ചന്ദനത്തടി ലേലത്തിലെ ക്രമക്കേട്: മുൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: മറയൂരിൽ ചന്ദനത്തടി ലേലത്തിൽ വിൽപന നികുതി ഈടാക്കിയതിലെ ക്രമക്കേടിൽ മുൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി. 1995-96 കാലത്ത് നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ടാണ് സർവിസിൽനിന്ന് വിരമിച്ച സീനിയർ സൂപ്രണ്ട് കെ.പി. ശശിധരൻ പിള്ള, സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡി. രവീന്ദ്രൻ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി വി. വേണു ഉത്തരവിട്ടത്.
രവീന്ദ്രനിൽനിന്ന് 1.09 ലക്ഷം രൂപയും ശശിധരൻ പിള്ളയിൽനിന്ന് 75,886 രൂപയും ഈടാക്കണമെന്നും ഇരുവരുടെയും പ്രതിമാസ പെൻഷനിൽനിന്ന് 300 രൂപ വീതം മൂന്ന് വർഷത്തേക്ക് കുറവ് ചെയ്യണമെന്നുമാണ് ഉത്തരവ്. 1995 ഓഗസ്റ്റ് 30നും 1996 ഫെബ്രുവരി 28നും നടന്ന ചന്ദനത്തടി ലേലത്തിലെ വിൽപനനികുതി ഈടാക്കുന്നതിലും ബാങ്ക് ഗാരൻറി വിട്ടുകൊടുക്കുന്നതിലും ഇവർ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ ഡി.എഫ്.ഒയെ ഇരുവരും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതായും സാർക്കാറിന് സാമ്പത്തികനഷ്ടമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. രവീന്ദ്രനെതിരെ രണ്ട് കേസുകളും ശശിധരൻപിള്ളക്കെതിരെ മൂന്ന് കേസുകളുമാണുണ്ടായിരുന്നത്. ശശിധരൻപിള്ള 2016 ഫെബ്രുവരി 23ന് കാരണംകാണിക്കൽ നോട്ടീസ് കൈപ്പറ്റിയെങ്കിലും വിശദീകരണം നൽകിയില്ല. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി നൽകേണ്ടതാണ്.രവീന്ദ്രൻ സമർപ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്ന് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ റിപ്പോർട്ട് നൽകി. തുർന്നാണ് അച്ചടക്കനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.