സന്ദീപ് വാര്യരുടെ റോഡ് ഷോയിൽ സംഘർഷം: 180 പേർക്കെതിരെ കേസ്
text_fieldsപടന്ന: പടന്ന കടപ്പുറത്ത് സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെയുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 180 പേർക്കെതിരെ പൊലീസ് കേസെടുത്തു. 100 യു.ഡി.എഫ് പ്രവർത്തകർക്കും 80 സി.പി.എം പ്രവർത്തകർക്കുമെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പടന്ന കടപ്പുറത്ത് സന്ദീപ് വാര്യരുടെ പര്യടനത്തിനിടെ വാഹനങ്ങൾ റോഡ് തടസ്സപ്പെടുത്തിയത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇരുവിഭാഗവും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് കല്ലേറിലേക്ക് മാറുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. സംഭവത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസായ പി.പി. ദാമോദരൻ സ്മാരക മന്ദിരത്തിന് നേരെ ആക്രമണമുണ്ടായി. ഓഫിസ് അടിച്ചുതകർത്തതായും പരാതിയുണ്ട്.
തുടർന്നുണ്ടായ ലാത്തിച്ചാർജിലും നിരവധി പേർക്ക് പരിക്കേറ്റു. എൽ.ഡി.എഫ് പ്രവർത്തകരായ പി.വി. മധു, പി.കെ. കുഞ്ഞികൃഷ്ണൻ, എ.വി. സുനിത, എ.വി. ശ്രീരാഗ്, സി. ശ്രീരാഗ്, ടി. ശരത് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.ഡി.എഫ് പ്രവർത്തകർ മനഃപൂർവം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

