പാലക്കാട്ടെ ബി.ജെ.പിയെ തകർത്ത മാഡത്തിന് വേടന്‍റെ വരികൾ മോദിയെ ഉദ്ദേശിച്ചാണെന്ന് മനസിലായി -സന്ദീപ് വാര്യർ
text_fieldsകോഴിക്കോട്: പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്കും ആഭ്യന്തര വകുപ്പിനും പരാതി നൽകിയ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
പത്ത് പൈസയുടെ വിവരമില്ലാതെ പാലക്കാട്ടെ ബി.ജെ.പിയെ ഭർത്താവിന്റെ മുതൽ പോലെ കൊണ്ടു നടന്ന് തകർത്ത മാഡം അച്ചാമ്മ വർഗീസിന് വരെ വേടന്റെ വരികൾ കേട്ടപ്പോൾ അത് മോദിയെ ഉദ്ദേശിച്ചാണെന്ന് മനസിലായെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. വേടൻ അധിക്ഷേപിച്ചെന്ന് ആരോപിക്കുന്ന പാട്ടും സന്ദീപ് വാര്യർ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
കാട് കട്ടവന്റെ നാട്ടിൽ ചോറ് കട്ടവൻ മരിക്കും
കൂറ് കെട്ടവൻ ഭരിച്ചാൽ ഊര് കട്ടവൻ മുടിക്കും
പേര് കേട്ട പാമരന്മാർ പോരടിക്കുവാൻ വിളിക്കും
പേറ്റുനോവെടുത്ത തള്ള പള്ളയിൽ കനൽ നിറക്കും
കൊടികളെത്ര പാറി കോട്ടകൊത്തളങ്ങളിൽ
അടിയാൻ കണ്ടതില്ല ഭാവി തന്റെ മക്കളിൽ
മാണ്ട് പോയി നീ കറുത്ത പോർക്കളങ്ങളിൽ
അടിമക്കേതിടം ചരിത്ര പുസ്തകങ്ങളിൽ
കപടദേശവാദി നാട്ടിൽ മത ജാതി വ്യാധി
തലവനില്ല ആധി നാട് ചുറ്റിടാൻ നിന്റെ നികുതി
വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി
വാക്കെടുത്തവൻ
ദേശദ്രോഹി തീവ്രവാദി
പത്തു പൈസയുടെ വിവരമില്ലാതെ പാലക്കാട്ടെ ബിജെപിയെ ഭർത്താവിന്റെ മുതൽ പോലെ കൊണ്ടു നടന്ന് തകർത്ത മാഡം അച്ചാമ്മ വർഗീസിന് വരെ വേടന്റെ വരികൾ കേട്ടപ്പോൾ അത് മോദിയെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായി 😂😂😂😂
പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് റാപ്പര്‍ വേടനെതിരെ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാർ എന്‍.ഐ.എക്കും ആഭ്യന്തര വകുപ്പിനും പരാതി നല്‍കിയത്. മോദിയെ കപട ദേശീയ വാദിയെന്ന് വേടൻ അവഹേളിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘വേടന്റെ വോയ്‌സ് ഓഫ് വോയ്‌സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ടിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.
‘വേടന് എത്രതന്നെ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെങ്കിലും അയാള്‍ ഒരു ഇന്ത്യന്‍ പൗരനാണ്. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ നില്‍ക്കണം’ -മിനി കൃഷ്ണകുമാർ പറഞ്ഞു. ഇന്നത്തെ ആധുനിക കാലഘട്ടത്തിനും സര്‍ക്കാറിന്റെ വിശ്വാസ്യതക്കും പറ്റിയ കാര്യമല്ല വേടന്റെ വരികളില്‍ ഉള്ളതെന്നും അവർ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം വേടനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിന്ദു ഐക്യ വേദി നേതാവ് കെ.പി. ശശികല രംഗത്തു വന്നിരുന്നു. വേടന്റെ പ്രമോട്ടർമാർ തീവ്ര ഇസ്‍ലാമിക സംഘടനകളും ഹിന്ദു വിരുദ്ധ ശക്തികളുമാണെന്നും ശശികല ആരോപിച്ചിരുന്നു.
‘പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങൾക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ?’ എന്നും പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിൽ ശശികല ചോദിച്ചിരുന്നു.
താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് ശശികല ഇങ്ങനെ ചോദിച്ചതെന്നും റാപ്പ് ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യം തന്നെ ജനാധിപത്യവിരുദ്ധമാണെന്നും ഇതിന് മറുപടിയായി വേടൻ പ്രതികരിച്ചു. ഇതിന് പിന്നാലെ, ഞാനൊരമ്മയും അമ്മൂമ്മയും റിട്ട അധ്യാപികയുമായതിനാൽ വേടന്റെ രാഷ്ട്രീയത്തെ ഭയക്കുന്നുവെന്ന് ശശികല ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

