എസ്.എസ് മാനേജ്മെന്റിന് കീഴിലുള്ള കോളജുകളിലെ അധ്യാപകരും ഒരാൾ ആലപ്പുഴ സനാധന ധർമ കോളജ് അധ്യാപകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

