‘സംസ്ഥാന ഭാരവാഹി പട്ടികയിൽ ചേച്ചി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്, നിങ്ങൾക്ക് കേന്ദ്ര പദവികളിലാണ് താല്പര്യമെങ്കിൽ അങ്ങനെയൊന്ന് കിട്ടട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാർഥിക്കുന്നു’, പത്മജക്ക് തുറന്ന കത്തുമായി സന്ദീപ് വാര്യർ
text_fieldsതിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനഭാരവാഹി പട്ടികയിൽ പത്മജ വേണുഗോപാലിനെ തഴഞ്ഞതിന് പിന്നാലെ ഇക്കാര്യത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പുതിയ ഭാരവാഹി പട്ടികയിൽ പത്മജ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചതെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിൽ ജനങ്ങൾക്കിടയിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തനമായിരുന്നു താല്പര്യമെങ്കിൽ തീർച്ചയായും സംസ്ഥാന ഭാരവാഹിത്വം അത്യാവശ്യമായിരുന്നു. ചേച്ചിക്ക് കേന്ദ്ര പദവികളിലാണ് താല്പര്യമെങ്കിൽ പണ്ട് യു.ഡി.എഫ് ഭരണകാലത്ത് കെ.ടി.ഡി.സി ചെയർപേഴ്സൺ ആയതുപോലെ, രാഷ്ട്രീയപദവി ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. അങ്ങനെ ഒരു പദവി ചേച്ചിക്ക് കിട്ടട്ടെ എന്ന് ഞാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നുവെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
ഞാൻ 2019ൽ മാത്രം ബി.ജെ.പിയിലേക്ക് കടന്നുവരികയും സൂത്രപ്പണിയിലൂടെ മുകളിൽ എത്തുകയും ചെയ്ത ആളാണെന്ന് ചേച്ചി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു. എന്നാൽ, പുതിയ പോസ്റ്റിൽ എന്റെ 20 വർഷക്കാലത്തെ ബി.ജെ.പി പ്രവർത്തനം അംഗീകരിച്ചതിലും തെറ്റുതിരുത്തിയതിലും സന്തോഷമുണ്ട്. എന്നെ ഹാർദവമായാണ് യു.ഡി.എഫ് സ്വീകരിച്ചത്. കോൺഗ്രസിൽ ചേർന്നതിന് ശേഷം എല്ലാ പരിപാടികളിലും സമരങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തിട്ടുണ്ട്. പിണറായിക്കെതിരായ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ സമരങ്ങളിൽ താൻ എപ്പോഴും പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷക്കാലത്തിൽ അധികമായി ബിജെപി അംഗമായ ചേച്ചി , സംസ്ഥാന സർക്കാരിനെതിരായ ഒരു സമരത്തിലെങ്കിലും പങ്കെടുത്ത് ജലപീരങ്കിയിൽ നിന്ന് ഒരു തുള്ളി വെള്ളമെങ്കിലും ദേഹത്ത് വീണിട്ടുണ്ടോയെന്നും സന്ദീപ്‍ വാര്യർ ചോദിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
പ്രിയപ്പെട്ട പത്മജ ചേച്ചിക്ക്,
കത്ത് കിട്ടി. ചേച്ചിക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. പുതിയ സംസ്ഥാന ഭാരവാഹി പട്ടികയിൽ ചേച്ചി ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. കേരളത്തിൽ ജനങ്ങൾക്കിടയിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തനമായിരുന്നു താല്പര്യമെങ്കിൽ തീർച്ചയായും സംസ്ഥാന ഭാരവാഹിത്വം അത്യാവശ്യമായിരുന്നു. ചേച്ചിക്ക് കേന്ദ്ര പദവികളിലാണ് താല്പര്യമെങ്കിൽ , പണ്ട് യുഡിഎഫ് ഭരണകാലത്ത് കെടിഡിസി ചെയർപേഴ്സൺ ആയതുപോലെ.. രാഷ്ട്രീയപദവി ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. അങ്ങനെ ഒരു പദവി ചേച്ചിക്ക് കിട്ടട്ടെ എന്ന് ഞാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.
ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടേണ്ട കാര്യമില്ല എന്ന് കരുതി ചേച്ചിയെ പോലെ മാറിനിൽക്കാൻ എനിക്ക് കഴിയില്ല എന്നുള്ളതാണ് പ്രശ്നം. ഞാനൊരു സാധാരണ കുടുംബത്തിൽ ,ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന ആളാണ്. ചെറുപ്പം തൊട്ടേ രാഷ്ട്രീയ പ്രവർത്തനം നടത്തി പടിപടിയായി ബിജെപിയുടെ വിവിധ തലങ്ങളിൽ എത്തിയതാണ്. അവിടെ ഉണ്ടായ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിൽ , മാനവിക വിരുദ്ധമായ സംഘപരിവാർ പ്രത്യയശാസ്ത്രത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് ഉപേക്ഷിച്ചു കൊണ്ടാണ് ഞാൻ മതനിരപേക്ഷ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നുവന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നുവന്ന നിമിഷം മുതൽ ഞാനനുഭവിക്കുന്ന സന്തോഷവും സമാധാനവും എറണാകുളത്ത് മനോരമ ഓഫീസിൽ വച്ച് കണ്ടപ്പോൾ പറഞ്ഞിരുന്നത് ഓർമ്മയുണ്ടാകുമല്ലോ. കോൺഗ്രസിൽ ഞാൻ പൂർണ്ണമായും സംതൃപ്തനാണ്. കൂടാതെ യുഡിഎഫിലെ മറ്റ് പാർട്ടികളിലെ പ്രവർത്തകരും എന്നെ നെഞ്ചോട് ചേർത്തിട്ടുണ്ട്. അതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. എന്നെ സഹപ്രവർത്തകനായല്ല കൂടപ്പിറപ്പായാണ് യുഡിഎഫ് പ്രവർത്തകർ പരിഗണിക്കുന്നത്.
ചേച്ചിയുടെ കത്തിലെ ഒരു വാചകം എന്നെ വല്ലാതെ ഹർഷപുളകിതനാക്കി. ചേച്ചി തെറ്റു തിരുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. കുറച്ചു മാസങ്ങൾക്കു മുൻപ് ചേച്ചി എനിക്കെതിരെ ആരോ എഴുതിത്തന്ന ഒരു പോസ്റ്റ് ഇട്ടിരുന്നതിൽ ഞാൻ 2019 ൽ മാത്രം ബിജെപിയിലേക്ക് കടന്നു വരികയും സൂത്രപ്പണിയിലൂടെ മുകളിൽ എത്തുകയും ചെയ്ത ആളാണെന്ന് പറഞ്ഞിരുന്നു. ഈ പോസ്റ്റിൽ എൻറെ 20 വർഷക്കാലത്തെ ബിജെപി പ്രവർത്തനത്തെ അംഗീകരിച്ചതിലും തെറ്റ് തിരുത്തിയതിലും എനിക്ക് നന്ദിയുണ്ട്.
കോൺഗ്രസിൽ വന്നതിനുശേഷം കോൺഗ്രസിന്റെ എല്ലാ പരിപാടികളിലും സമരങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും മുന്നിൽ നിന്നിട്ടുണ്ട്. പിണറായി സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്ന പോരാട്ടങ്ങളിൽ പ്രവർത്തകർക്കൊപ്പം നിലകൊള്ളാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്.
