പ്രതിഫലം ചോദിച്ചതിന് നടിയെ വിമർശിച്ച ശിവൻകുട്ടി ശമ്പളം വാങ്ങുന്നില്ലേ? സൗജന്യ സേവനമൊന്നുമല്ലല്ലോ -സന്ദീപ് വാര്യർ
text_fieldsതിരുവനന്തുപുരം: സ്കൂൾ കലോത്സവത്തിൽ നൃത്തം അവതരിപ്പിക്കുന്നതിന് നടി പ്രതിഫലം ആവശ്യപ്പെട്ടതിനെ വിമർശിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മന്ത്രി ആയ ശിവൻകുട്ടി ശമ്പളം വാങ്ങുന്നില്ലേയെന്നും സൗജന്യ സേവനമൊന്നുമല്ലല്ലോ ചെയ്യുന്നതെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ആശുപത്രിയിൽ പോയി കിടക്കുമ്പോൾ കണ്ണടക്കും തോർത്തുമുണ്ടിനും പഴം പൊരിക്കും വരെ സർക്കാരിൽ നിന്ന് റീ ഇമ്പേഴ്സ്മെൻറ് വാങ്ങുന്ന മന്ത്രിമാർ കലാകാരന്മാർക്കും കലാകാരികൾക്കും വിലയിടാൻ നിൽക്കരുതെന്നും സന്ദീപ് കുറിച്ചു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് കുറിപ്പ്:
മലയാള സിനിമയിലെ ഒരു നായിക നടി ഉദ്ഘാടനത്തിന് പോയാൽ ഏതാനും മണിക്കൂറുകൾക്ക് ലഭിക്കുന്ന തുകയാണ് 5 ലക്ഷം. സംസ്ഥാന യുവജനോത്സവത്തിലെ സ്വാഗതഗാനം പോലെ ഏറെ പ്രയത്നം വേണ്ട ഒരു നൃത്തം ഒരുക്കിയെടുക്കാൻ അവർക്ക് ദിവസങ്ങളോളം ചെലവഴിക്കേണ്ടി വരും. അവിടെയാണ് മന്ത്രി വലിയ തുക ചോദിച്ചതായി പറഞ്ഞ് ആ കലാകാരിയെ , അവർ ആരോ ആകട്ടെ, ആക്ഷേപിക്കുന്നത് . അവർ നേരത്തെ സംസ്ഥാന യുവജനോത്സവത്തിൽ വിജയിയായിട്ടുണ്ടെങ്കിൽ അത് അവരുടെ മിടുക്കാണ് .
സംസ്ഥാന യുവജനോത്സവത്തിലെ ബാക്കി എല്ലാ വിഭാഗങ്ങൾക്കും സൗജന്യ സേവനമാണോ ? ഭക്ഷണത്തിനും ശബ്ദ സംവിധാനത്തിനും പന്തലിനും ഒക്കെ പണം നൽകാമെങ്കിൽ എന്തുകൊണ്ട് ആ കലാകാരിക്ക് പണം നൽകിക്കൂടാ ?
മന്ത്രി ആയതിനുശേഷം ശിവൻകുട്ടി ശമ്പളം വാങ്ങുന്നില്ലേ ? സൗജന്യ സേവനമൊന്നുമല്ലല്ലോ ചെയ്യുന്നത് ? ആശുപത്രിയിൽ പോയി കിടക്കുമ്പോൾ കണ്ണടക്കും തോർത്തുമുണ്ടിനും പഴം പൊരിക്കും വരെ സർക്കാരിൽ നിന്ന് റീ ഇമ്പേഴ്സ്മെൻറ് വാങ്ങുന്ന മന്ത്രിമാർ കലാകാരന്മാർക്കും കലാകാരികൾക്കും വിലയിടാൻ നിൽക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

