വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നു -സന്ദീപ് വാര്യർ
text_fieldsതിരുവനന്തപുരം: ബി.ജെ.പിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നെന്നും ഒരുവശത്ത് ക്രൈസ്തവരെ ബി.ജെ.പിയോട് അടുപ്പിക്കാൻ വേണ്ടി നാടകം കളിക്കുമ്പോൾ മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
‘ഹിന്ദു ഭവനങ്ങൾ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്തുമസ് സ്റ്റാറുകൾ ഉപയോഗിച്ചല്ല’ എന്ന പോസ്റ്റർ പങ്കുവെച്ചാണ് സന്ദീപിന്‍റെ വിമർശനം. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വർഗീയമായി ചിത്രീകരിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് കുറിപ്പ്:
ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളിൽ കയറിയിറങ്ങും . എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ ക്രിസ്മസ് സ്റ്റാർ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികൾക്ക് മുൻപോട്ടു പോകാൻ സാധിക്കുക ?
ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാൻ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു.
ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വർഗീയമായി ചിത്രീകരിക്കുന്ന , സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.