തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൽ നിന്ന് സമ്മർദമുണ്ടായെന്ന് മാപ്പുസാക്ഷി സന്ദീപ് നായർ. പലരുമായും ബന്ധമുണ്ടെന്ന് പറയാൻ ഇ.ഡി. സമ്മർദ്ദം ചെലുത്തി. വിചാരണ പൂർത്തിയായ ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും സന്ദീപ് നായർ വ്യക്തമാക്കി.
വർക് ഷോപ്പ് ഉദ്ഘാടന ചടങ്ങിന് അന്നത്തെ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ക്ഷണിച്ചത് വ്യക്തി ബന്ധത്തിന്‍റെ പേരിലാണ്. അതല്ലാതെ മറ്റൊന്നുമില്ല. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വഴി സ്പീക്കറെ ബന്ധപ്പെട്ടിട്ടില്ലെന്നും സന്ദീപ് പറഞ്ഞു.
സ്വർണം കടത്തിയോ ഇല്ലയോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. നയതന്ത്ര ബാഗിൽ വന്നത് എന്താണെന്ന് അറിഞ്ഞില്ല. യു.എ.ഇ കോൺസുലേറ്റുമായി വലിയ ബന്ധമില്ലെന്നും ഫൈസൽ ഫരീദിനെ അറിയില്ലെന്നും സന്ദീപ് പറഞ്ഞു.
സരിത്ത് സുഹൃത്താണെന്നും അദ്ദേഹം വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടതെന്നും സന്ദീപ് നായർ മാധ്യമങ്ങളോട് വ്യക്തമാക്കി.
കസ്റ്റംസ് ചുമത്തിയ കൊഫേപോസ തടവ് അവസാനിച്ചതോടെയാണ് ഇന്നലെ വൈകീട്ടാണ് സന്ദീപ് നായർ ജയിൽ മോചിതനായത്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.ഐ സന്ദീപ് നായരെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.