"തവനൂരിൽ 'ടൂറിസ്റ്റ്' ആയ എം.എൽ.എ, ഈ വിറയൽ തവനൂരിലെ താങ്കളുടെ അടിത്തറ ഇളകിയതിന്റെ തെളിവ്"; ജലീലിന് മറുപടിയുമായി സന്ദീപ് വാര്യർ
text_fieldsമലപ്പുറം: സ്വന്തം രാഷ്ട്രീയ ഭാവിയിൽ ഉറപ്പില്ലാത്തവർ മറ്റുള്ളവരുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് ഹാസ്യാസ്പദമാണെന്നും തവനൂരിൽ 'ടൂറിസ്റ്റ്' ആയ എം.എൽ.എയുടെ അസ്വസ്ഥതകൾ തിരിച്ചറിയുന്നുവെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തവനൂർ എം.എൽ.എ കെ.ടി.ജലീൽ നടത്തിയ വിമർശനങ്ങൾക്ക് സമൂഹമാധ്യങ്ങളിലൂടെ മറുപടി പറയുകയായിരുന്നു സന്ദീപ്.
മുൻപ് താൻ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിലെ പാളിച്ചകൾ തിരിച്ചറിഞ്ഞ്, അത് പരസ്യമായി തള്ളിപ്പറഞ്ഞാണ് മതേതര പക്ഷത്തേക്ക് വന്നത്. അത് കേരളം അംഗീകരിച്ചതുമാണ്. എന്നാൽ പഴയ കാര്യങ്ങൾ ചവിട്ടിപ്പിടിച്ച് ഇന്നും വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നത് താങ്കളുടെ രാഷ്ട്രീയ പാപ്പരത്തമാണ്. ജലീൽ മുൻപ് പ്രവർത്തിച്ച പ്രസ്ഥാനങ്ങളെക്കുറിച്ച് തനിക്കും പറയാനുണ്ടാകും, പക്ഷേ രാഷ്ട്രീയ മര്യാദ ഉള്ളതുകൊണ്ട് താൻ അതിന് മുതിരുന്നില്ലെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
തവനൂരിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഔദ്യോഗികമായ തീരുമാനങ്ങൾ ഒന്നും പ്രഖ്യാപിക്കുന്നതിന് മുൻപേ ജലീൽ എന്തിനാണ് ഇത്രയേറെ പരിഭ്രാന്തനാകുന്നതെന്നും ഒരു പേര് കേൾക്കുമ്പോഴേക്കും താങ്കൾക്കുണ്ടാകുന്ന ഈ വിറയൽ തവനൂരിലെ താങ്കളുടെ അടിത്തറ ഇളകിയതിന്റെ തെളിവാണെന്നും സന്ദീപ് കുറ്റപ്പെടുത്തി.
'ഇനി മത്സരത്തിനില്ല' എന്ന് രാവിലെ പറയുകയും വൈകുന്നേരമാകുമ്പോഴേക്കും നിലപാട് മാറ്റുകയും ചെയ്യുന്ന താങ്കളുടെ ഈ മലക്കംമറിച്ചിലുകൾ കേരളം കാണുന്നതാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
ബി.ജെ.പി നേതാവായിരിക്കെ സന്ദീപ് വാര്യർ മുസ്ലിം ലീഗിനെതിരെ നടത്തിയ പരാമർശങ്ങളുടെ വിഡിയോ പങ്കുവെച്ചായിരുന്നു ജലീലിന്റെ വിമർശനം.
വാര്യരെ, സാക്ഷാൽ പൊതു സ്ഥാനാർഥിയായി ലീഗുകാരനായ ചാരിറ്റി മാഫിയാ തലവനായ "പാവങ്ങളുടെ പടത്തലവനെ" ഇറക്കി 'മാർക്കം കൂട്ടി' കോൺഗ്രസാക്കി കാടിളക്കി കൈപ്പത്തിയിൽ മത്സരിച്ചിട്ട് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റിയിട്ടില്ല. എന്നിട്ടല്ലേ ആട്ടിൻ തോലണിഞ്ഞ താങ്കളെന്ന് ജലീൽ പോസ്റ്റിൽ പറയുന്നു. താങ്കൾ എഴുതി വെച്ചോളൂ. വർഗീയതയും വംശീയ വിദ്വേഷവും മനസ്സിൽ കൊണ്ടു നടക്കുന്നവരെ തൂത്തെറിഞ്ഞ മണ്ണും മനസ്സുമാണ് തവനൂരിൻ്റേത്. ഉശിരുണ്ടെങ്കിൽ വരൂ എൽ.ഡി.എഫുമായി ഒരു കൈ നോക്കാമെന്നും ജലീൽ വെല്ലുവിളിച്ചിരുന്നു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
"തവനൂരിൽ 'ടൂറിസ്റ്റ്' ആയ എം.എൽ.എയുടെ അസ്വസ്ഥതകൾ തിരിച്ചറിയുന്നു; കെ.ടി. ജലീലിനുള്ള മറുപടി. ശ്രീ കെ.ടി. ജലീൽ എനിക്കെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. വരികൾക്കിടയിലെ പരിഭ്രമവും വ്യക്തിഹത്യ നടത്താനുള്ള വെമ്പലും കാണുമ്പോൾ ഒരുകാര്യം വ്യക്തമാണ്—തവനൂരിലെ ജനമനസ്സുകളിൽ നിന്ന് താങ്കൾ എത്രത്തോളം അകന്നുപോയി എന്ന് താങ്കൾ തന്നെ ഭയപ്പെടുന്നുണ്ട്.
