വി. മുരളീധരന് ജ്യോതി മൽഹോത്രയെ അറിയാം, വന്ദേ ഭാരത ഉദ്ഘാടനത്തിന് കാസർകോട് എത്തിച്ചത് ആര്? -സന്ദീപ് വാര്യർ
text_fieldsകോഴിക്കോട്: ചാരവൃത്തിക്ക് അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയെ ഡൽഹിയിൽ നിന്ന് രണ്ടാം വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസർകോട് എത്തിച്ചതാരാണെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇപ്പോൾ കേരള ബി.ജെ.പിയിലെ ശമ്പളം പറ്റുന്ന മാധ്യമ വിഭാഗം മേധാവി ജ്യോതി മൽഹോത്രയെ മന്ത്രിയുടെ പി.ആർ വർക്കിന് വേണ്ടി അസൈൻ ചെയ്തതല്ലേ എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
വി. മുരളീധരന് ജ്യോതി മൽഹോത്രയെ അറിയാമെന്നും നിങ്ങൾ എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്ത് വരുമെന്നും സന്ദീപ് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ്:
പാക്കിസ്ഥാൻ ചാരയായ ജ്യോതി മൽഹോത്ര കേരള ടൂറിസം വകുപ്പിന്റെ ക്ഷണം അനുസരിച്ച് വരുന്നത് 2024 ജനുവരിക്ക് ശേഷം മാത്രം.
എന്നാൽ വി. മുരളീധരന്റെ വന്ദേ ഭാരത് ഉദ്ഘാടന മഹാമഹ റിപ്പോർട്ടിംഗിന് വേണ്ടി ആയമ്മ 2023 സെപ്റ്റംബറിൽ തന്നെ കേരളത്തിലെത്തിയിട്ടുണ്ട്.
മറുപടി പറയേണ്ടത് വി. മുരളീധരനാണ്. ഡൽഹിയിൽ നിന്ന് ജ്യോതി മൽഹോത്രയെ കേരളത്തിലെ രണ്ടാം വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസർകോട് എത്തിച്ചതാരാണ്?
ജ്യോതിയുടെ വിദേശയാത്രകൾക്ക് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ? വാഗാ ബോർഡിൽ വച്ച് പാസ്പോർട്ട് പരിശോധിക്കുന്ന സൈനികനോട് ജ്യോതി മൽഹോത്ര പറയുന്നത് ഹരിയാന ബിജെപി എന്നാണ്. വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
ഇപ്പോൾ കേരള ബി.ജെ.പിയിലെ ശമ്പളം പറ്റുന്ന മാധ്യമ വിഭാഗം മേധാവി ജ്യോതി മൽഹോത്രയെ മന്ത്രിയുടെ പിആർ വർക്കിന് വേണ്ടി അസൈൻ ചെയ്തതല്ലേ?
ഈ മാധ്യമ വിഭാഗം മേധാവിയുടെ ഡൽഹി വീട്ടിൽ താമസിച്ചല്ലേ ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഒരുത്തൻ തട്ടിപ്പ് നടത്തിയത്?
നിശ്ചയമായും വി. മുരളീധരന് ജ്യോതി മൽഹോത്രയെ അറിയാം. നിങ്ങൾ എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്ത് വരും.
ഇന്നലെയും വിഷയത്തിൽ സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടന യാത്രയ്ക്കുള്ള പാസുകൾ ബി.ജെ.പി ഓഫീസിൽ നിന്നാണ് നേരിട്ട് വിതരണം ചെയ്തതെന്നും ജ്യോതി മൽഹോത്രക്ക് ആരാണ് വന്ദേ ഭാരത് പാസ് നൽകിയത് എന്ന് അന്നത്തെ സംസ്ഥാന പ്രസിഡന്‍റ് വെളിപ്പെടുത്തണമെന്നും അദ്ദേഹം കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് കുറിപ്പ്:
വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടന യാത്രയ്ക്കുള്ള പാസുകൾ ബിജെപി ഓഫീസിൽ നിന്നാണ് നേരിട്ട് വിതരണം ചെയ്തത്. പാക്കിസ്ഥാൻ ചാരയായ ജ്യോതി മൽഹോത്രക്ക് ബിജെപി ഓഫീസിൽ നിന്ന് ആരാണ് വന്ദേ ഭാരത് പാസ് നൽകിയത് എന്ന് അന്നത്തെ സംസ്ഥാന പ്രസിഡണ്ട് വെളിപ്പെടുത്തണം. അദ്ദേഹത്തിൻ്റെയും കേന്ദ്രമന്ത്രി മുരളീധരന്റെയും "വേണ്ടപ്പെട്ടവർക്കൊക്കെ" വന്ദേ ഭാരത് ഉദ്ഘാടന പാസ് നൽകിയിട്ടുണ്ട്. ജ്യോതി മൽഹോത്രയ്ക്കും അങ്ങനെ കിട്ടിയതാവാനെ തരമുള്ളൂ.
നാട്ടിലുള്ള സകലരേയും രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സംഘികൾക്ക് സ്വന്തം ആരോപണം ഇതുപോലെ ബൂമാറാങ്ങായി തിരിച്ചു കിട്ടുമെന്ന് സ്വപ്നത്തിൽ കരുതിയിട്ടുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

