അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ സന്ദീപ് വാര്യർക്ക് മുൻകൂർ ജാമ്യം
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് മുൻകൂർ ജാമ്യം. ഫേസ്ബുക്ക് അക്കൗണ്ട് ഉടമ രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി എസ്. നസീറയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ സന്ദീപ് വാര്യർ നാലാം പ്രതിയാണ്. പത്തനംതിട്ട മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. അഡ്വ. ദീപ ജോസഫാണ് രണ്ടാം പ്രതിയാണ്. അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു.
യുവതിയുടെ വ്യക്തി വിവരങ്ങൾ ബോധപൂർവ്വം പുറത്തു വിട്ടിട്ടില്ലെന്ന് സന്ദീപ് വാര്യര്‍ കോടതിയിൽ വ്യക്തമാക്കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, സമാനമായ കേസുകൾ ഉണ്ടാകരുത് എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഹരജിയിൽ അന്തിമ തീരുമാനം വരുന്നവരെ രണ്ടു പ്രതികളുടെയും അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.
അതിജീവിതയുടെ ചിത്രം സന്ദീപിന്‍റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലുമായിബന്ധപ്പെട്ട പുതിയ കേസിന്‍റെ സാഹചര്യത്തിൽ, സന്ദീപ് ഒരു കുറിപ്പിലൂടെ ഈ വിവരം പങ്കുവെച്ചിരുന്നു. വിവാദമായതോടെ ചിത്രം നീക്കംചെയ്യുകയായിരുന്നു.
ഇന്നലെ വാദം പൂർത്തിയായതിനെത്തുടർന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നും നിയമപരമായി നേരിടുമെന്നും ജാമ്യം ലഭിച്ചതിന് ശേഷം സന്ദീപ് വാര്യർ പ്രതികരിച്ചു.
അതേസമയം, അതിജീവിതയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഈയിടെ ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയാണ് അറസ്റ്റിലായി 16ാമത്തെ ദിവസം ജാമ്യമനുവദിച്ചത്. നേരത്തെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ചുള്ള പോസ്റ്റുകൾ പിൻവലിക്കാമെന്ന് രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞിരുന്നു. അതിജീവിതികൾക്കെതിരെ ഇനി പോസ്റ്റിടില്ലെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കിയിരുന്നു. ഇട്ട പോസ്റ്റുകളെല്ലാം പിൻവലിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

