അതിജീവിതയെ അധിക്ഷേപിച്ച കേസ്; സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് മാറ്റി
text_fieldsതിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതക്കു നേരെയുള്ള സൈബർ അധിക്ഷേപ കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ എന്നിവരുടെ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് മാറ്റി. ഡിസംബർ 10ലേക്കാണ് മാറ്റിവെച്ചത്. കേസ് പരിഗണിച്ച സമയം പൊലീസ് റിപ്പോർട്ട് ഹാജരാക്കാത്തതാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹരജി മാറ്റിവെച്ചതിന് കാരണം.
കേസില്‍ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വർ അറസ്റ്റിലായി കോടതി ജാമ്യാപേക്ഷ തള്ളി റിമാൻഡിലായതിന് പിന്നാലെയാണ് നാലാം പ്രതിയായ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അനുയായികളും കോൺഗ്രസ് അനുകൂല ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങളും നടത്തിയ സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ ചേർത്താണ് അതിജീവിത പരാതി നൽകിയത്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പേജിലെ ഒരു വർഷം മുമ്പുള്ള ചിത്രം പ്രചരിപ്പിച്ചായിരുന്നു കൂടുതലും അധിക്ഷേപം. തുടർന്ന് സന്ദീപ് വാര്യർ പോസ്റ്റ് പിൻവലിച്ചു.
പത്തനംതിട്ട മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഡ്വ. ദീപാ ജോസഫ്, ദീപ ജോസഫ് (ഫേസ്ബുക്ക് അക്കൗണ്ട് ഉടമ) എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേര്‍ത്താണ് സിറ്റി സൈബർ പൊലീസ് കേസെടുത്തത്. അന്വേഷണത്തോട് സഹകരിക്കാത്ത ഒരു വ്യക്തിക്ക് ജാമ്യം നൽകുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് എന്ന നിരീക്ഷണത്തോടെയാണ് രാഹുല്‍ ഈശ്വറിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. രണ്ടാം തവണയാണ് രാഹുലിന്‍റെ ജാമ്യം തള്ളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

