സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: വിവരങ്ങൾ പി.വി. അന്വറിന് ചോര്ത്തിയ ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: നിലമ്പൂർ മുൻ എം.എൽ.എ പി.വി.അന്വറിന് വിവരം ചോര്ത്തിനല്കിയതിന് ഡിവൈ.എസ്.പി എം.ഐ. ഷാജിയെ സർവിസിൽ നിന്ന് സസ്പെന്ഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്ട്ട് ഉള്പ്പെടെ ചോര്ത്തിയെന്ന ഇന്റലിജന്സ് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണം ചില ഉദ്യോഗസ്ഥര് അട്ടിമറിച്ചെന്ന് അന്വര് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കൊടുത്ത രഹസ്യറിപ്പോര്ട്ടില് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാല്, ഉദ്യോഗസ്ഥര്ക്ക് ബി.ജെ.പി ബന്ധമുണ്ടെന്നും നടപടിയൊന്നുമുണ്ടായില്ലെന്നും അന്വര് ആരോപിച്ചു.
തുടർന്നാണ്, ക്രൈംബ്രാഞ്ച് നല്കിയ രഹസ്യറിപ്പോര്ട്ട് അന്വറിന് ലഭിച്ചതിനെക്കുറിച്ച് ഇന്റലിജന്സ് വിഭാഗം അന്വേഷിച്ചത്. ക്രൈംബ്രാഞ്ചില് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ഐ. ഷാജിയാണ് വിവരം ചോര്ത്തിനല്കിയതെന്ന് കണ്ടെത്തി.
അന്വറുമായി ഷാജി ഫോണില് ബന്ധപ്പെട്ടിരുന്നെന്നും നേരില് കണ്ടെന്നും ഇന്റലിജന്സ് ഡി.ജി.പിക്ക് റിപ്പോര്ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള് നടപടിയെടുത്തത്. തിരുവനന്തപുരത്ത് കണ്ട്രോള് റൂമില് ജോലി ചെയ്തിരുന്ന ഷാജിയെ നേരത്തേ കാസര്കോട്ടേക്ക് മാറ്റിയിരുന്നു.
മദ്യപിച്ച് വാഹനമോടിച്ച സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി അനില്കുമാറിനെയും ഇതോടൊപ്പം സസ്പെന്ഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