ചില വസ്തുതകൾ അങ്ങയെ ഓർമ്മിപ്പിക്കട്ടെ.. സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണ്. തവനൂരിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഔദ്യോഗികമായ തീരുമാനങ്ങൾ ഒന്നും പ്രഖ്യാപിക്കുന്നതിന് മുൻപേ ജലീൽ എന്തിനാണ് ഇത്രയേറെ പരിഭ്രാന്തനാകുന്നത്? ആര് മത്സരിക്കണം എന്നത് ജനാധിപത്യ പാർട്ടികൾ തീരുമാനിക്കേണ്ട കാര്യമാണ്. എന്നാൽ ഒരു പേര് കേൾക്കുമ്പോഴേക്കും താങ്കൾക്കുണ്ടാകുന്ന ഈ വിറയൽ തവനൂരിലെ താങ്കളുടെ അടിത്തറ ഇളകിയതിന്റെ തെളിവാണ്.
അപ്രത്യക്ഷനായ ജനപ്രതിനിധി: കഴിഞ്ഞ അഞ്ചുവർഷം തവനൂരിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം യാത്രാവിവരണങ്ങൾ എഴുതുന്നതിനും മണ്ഡലത്തിന് പുറത്തെ വിവാദങ്ങളിൽ അഭിരമിക്കുന്നതിനുമാണ് താങ്കൾ സമയം കണ്ടെത്തിയത്. മണ്ഡലത്തിലെ വികസന മുരടിപ്പിനെക്കുറിച്ച് ചോദിക്കുമ്പോൾ വിദ്വേഷ രാഷ്ട്രീയം പറഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നത് തവനൂരിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നിലപാടില്ലായ്മയുടെ രാജകുമാരൻ: "ഇനി മത്സരത്തിനില്ല" എന്ന് രാവിലെ പറയുകയും വൈകുന്നേരമാകുമ്പോഴേക്കും നിലപാട് മാറ്റുകയും ചെയ്യുന്ന താങ്കളുടെ ഈ മലക്കംമറിച്ചിലുകൾ കേരളം കാണുന്നതാണ്. സ്വന്തം രാഷ്ട്രീയ ഭാവിയിൽ ഉറപ്പില്ലാത്തവർ മറ്റുള്ളവരുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് ഹാസ്യാസ്പദമാണ്.
മുൻപ് ഞാൻ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിലെ പാളിച്ചകൾ തിരിച്ചറിഞ്ഞ്, അത് പരസ്യമായി തള്ളിപ്പറഞ്ഞാണ് ഞാൻ മതേതര പക്ഷത്തേക്ക് വന്നത്. അത് കേരളം അംഗീകരിച്ചതുമാണ്. എന്നാൽ പഴയ കാര്യങ്ങൾ ചവിട്ടിപ്പിടിച്ച് ഇന്നും വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നത് താങ്കളുടെ രാഷ്ട്രീയ പാപ്പരത്തമാണ്. താങ്കൾ മുൻപ് പ്രവർത്തിച്ച പ്രസ്ഥാനങ്ങളെക്കുറിച്ച് എനിക്കും പറയാനുണ്ടാകും, പക്ഷേ രാഷ്ട്രീയ മര്യാദ ഉള്ളതുകൊണ്ട് ഞാൻ അതിന് മുതിരുന്നില്ല.
ഞാൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് നടത്തുന്ന വിദ്വേഷ ക്യാമ്പയിനെതിരെ ഞാൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അതിനുള്ള മറുപടി ഫേസ്ബുക്കിലല്ല, കോടതിയിലാണ് നൽകേണ്ടത്. നിയമവ്യവസ്ഥയിലുള്ള എന്റെ വിശ്വാസം അവിടെ തെളിയട്ടെ.
തവനൂരിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അത് വികസനത്തിന് വേണ്ടിയുള്ള മാറ്റമാണ്, അല്ലാതെ താങ്കൾ എഴുതുന്ന യാത്രാവിവരണങ്ങൾ വായിച്ചിരിക്കാനല്ല അവർ വോട്ട് ചെയ്തത്. ഉശിരുണ്ടെങ്കിൽ വികസനത്തെക്കുറിച്ചും കഴിഞ്ഞ അഞ്ചുവർഷത്തെ താങ്കളുടെ 'അപ്രത്യക്ഷമാകലിനെ' കുറിച്ചും സംസാരിക്കൂ. വിദ്വേഷം വിതച്ച് വോട്ട് കൊയ്യാമെന്ന് കരുതേണ്ട."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

