ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം; രണ്ട് പ്രതികൾ പൊലീസ് പിടിയിൽ
text_fieldsതിരുവനന്തപുരം: മാറനല്ലൂർ അരുമാളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്ന് ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പാറശാല കുറുങ്കുണ്ടി സ്വദേശി സുകു, സുഹൃത്ത് ബിജു എന്നിവരെയാണ് മാറനല്ലൂർ പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ 12.30 തോടെ കരമന നെടുങ്കാട് സ്വദേശിയുടെ അരുമാളൂരിലെ പുരയിടത്തിലെ ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ചത്.
ഇവിടെ ആൾ താമസമില്ലെന്ന് മനസിലാക്കിയായിരുന്നു പ്രതികൾ ചന്ദനമരം മുറിച്ച് നീക്കാൻ ശ്രമം നടത്തിയത്. മരം വീണ ശബ്ദം കേട്ട് പുരയിടത്തിലെ നോട്ടക്കാരൻ എത്തിയപ്പോഴാണ് രണ്ടുപേർ ചേർന്ന് മരം മുറിച്ചിടുന്നത് കാണുന്നത്. പിന്നാലെ വസ്തുവിന്റെ ഉടമയെയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന്, പൊലീസ് എത്തി നടത്തിയ പരിശോധനയിൽ സുകു പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പാറശാല സ്വദേശി ബിജുവാണ് ഒപ്പമുണ്ടായിരുന്നതെന്ന് വിവരം ലഭിച്ചത്. പൊലീസ് അന്വേഷണത്തിൽ ഒളിവിലായിരുന്ന ബിജുവിനെയും പിടികൂടുകയായിരുന്നു. ചന്ദന മരക്കഷണങ്ങൾ കസ്റ്റഡിയിലെടുത്തു വനംവകുപ്പിനു കൈമാറി. ചന്ദനക്കൊള്ള നടത്തുന്ന സംഘങ്ങളുമായി സുകുവിന് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

