സന്ദീപ് വാര്യർ ഇപ്പോഴും ജയിലിൽ തന്നെ, സർക്കാറിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന പൊലീസുകാർ മറുപടി പറയേണ്ടി വരും -അടൂർ പ്രകാശ്
text_fieldsതിരുവനന്തപുരം: പൊലീസിനെ ഉപയോഗിച്ച് മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ നടത്തുന്ന നരനായാട്ടിന്റെ ഭാഗമായാണ് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. ഈ നരനായാട്ട് ആവർത്തിച്ചാൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സമരവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ അടക്കം നിരവധി പ്രവർത്തകരെയാണ് ജയിലിൽ അടച്ചത്. ശബരിമല സ്വർണക്കൊള്ളക്കെതിരെ പത്തനംതിട്ട ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലെ സംഘർഷത്തെത്തുടർന്നാണ് സന്ദീപ് വാര്യർ അടക്കമുള്ളവരെ റിമാൻഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ ഇന്നലെ പത്തനംതിട്ട സിജെഎം കോടതി തള്ളിയിരുന്നു.
യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, സംസ്ഥാന സെക്രട്ടറിമാരായ നഹാസ് പത്തനംതിട്ട, സാംജി ഇടമുറി, അനീഷ് വേങ്ങവിള, അനന്തു ബാലൻ, സലീൽ, രഞ്ജു, ജിതിൻ, അരുൺ, നെസ്മൽ, ആരോൺ, സുനിൽ കുമാർ, റോബിൻ തുടങ്ങി 14 പേരും ബിന്ദു, ബിനു, ഷൈൻ എന്നീ മൂന്ന് വനിതാ പ്രവർത്തകരുമാണ് ജയിലിലുള്ളത്. മാർക്സിസ്റ്റ് പാർട്ടി പൊലീസിനെ ഉപയോഗിച്ചുകൊണ്ട് കേരളത്തിൽ നടത്തുന്ന നരനായാട്ടിന്റെ ഭാഗമാണിതെന്ന് അടൂർ പ്രകാശ് ആരോപിച്ചു.
‘നരനായാട്ട് ഇനിയും ആവർത്തിച്ചാൽ അതിനെതിരെ ശക്തമായ നടപടികളുമായി ഞങ്ങൾ മുന്നോട്ട് പോകും. ഷാഫി പറമ്പലിന് നേരെ കാണിച്ചത് ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്ന കാര്യമല്ല. പാർലമെന്റ് അംഗം കൂടിയായ അദ്ദേഹത്തെ വകവരുത്തുന്നതിനുള്ള തയ്യാറെടുപ്പാണ് മാർക്സിസ്റ്റ് പാർട്ടി നടത്തിയത്. അതിൻറെ ഭാഗമായാണ് അദ്ദേഹത്തെ തിരഞ്ഞുപിടിച്ചുകൊണ്ട് ചില പൊലീസ് ഉദ്യോഗസ്ഥർ ലാത്തി ചാർജ് നടത്തിയത്. മൂക്കിന്റെ പാലം തകർന്ന് ഓപറേഷൻ കഴിഞ്ഞ് ആശുപത്രിയിൽ കിടക്കുകയാണ് അദ്ദേഹം. അഞ്ചോ ആറോ മാസക്കാലം മാത്രമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ഉണ്ടാവുക എന്ന് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്മാർ മനസ്സിലാക്കുന്നത് നല്ലതാണ്. ഈ സർക്കാരിനെ പ്രീതിപ്പെടുത്താൻ പൊലീസ് ഉദ്യോഗസ്ഥർ കാണിക്കുന്ന നെറികെട്ട പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കാൻ പറ്റില്ല. ഇവരെല്ലാവരും ഇതിന് മറുപടി പറയേണ്ടി വരും. അവരുടെ പേരുകളൊക്കെ എടുത്തു വെച്ചിട്ടുണ്ട്. ആറുമാസം കഴിഞ്ഞ് യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ഈ ഉദ്യോഗസ്ഥരെ അറിയാൻ പറ്റും’ -അടൂർ പ്രകാശ് പറഞ്ഞു.
സന്ദീപ് വാര്യരുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് ദേവസ്വം ഓഫിസിന് മുന്നിലെത്തി തേങ്ങയും കല്ലും വലിച്ചെറിഞ്ഞു, ഓഫിസിന്റെ ജനൽചില്ലുകൾ തകർത്തു, പൊലീസിനെ കൈയേറ്റം ചെയ്തു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു യൂത്ത് കോൺഗ്രസ് മാർച്ച്. കേസിൽ സന്ദീപ് വാര്യർ ഒന്നാംപ്രതിയും വിജയ് ഇന്ദുചൂഡൻ രണ്ടാംപ്രതിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