ചേച്ചിയോട് ഒരു കാര്യം ചോദിക്കട്ടെ. ഒരു വർഷക്കാലത്തിൽ അധികമായി ബിജെപി അംഗമായ ചേച്ചി , സംസ്ഥാന സർക്കാരിനെതിരായ ഒരു സമരത്തിലെങ്കിലും പങ്കെടുത്ത് ജലപീരങ്കിയിൽ നിന്ന് ഒരു തുള്ളി വെള്ളമെങ്കിലും ദേഹത്ത് വീണിട്ടുണ്ടോ ? ഒരു സമരപ്രക്ഷോഭത്തിൽ എങ്കിലും ബിജെപി പ്രവർത്തകരോടൊപ്പം അറസ്റ്റ് വരിച്ചിട്ടുണ്ടോ ? കേസിൽ പ്രതിയായിട്ടുണ്ടോ ? ചേച്ചി മാത്രമല്ല, അധികാര പക്ഷത്തുള്ളതിൻ്റെ പേരിൽ മാത്രം ബിജെപിയിൽ ഭാഗ്യന്വേഷികളായി എത്തിയ ദേശീയ മുസ്ലിം അബ്ദുള്ളക്കുട്ടി, അനിൽ ആൻറണി, ടോം വടക്കൻ... ഇവരിൽ ആരെങ്കിലും ബിജെപിയുടെ കൊടിയെടുത്ത് സമരം ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടോ ? സാധാരണ പ്രവർത്തകർക്കൊപ്പം ജലപീരങ്കിയോ പോലീസ് മർദ്ദനമോ ഏറ്റുവാങ്ങിയോ ? ഇല്ലല്ലോ... എനിക്ക് അഭിമാനത്തോടെ പറയാൻ പറ്റും ഞാൻ നിങ്ങളെ പോലെ വർക്ക് ഫ്രം ഹോം അല്ല. വർക്ക് ഫ്രം ഫീൽഡ് ആണ്...
ഞാൻ നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനമാണ്. അതുകൊണ്ടുതന്നെ നിരന്തരം രാഷ്ട്രീയ പ്രതികരണങ്ങൾ ഉണ്ടാകും. അതാത് ദിവസത്തെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ ഞാൻ കൃത്യമായി എന്റെ പ്രതികരണം രേഖപ്പെടുത്തും. എല്ലാകാലത്തും അങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളത്.
ഞാൻ നടത്തിയ ഏത് പ്രതികരണമാണ് ചേച്ചിയെ പ്രകോപിപ്പിച്ചത് എന്ന് സൂചിപ്പിച്ചാൽ അതിനുള്ള മറുപടി കൃത്യമായി തരാമായിരുന്നു. പാക്കിസ്ഥാൻ ചാര വനിതയെ പി ആർ വർക്കിന് വേണ്ടി വന്ദേ ഭാരത് ഉദ്ഘാടന ദിവസം കാസർകോട് എത്തിച്ച സംഭവത്തിന്റെ പേരിൽ ഞാൻ നടത്തിയ പ്രതികരണമാണെങ്കിൽ അതിൽ എന്താണ് തെറ്റുള്ളത് ? മറ്റുള്ളവർക്ക് മുഴുവൻ രാജ്യദ്രോഹ ചാപ്പയടിക്കുന്ന ബിജെപി നേതാക്കൾ പാക്ക്ചാര വനിതയ്ക്ക് റെഡ് കാർപെറ്റ് വെൽക്കം നൽകിയത് തുറന്നു കാണിക്കുക തന്നെ വേണ്ടേ ?
എന്തായാലും കോൺഗ്രസിലെ എൻ്റെ ഭാവി സംബന്ധിച്ച് ചേച്ചിക്ക് ആശങ്ക വേണ്ട. കാരണം ഞാൻ പൊതുപ്രവർത്തകനാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവനാണ്. സ്വന്തം കഴിവിലും പ്രവർത്തനത്തിലും ആത്മവിശ്വാസമുള്ളവനാണ്. റെക്കമെന്റേഷനിൽ അല്ല മെറിറ്റിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി ശീലിച്ചവനാണ്. ചേച്ചിക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു. നല്ല ഭാവി ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

