മണൽ മാഫിയ ബന്ധം: ഏഴു പൊലീസുദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തു
text_fieldsതിരുവനന്തപുരം: മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച രണ്ട് ഗ്രേഡ് എ. എസ്.ഐ മാരെയും അഞ്ചു സിവിൽ പൊലീസ് ഓഫീസർമാരെയും സർവീസിൽ നിന്ന് നീക്കം ചെയ്ത് കണ്ണൂർ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ ഉത്തരവ്. നിലവിൽ കണ്ണൂർ റേഞ്ചിൽ ജോലി ചെയ്യുന്നവരാണ് എല്ലാവരും.
ഗ്രേഡ് എ.എസ്.ഐ മാരായ പി. ജോയ് തോമസ് (കോഴിക്കോട് റൂറൽ), സി. ഗോകുലൻ (കണ്ണൂർ റൂറൽ), സിവിൽ പൊലീസ് ഓഫീസർമാരായ പി.എ നിഷാർ (കണ്ണൂർ സിറ്റി), എം.വൈ ഷിബിൻ (കോഴിക്കോട് റൂറൽ), ടി.എം അബ്ദുൾ റഷീദ് (കാസർഗോഡ്), വി.എ ഷെജീർ (കണ്ണൂർ റൂറൽ), ബി. ഹരികൃഷ്ണൻ (കാസർഗോഡ്) എന്നിവരെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്.
മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പോലീസ് ഓഫീസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതിനുമാണ് നടപടി. ഈ പ്രവൃത്തി വഴി ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പൊലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ സംസ്ഥാന പൊലീസ് മീഡിയ സെൻറർ വി.പി പ്രമോദ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

