സ്കൂളുകളില്‍ 6043 അധിക തസ്തികകള്‍ക്ക് അനുമതി
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രിസഭ അനുമതി നല്കി. 2326 സ്കൂളുകളിലാണ് 2022 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ തസ്തിക സൃഷ്ടിക്കുക. സര്‍ക്കാര്‍ മേഖലയിലെ 1114 സ്കൂളുകളിൽ 3101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്കൂളുകളില്‍ 2942 അധിക തസ്തികകളും ഇതില്‍ ഉള്‍പ്പെടും. ഇതിൽ 5944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ്. അധിക തസ്തിക വഴി 58 കോടി രൂപയുടെ സാമ്പത്തിക ബാധ്യത വരും. 6043 തസ്തികകളില്‍ എയ്ഡഡ് മേഖലയില്‍ കുറവുവന്ന 2996 തസ്തികകളിലെ അധ്യാപകരെ കെ.ഇ.ആർ വ്യവസ്ഥകള്‍ പ്രകാരം പുനര്‍വിന്യസിക്കുകയും സര്‍ക്കാര്‍ മേഖലയില്‍ 1638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യും. അധിക തസ്തികകളിലേക്ക് നിലവിൽ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ പുനർ വിന്യസിക്കുന്നതോടെ പുതിയ നിയമന സാധ്യത കുറവായിരിക്കും.
സർക്കാർ സ്കൂളുകളിൽ പുതുതായി 3101 അധ്യാപക തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചെങ്കിലും സർക്കാർ മേഖലയിൽ അധികമുള്ള 1638 പേരെ ഈ തസ്തികകളിലേക്ക് പുനർവിന്യസിക്കും. ഇതോടെ സർക്കാർ മേഖലയിൽ പുതുതായി നിയമന സാധ്യതയുള്ള തസ്തികയുടെ എണ്ണം 1463 ആയി കുറയും.
എയ്ഡഡ് മേഖലയിൽ 2942 അധിക തസ്തിക സൃഷ്ടിക്കുമ്പോൾ ഇവയിലേക്ക് നിലവിൽ അധികമുള്ള 2996 പേരെ പുനർവിന്യസിക്കുന്നതോടെ പുതിയ നിയമനത്തിന് സാധ്യതയില്ലാതാകും. ഫലത്തിൽ 6043 അധിക തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചെങ്കിലും ആകെ പുതിയ നിയമന സാധ്യതയുള്ളത് സർക്കാർ സ്കൂളുകളിലെ 1463 തസ്തികകളിലേക്കായിരിക്കും. ഇത് പി.എസ്.സി വഴി സർക്കാർ നികത്തണം.
പുതിയ തസ്തിക സൃഷ്ടിക്കാനുള്ള ശിപാർശ കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് സമർപ്പിച്ചത്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി തീരുമാനം വൈകിപ്പിച്ചു. പുതിയ അധ്യയന വർഷം പിറന്നതോടെ പുതിയ തസ്തിക നിർണയം അനിവാര്യമായി. ഇതിന് തൊട്ടുമുൻവർഷത്തെ തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കൽ അനിവാര്യമായതോടെയാണ് ധനവകുപ്പും പിന്നീട് മന്ത്രിസഭയും അധിക തസ്തികക്ക് അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

