സംഘപരിവാര്‍ നേതാവ് പി.പി. മുകുന്ദന് അന്തരിച്ചു
text_fieldsകൊച്ചി: മുതിർന്ന സംഘ്പരിവാര്‍ നേതാവും ബി.ജെ.പി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി. മുകുന്ദന് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ എട്ടേകാലോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗമായിരുന്നു. ആർ.എസ്.എസിൽനിന്നാണ് ബി.ജെ.പിയുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്.
ബി.ജെ.പിയുടെ കേരള കടിഞ്ഞാണ്‍ ഒരുകാലത്ത് മുകുന്ദന്റെ കൈയിലായിരുന്നു. 1980-90ൽ സംസ്ഥാനത്ത് ബി.ജെ.പി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 1966 മുതല്‍ 2007 വരെ 41 വര്‍ഷം രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പ്രചാരകായിരുന്നു. 1946 ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ മണത്തലയില്‍ നടുവില്‍ വീട്ടില്‍ കൃഷ്ണന്‍നായരുടെയും കുളങ്ങരയ്യത്ത് കല്യാണിയമ്മയുടെയും മകനായാണ് ജനനം. മണത്തല യു.പി സ്കൂള്‍, പേരാവൂര്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ഹൈസ്കൂള്‍ പഠനകാലത്താണ് ആർ.എസ്.എസിൽ ആകൃഷ്ടനാകുന്നത്. മണത്തലയിൽ ആർ.എസ്.എസ് ശാഖ ആരംഭിച്ചപ്പോള്‍ സ്വയംസേവകനായി. 1965ല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകും. 1972ല്‍ തൃശൂര്‍ ജില്ല പ്രചാരകായും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 21 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. അടിയന്തരാവസ്ഥ പിന്‍വലിച്ച് രണ്ടുമാസത്തിനുശേഷം ജയില്‍മോചിതനായി. കോഴിക്കോട്ടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പര്‍ക്ക പ്രമുഖായും കാല്‍നൂറ്റാണ്ട് പ്രവര്‍ത്തിച്ചു.
തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ നടത്തിയ ഹിന്ദുസംഗമത്തോടുകൂടിയാണ് മുഖ്യധാരയിലെത്തിയത്. ഡോ. മുരളി മനോഹര്‍ ജോഷി നയിച്ച ഏകതായാത്രയുടെ കേരളത്തിലെ മുഖ്യസംഘാടകനായിരുന്നു. 1991ല്‍ ബി.ജെ.പി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത് തുടർന്നു. 1988 മുതല്‍ 1995 വരെ ബി.ജെ.പി മുഖപത്രം ‘ജന്മഭൂമി’യുടെ മാനേജിങ് ഡയറക്ടറായിരുന്നു. ഇടക്കാലത്ത് 10 വർഷത്തോളം സജീവ രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്ന മുകുന്ദന് 2022 ഓടെ ബി.ജെ.പിയിലേക്ക് തിരികെയെത്തിയിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, പി.പി. ഗണേശൻ, പി.പി. ചന്ദ്രൻ
മുകുന്ദന്റെ ഭൗതികശരീരം ആർ.എസ്.എസ് സംസ്ഥാന കാര്യാലയമായ എറണാകുളം എളമക്കര മാധവ നിവാസില്‍ ഉച്ചക്ക് രണ്ടുവരെ പൊതുദർശനത്തിന് വെച്ചശേഷം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോയി. തൃശൂർ, കോഴിക്കോട്, തലശ്ശേരി അടക്കം വിവിധയിടങ്ങളിലും പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം പേരാവൂർ മണത്തലയിലെ വീട്ടുവളപ്പിൽ.

