'ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒരൊറ്റ വീട്ടുപേരിൽ... ഉത്തരേന്ത്യൻ സംഘിക്ക് കലിയിളകാൻ വേറെ എന്തെങ്കിലും കാരണം വേണോ?'; അനുരാഗ് ഠാക്കൂറിനെ പരിഹസിച്ച് സന്ദീപ് വാര്യർ
text_fieldsപാലക്കാട്: വയനാട് ലോക്സഭ മണ്ഡലത്തിൽ വോട്ടർപട്ടികയിൽ വലിയ ക്രമക്കേടുണ്ടെന്ന് വ്യാജ ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒരൊറ്റ വീട്ടുപേരിൽ... ഉത്തരേന്ത്യൻ സംഘിക്ക് കലിയിളകാൻ വേറെ എന്തെങ്കിലും കാരണം വേണോ? എന്ന് ചോദിച്ച സന്ദീപ് വാര്യർ, പത്രസമ്മേളനം വിളിച്ച് പൊട്ടത്തരം വിളിച്ചുപറയും മുൻപ് വയനാട്ടിലെ ബി.ജെ.പി നേതാക്കളോടോ അതുമല്ലെങ്കിൽ അവിടെ മത്സരിച്ച കെ സുരേന്ദ്രനോടോ ചോദിക്കേണ്ടേയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
കൽപ്പറ്റ താലൂക്കിൽ ‘ചൗണ്ടേരി’ എന്ന വീട്ടുപേരിൽ ഹിന്ദുവിനും മുസ്‍ലിമിനും വോട്ടുണ്ടെന്നും 93,000 വോട്ടുകൾ മണ്ഡലത്തിൽ കൃത്രിമമായി ചേർത്തുവെന്നുമാണ് കഴിഞ്ഞ ദിവസം വാർത്ത സമ്മേളനം വിളിച്ച് അനുരാഗ് ഠാക്കൂർ പറഞ്ഞത്. ഏറനാട് മണ്ഡലത്തിലെ വോട്ടറായ മൈമൂനക്ക് 115, 135, 152 എന്നീ ബൂത്തുകളിൽ വോട്ടുണ്ടെന്നായിരുന്നു മറ്റൊരു ആരോപണം. എന്നാൽ, ബി.ജെ.പി ദേശീയ നേതാവിന്റെ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് തിരിച്ചറിയാൻ അധികം സമയം വേണ്ടി വന്നില്ല.
അനുരാഗ് ഠാക്കൂർ പറഞ്ഞ 'ചൗണ്ടേരി' എന്നത് ഒരു വീട്ടുപേരല്ല, സ്ഥലപ്പേരാണ് എന്നതാണ് വസ്തുത. പഴയ കാലത്തേ ചാമുണ്ഡേശ്വരി കുന്നാണ് പിന്നീട് ചൗണ്ടേരി ആയതാണ് എന്നാണ് പ്രദേശത്തുകാർ പറയുന്നത്.
ബി.ജെ.പി നേതാവിന്റെ ആരോപണങ്ങളിൽ ഉൾപ്പെട്ട മറിയം, വള്ളിയമ്മ എന്നീ വോട്ടർമാർ ചൗണ്ടേരിയിലാണ് താമസിക്കുന്നത്. തന്റെയും സമീപത്തെ പല ഹിന്ദുമത വിശ്വാസികളുടെയും വീട്ടുപേര് ഒന്നാണെന്നും താൻ വർഷങ്ങളായി വോട്ടുചെയ്തുവരുന്നുണ്ടെന്നും മറിയം പറഞ്ഞു.
ഏറനാട് മണ്ഡലത്തിലെ വോട്ടറായ മൈമൂനക്ക് 115, 135, 152 എന്നീ ബൂത്തുകളിൽ വോട്ടുണ്ടെന്നായിരുന്നു മറ്റൊരു ആരോപണം. എന്നാൽ മൂന്ന് ബൂത്തുകളിലും വോട്ട് ചെയ്തത് മൂന്ന് മൈമൂനമാരാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മൂന്നുപേരും മൂന്ന് പഞ്ചായത്തുകളിൽ താമസിക്കുന്നവരാണ്. അരീക്കോട്, കാവനൂർ, കുഴിമണ്ണ പഞ്ചായത്തുകളിലെ സ്ഥിര താമസക്കാരാണ് മൂവരും. ഓരോരുത്തർക്കും ഒരു ബൂത്തിൽ മാത്രമാണ് വോട്ടുള്ളത്.
അതായത് കാവനൂർ പഞ്ചായത്തിലെ മൈമൂനക്ക് വോട്ടുള്ളത് 115 നമ്പർ ബൂത്തിലാണ്, ക്രമനമ്പർ 778. കുഴിമണ്ണ പഞ്ചായത്തിലെ മൈമൂനക്ക് 152 നമ്പർ ബൂത്തിൽ, 541 ക്രമനമ്പറിൽ വോട്ട്. അരീക്കോട് പഞ്ചായത്തിൽ താമസിക്കുന്ന മൈമൂനക്ക് വോട്ട് 135 നമ്പർ ബൂത്തിൽ, 669 ക്രമനമ്പറിൽ വോട്ട്.
ബി.ജെ.പിയുടെ ആരോപണം വയനാട്ടിൽ വിലപ്പോകില്ലെന്നും കോൺഗ്രസിന്‍റെ ഉറച്ച സീറ്റായ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും പ്രിയങ്കയുടെ ഭൂരിപക്ഷം അതാണ് തെളിയിക്കുന്നതെന്നും ടി. സിദ്ദീഖ് എം.എൽ.എയും പ്രതികരിച്ചു.
സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റ്
"ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒരൊറ്റ വീട്ടുപേരിൽ... ഉത്തരേന്ത്യൻ സംഘിക്ക് കലിയിളകാൻ വേറെ എന്തെങ്കിലും കാരണം വേണോ? പത്രസമ്മേളനം വിളിച്ചു.. പൊട്ടത്തരം വിളിച്ചുപറഞ്ഞു..
ചുരുങ്ങിയ പക്ഷം വയനാട്ടിലെ ബിജെപി നേതാക്കളോടോ അതുമല്ലെങ്കിൽ അവിടെ മത്സരിച്ച കെ സുരേന്ദ്രനോടോ ചോദിച്ചിട്ട് വേണ്ടേ ബിജെപി ദേശീയ നേതൃത്വം ഇങ്ങനെ ഒരു അഭിപ്രായം പറയാൻ ?"
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

