'സംഘികൾ അന്വേഷിച്ച് വീട്ടുപടിക്കൽ വരെ എത്തിയിരിക്കുകയാണ്'; ടി.എസ് ശ്യാംകുമാറിന് നേരെ സംഘ്പരിവാർ അധിക്ഷേപം
text_fieldsതിരുവനന്തപുരം: ദലിത് ചിന്തകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ.ടി.എസ്. ശ്യാംകുമാറിന് നേരെ സംഘ്പരിവാർ അധിക്ഷേപമെന്ന് പരാതി.
വീട്ടുപടിക്കൽ ഹെൽമറ്റ് വെച്ച് എത്തിയയാൾ അധിക്ഷേപ വാക്കുകൾ ചൊരിയുകയും ഓടി മറയുകയും ചെയ്തതായി ശ്യാംകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സംഘ്പരിവാറാണ് ഇതിന് പിന്നിലെന്നും പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും ശ്യാം കുമാർ പറഞ്ഞു.
'സംഘികൾ അന്വേഷിച്ച് വീട്ടുപടിക്കൽ വരെ എത്തിയിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോൺടാക്ട് നമ്പർ അന്വേഷിച്ചാണ് വന്നതെങ്കിൽ, ഇന്ന് കാലത്ത് വീണ്ടും അതേ ആൾ എത്തുകയും മുഖം വ്യക്തമാകാതെയിരിക്കാൻ ഹെൽമറ്റ് വച്ച് മറച്ച് അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞ് ഓടി മറയുകയും ചെയ്തു.'- ശ്യാം കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
സംഘ്പരിവാർ വിമർശകനായ ടി.എസ്.ശ്യാകുമാറിന് നേർക്ക് നേരെത്തെയും ആക്രമണങ്ങൾ ഉണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപാണ് സനാതനധർമത്തെ കുറിച്ച് സി.പി. എം സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ച് ഇറങ്ങവേ ഹിന്ദുത്വവാദികൾ ആക്രമിച്ചത്. തമിഴ്നാട് കന്യാകുമാരിക്ക് സമീപം കുഴിത്തുറയിലാണ് ആക്രമണം നടന്നത്.
സനാതനധർമത്തെ കുറിച്ചുള്ള സെമിനാറിൽ സംസാരിച്ച് ഇറങ്ങവെ ഹിന്ദുത്വ വാദികൾ റോഡിൽ തടയുകയും ഡോ. ശ്യാംകുമാറിനെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.
നേരത്തെ, 'മാധ്യമ'ത്തിൽ രാമായണത്തെ കുറിച്ച് ഡോ. ടി.എസ്. ശ്യാം കുമാർ എഴുതിയ ലേഖനപരമ്പര ഹിന്ദുവിരുദ്ധമെന്നാക്ഷേപിച്ച് വ്യാപക സൈബർ ആക്രമണമുണ്ടായിരുന്നു. കർക്കിടക മാസത്തിൽ മാധ്യമം ദിനപത്രത്തിൽ ഖണ്ഡശ്ശ അച്ചടിച്ച് വന്നുകൊണ്ടിരുന്ന ലേഖനത്തെ എടുത്ത് കാണിച്ചുകൊണ്ട് ഹിന്ദുക്കളെയും, ആരാധനാമൂർത്തിയായ രാമനെയും അവഹേളിച്ചു എന്ന രീതിയിലുള്ള പ്രചാരണമാണ് ഹിന്ദുത്വവാദികളുടെ പ്രചാരണം.
ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്തതിന് ഡോ. ടി.എസ്. ശ്യാംകുമാറിനെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങളും ഭീഷണിയുമാണ് അടുത്തിടെയുണ്ടായത്. വധഭീഷണിയെതുടർന്ന് ഡോ. ശ്യാംകുമാർ സംസ്ഥാന പട്ടികജാതി കമീഷനും വീയപുരം പൊലീസിലും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് കമീഷൻ ഇടപെടുകയും ഡി.ജി.പിയോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ആലപ്പുഴ വീയപുരം സ്വദേശിയാണ് ഡോ. ശ്യാംകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

