'ഫെഡറൽ ബാങ്കിന്റെ ഉന്നതതല ഇടപെടൽ, അമ്മക്കെതിരായ നടപടി നിർത്തിവെച്ചു, രാവിലെ മുതൽ ക്ഷേത്രനടയിൽ കരഞ്ഞിരുന്ന അമ്മ ആശ്വാസവുമായി മടങ്ങി'; സന്ദീപ് വാര്യർ
text_fieldsപാലക്കാട്: ഭർത്താവ് മരണപ്പെടുന്നതിന് മുൻപ് കടയുടെ പേരിലെടുത്ത മുദ്രലോൺ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് വയോധികയെ ബാങ്കുകാർ ഭീഷണിപ്പെടുത്തുന്ന വിവരം കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഫെഡറൽ ബാങ്ക് ചെറുപ്പുളശ്ശേരി ബ്രാഞ്ചിനെതിരെയാണ് ആരോപണം ഉന്നയിച്ചത്. ജോലിയോ വരുമാനമോ ഇല്ലാത്ത വയോധികയെ ഇനിയും ദ്രോഹിച്ചാൽ ബാങ്കിന് മുന്നിൽ കുത്തിയിരിക്കുമെന്ന് സന്ദീപ് മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാൽ, പ്രശ്നം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട് രണ്ടാം ദിവസം പരിഹരിക്കപ്പെട്ടുവെന്ന സന്തോഷവാർത്തയും സന്ദീപ് ഫേസ്ബുക്കിൽ പങ്കുവെച്ചു. ഫെഡറൽ ബാങ്കിന്റെ ഉന്നത തലത്തിൽ നിന്നുള്ള ഇടപെടലിനെ തുടർന്നാണ് അവർക്കെതിരായ നടപടികൾ നിർത്തിവെച്ചതെന്നും 'അമ്മ' ആശ്വാസത്തോടെ മടങ്ങിയെന്നും സന്ദീപ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
"ഇന്ന് ഫെഡറൽ ബാങ്ക് ഉന്നത തലത്തിൽ നിന്നും ഇടപെട്ട് ആ അമ്മക്കെതിരെയുള്ള നടപടികൾ നിർത്തിവച്ചു. ഇന്ന് രാവിലെ മുതൽ ക്ഷേത്രനടയിൽ കരഞ്ഞിരുന്ന അമ്മ ഇപ്പോഴാണ് ആശ്വാസവുമായി മടങ്ങിയത്."- എന്നാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്.
ആരോപണം ഉന്നയിച്ച് രണ്ടുദിവസം മുൻപ് സന്ദീപ് വാര്യർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്
"ഇന്ന് പ്രായമായ ഒരു അമ്മ ഫോൺ വിളിച്ചു. ഏതാനും വർഷം മുമ്പ് അവരുടെ ഭർത്താവ് മരിച്ചതാണ്. ആ സമയത്തൊക്കെ എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തിട്ടുണ്ട്. അവരുടെ ഭർത്താവ് ചെറുപ്പുളശ്ശേരി ഫെഡറൽ ബാങ്കിൽനിന്ന് മുദ്രാ വായ്പ എടുത്ത് ഒരു കട നടത്തിയിരുന്നു. കോവിഡ് സമയത്ത് ദൗർഭാഗ്യവശാൽ കച്ചവടം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് കുറച്ചുകാലത്തിനുശേഷം അസുഖബാധിതനായി അദ്ദേഹം മരണപ്പെട്ടു. അവർക്ക് വേറെ സ്വത്ത് വഹകൾ ഒന്നുമില്ല. കടയുടെ പേരിലാണ് മുദ്രാവായ്പ എടുത്തിരുന്നത്. 6 ലക്ഷത്തിലധികം രൂപ തിരിച്ചടച്ചിട്ടുണ്ട്.
ഭർത്താവ് എടുത്ത മുദ്രാവായ്പ തിരിച്ചടയ്ക്കാൻ ഈ അമ്മയ്ക്ക് ജോലിയോ മറ്റു വരുമാനങ്ങളോ ഇല്ല. ബാങ്കിന് തിരിച്ചുപിടിക്കാൻ ഇവർക്ക് യാതൊരു സ്വത്തുക്കളും ഇല്ല . പെൺമക്കളുടെ വിവാഹം കഴിഞ്ഞ് അവർ ഭർത്താക്കന്മാർക്കൊപ്പമാണ്.
ഇത്തരം സാഹചര്യങ്ങളിൽ മുദ്ര വായ്പകളിൽ എൻപിഎ ആവുന്ന പണം തിരിച്ചു പിടിക്കാൻ ബാങ്കുകൾക്ക് ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ഉണ്ട്. കേന്ദ്രസർക്കാർ നൽകുന്നതാണത്. ലോൺ കൊടുക്കുമ്പോൾ തന്നെ അതുമായി ലിങ്ക് ചെയ്യേണ്ട ബാധ്യത ബാങ്കുകളുടേതാണ്. ലോണെടുത്ത ആളുടേതല്ല.
ഫെഡറൽ ബാങ്ക് അധികാരികളോടാണ്. ജോലിയോ വരുമാനമോ സ്വത്തുക്കളോ ഇല്ലാത്ത ഒരു പാവം സ്ത്രീയെ മാനസികമായി പീഡിപ്പിക്കുന്ന തരത്തിൽ ഇനിയും ദ്രോഹിച്ചാൽ അതു കണ്ട് നിൽക്കാനാവില്ല. നിങ്ങളുടെ ബാങ്കിൻ്റെ മുന്നിൽ വന്ന് ഞാൻ കുത്തിയിരിക്കും. മനസ്സാക്ഷിയുള്ള നിക്ഷേപകർ നിങ്ങളെ കയ്യൊഴിയുന്ന സാഹചര്യം ഉണ്ടാകും. അത് വേണോ എന്ന് സ്വയം തീരുമാനിക്കുക."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

