ചന്ദനകൃഷി; ജില്ല പൊലീസ് മേധാവിക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
text_fieldsകൽപറ്റ: വയനാട്ടിലെ കോടികളുടെ ചന്ദനകൃഷിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡി.എഫ്.ഒ ജില്ല പൊലീസ് മേധാവിക്ക് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ചന്ദനകൃഷി തട്ടിപ്പുമായി ബന്ധപ്പെട്ട് ‘മാധ്യമം’ നൽകിയ വാർത്ത ശരിവെക്കുന്നതാണ് റിപ്പോർട്ടിലെ ഉള്ളടക്കം.
ചന്ദനം പാകമാകാൻ 30 വർഷം ആവശ്യമാണെന്നിരിക്കെ 15 വർഷംകൊണ്ട് മരം മുറിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിക്ഷേപകരെ ആകർഷിക്കുന്നതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടതായാണ് വിവരം.
ചന്ദനകൃഷിയിലൂടെ 15 വർഷംകൊണ്ട് കോടികൾ കൊയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിക്ഷേപകർക്ക് അഞ്ചു സെന്റ് വീതമുള്ള ‘ചന്ദനത്തോട്ടം’ 10 ഇരട്ടിയോളം വിലക്ക് വിൽക്കുന്നത്. എറണാകുളം ആസ്ഥാനമായ കമ്പനി ചന്ദനകൃഷി തട്ടിപ്പ് നടത്തുന്നുവെന്ന ആരോപണത്തിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിനോട് ജില്ല പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നത്.
വിശദ റിപ്പോർട്ട് ഉടൻ നൽകുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സ്പെഷൽ ബ്രാഞ്ചും ഇതു സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ചന്ദനകൃഷിയിൽ നിക്ഷേപമിറക്കിയവരെ കുറിച്ചും അന്വേഷിക്കുന്നതായാണ് വിവരം.
വയനാട്ടിൽ ചന്ദനകൃഷി പ്രായോഗികമാണോ എന്ന കാര്യത്തിലും ശാസ്ത്രീയ പഠനം നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവി കേരള വന ഗവേഷണ സ്ഥാപനമായ കെ.എഫ്.ആർ.എയോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടിൽ 1500 ഏക്കറിൽ ചന്ദനം കൃഷി ചെയ്യുന്നുണ്ടെന്നാണ് നിക്ഷേപകരോട് കമ്പനി പറയുന്നത്.
പ്രവാസികളും റിട്ട. ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധിപേർ ഇതിനോടകം ചന്ദനകൃഷിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവിൽ നിക്ഷേപകരിൽ നല്ലൊരു ശതമാനവും ആശങ്കയിലാണ്. നിക്ഷേപകരെ ആകർഷിക്കുന്നതിന് എറണാകുളത്തെ സ്റ്റാർ ഹോട്ടലിൽ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗം അലങ്കോലമായിരുന്നു. പൊലീസും ഇന്റലിജൻസ് വിഭാഗവും ഉൾപ്പെടെ സ്ഥലത്ത് എത്തിയിരുന്നു.
വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ തുച്ഛമായ വിലക്ക് ഹെക്ടർ കണക്കിന് തോട്ടങ്ങൾ വാങ്ങിക്കൂട്ടി അഞ്ചു സെന്റ് പ്ലോട്ടുകളാക്കി ചന്ദനകൃഷിയും പരിപാലനവും വാഗ്ദാനംചെയ്ത് 10 ഇരട്ടിയോളം അധികവില ഈടാക്കി നിക്ഷേപകർക്ക് കൈമാറുകയാണ് ചെയ്യുന്നത്. കർഷകർക്ക് ചന്ദനം കൃഷി ചെയ്യാമെങ്കിലും മുറിക്കാനും വിൽക്കാനുമുള്ള അവകാശമില്ലെന്ന് മാത്രമല്ല, മുറിക്കുന്നതും കടത്തുന്നതും ഏഴുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്.
എന്നാൽ, കർഷകർക്ക് ചന്ദനം മുറിക്കാൻ സർക്കാർ 2024ൽ അനുവാദം നൽകിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. 30 വർഷം മുമ്പ് ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിന് ആയിരക്കണക്കിന് മലയാളികളാണ് ഇരയായത്. നിക്ഷേപകരിൽനിന്ന് പണം സ്വീകരിച്ച് ആടുവളർത്തൽ, മാഞ്ചിയം-തേക്ക് കൃഷികളിൽ നിക്ഷേപിക്കൽ എന്ന പേരിലായിരുന്നു തട്ടിപ്പ്. 1000 രൂപ നിക്ഷേപിച്ചാൽ അഞ്ചുവർഷംകൊണ്ട് അഞ്ചിരട്ടി ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച ആയിരങ്ങളാണ് അന്ന് വൻ തട്ടിപ്പിനിരയായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.