പേടിച്ചരണ്ട ആ രണ്ടു പേരായിരുന്നു സ്വകാര്യത അവകാശമാക്കിയത്
text_fieldsസ്വകാര്യതക്കുള്ള അവകാശം ഒരു ആശയമായി ആദ്യം വികസിപ്പിച്ചെടുക്കുന്നത് ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്ന സാമുവൽ വാറനും ലൂയി ബ്രാന്‍ഡൈസുമാണ്. അമേരിക്കയുടെ കിഴക്കന്‍ തീരത്തു നടന്ന തീവ്ര നഗരവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യതയെ കുറിച്ച് അവര്‍ ആശങ്കപ്പെട്ടത്. അതിന്റെ കാരണമെന്താണെന്നല്ലേ. കേട്ടാല്‍ ചിരിച്ചു പോകും. ഗ്രഹാം ബെല്‍ കണ്ടു പിടിച്ച ടെലിഫോണായിരുന്നു ആദ്യ വില്ലന്‍. ബോസ്റ്റണില്‍ 1877ല്‍ ആദ്യത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് തുറന്നതോടെ അവരുടെ സ്വകാര്യതയെക്കുറിച്ച പേടി കൂടിക്കാണണം. രണ്ടു പേരും അന്ന് ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ വിദ്യാര്‍ഥികളായിരുന്നു. 1890 ആയതോടെ ടെലഗ്രാഫും വന്നു. ഒപ്പം അത്രയൊന്നും ചെലവില്ലാത്ത, കൊണ്ടു നടക്കാവുന്ന ക്യാമറയും വന്നു. പോരേ പൂരം. തൊട്ടുപിന്നാലെ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന യന്ത്രം. ഇതിനൊക്കെ പുറമെയാണ് ജനല്‍ ഗ്ലാസുകള്‍ നിര്‍മിക്കാനുള്ള ചെലവു കുറഞ്ഞ യന്ത്രം വരുന്നത്.
സ്വകാര്യതയുടെ കാര്യത്തില്‍ രണ്ടു പേരും വല്ലാതെ ബേജാറാകാനുള്ള കാരണം ഇനിയുമുണ്ട്. ഈ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പത്രക്കാര്‍ ഉപയോഗിക്കും. ന്യൂസ്‌പേപ്പര്‍ വ്യവസായവും തഴച്ചുവളരുന്ന കാലമാണ്. വ്യക്തികളുടെ പ്രവൃത്തികളും വാക്കുകളും ചിത്രങ്ങളും വ്യക്തിത്വവും ബന്ധുക്കളും തെരഞ്ഞെടുത്ത സുഹൃത്തുക്കളുല്ലാത്തവരുടെ ഇടയിലേക്ക് കൂടി വ്യാപിക്കാന്‍ സാങ്കേതിക വിദ്യയും പത്രങ്ങളും ചേര്‍ന്നാല്‍ ഒരു പ്രയാസവുമുണ്ടാകില്ലെന്ന് അവര്‍ ഭയപ്പെട്ടു.

അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തെതുടര്‍ന്നുള്ള ദശകങ്ങളില്‍ സാങ്കേതിക രംഗത്തുണ്ടായ മുന്നേറ്റമാണ് എല്ലാറ്റിനും കാരണം. 1790നും 1890നും ഇടയില്‍ അമേരിക്കന്‍ ജനസംഖ്യ നാല്‍പത് ലക്ഷ്യത്തില്‍ നിന്ന് 6.3 കോടിയായി ഉയര്‍ന്നു. യുദ്ധാനന്തരം നഗര ജനസംഖ്യ നൂറിരട്ടിയിലേറെയാണ് വര്‍ധിച്ചത്. സാങ്കേതിക രംഗത്തുണ്ടായ കണ്ടുപിടിത്തങ്ങളും മുന്നേറ്റവും സ്വകാര്യതയെ അപകടപ്പെടുത്താന്‍ തുടങ്ങിയത് അക്കാലത്താണ്. അങ്ങിനെയാണ് വാറനും ബ്രാന്‍ഡെയിസും അതിനെ കുറിച്ചു ലേഖനങ്ങളെഴുതിയത്. അതിനു മുമ്പേ ഇ.എല്‍. ഗോഡ്കിന്‍ എന്ന ഒരു പത്രപ്രവര്‍ത്തകന്‍ ഇതേ വിഷയത്തില്‍ സ്‌ക്രിബ്‌നേഴ്‌സ് മാഗസിനില്‍ ഒരു ലേഖനമെഴുതിയിരുന്നു. സ്വകാര്യതക്കെതിരായ നുഴഞ്ഞുകയറ്റത്തിനു ചാട്ട കൊണ്ടല്ലാതെ റിയലിസ്റ്റിക്കായ ഒരു പരിഹാരമുണ്ടാകില്ലെന്ന് ഗോഡ്കിന്‍ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.
ആ രണ്ട് സാധുക്കള്‍ അന്നു ടെലിഫോണിനേയും ക്യാമറയേയും ടേപ്‌റെക്കോര്‍ഡറിനേയും ടെലഗ്രാഫിനേയുമൊക്കെ പേടിച്ച് തുടങ്ങി വെച്ച സ്വകാര്യതക്കുള്ള അവകാശം എന്ന ആശയം മൊബൈലും സെല്‍ഫിയും ഫേസ് ബുക്കും വാട്‌സാപ്പും കാക്കത്തൊള്ളായിരം ചാനലുകളും തുടങ്ങി സകല കുണ്ടാമണ്ടികളുടേയും ഇക്കാലത്ത് എവിടെ എത്തി നില്‍ക്കുന്നുവെന്ന് ആലോചിക്കുമ്പോള്‍ ചിരിക്കുകയല്ലാതെ എന്തു ചെയ്യും? സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലാണ് വാറന്റേയും ബ്രാന്‍ഡെയിസിന്റെയും ഇക്കഥ വായിച്ചത്.

ടെലിഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട എത്രയെത്ര കേസുകളാണ് പിന്നീട് കോടതികളിലെത്തിയത്. ഈ വിധിയില്‍ തന്നെ കോടതി ഉദ്ധരിക്കുന്ന ആര്‍.എം. മല്‍കാനി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് മഹാരാഷ്ട്ര അത്തരമൊരു കേസായിരുന്നു. പോലീസിനു വേണമെങ്കില്‍ ഒരു കുറ്റവാളിയുടെ ഫോണ്‍ ചോര്‍ത്താമെന്നും നിരപരാധിയുടെ ഫോണ്‍ ചോര്‍ത്തുന്നതിനെതിരെ കോടതികള്‍ സംരക്ഷണം നല്‍കണമെന്നുമായിരുന്നു ആ കേസിലെ വിധി. ഈ കേസില്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടിന്റെ സെക്ഷന്‍ 25 ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി കണ്ടെത്തി. വാറന്റേയും ബ്രാന്‍ഡെയിന്റേയും വല്ലാത്തൊരു ദീര്‍ഘവീക്ഷണം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
