സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; ഖബറടക്കം വൈകീട്ട്
text_fieldsമലപ്പുറം: തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര-നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ (ഐ. സമീൽ - 49) മൃതദേഹം നാളെ നാട്ടിലെത്തിക്കും.
ബാങ്കോക്കിൽനിന്ന് ഇന്ന് രാത്രി 10:25ന് എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട്, ഡൽഹി വഴി നാളെ രാവിലെ 10.35ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേരും. നാളെ വൈകീട്ട് 5.45 വരെ മലപ്പുറം കിളിയമണ്ണിൽ ഓഡിറ്റോറിയത്തിൽ പൊതുദർശനം. മയ്യിത്ത് നമസ്കാരം വൈകീട്ട് ആറുമണിക്ക് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദിൽ നടക്കും.
ഗ്രീൻ ഒയാസിസ് ട്രാവൽസിന്റെ ടൂർ മാനേജരായി ഇക്കഴിഞ്ഞ നാലിന് തായ്‌ലൻഡിലെത്തിയ സമീൽ ഞായറാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മലപ്പുറം വലിയങ്ങാടി ഇത്തിൾപറമ്പ് ഇല്ലിക്കൽ വീട്ടിൽ റിട്ട. ലൈബ്രേറിയൻ മുഹമ്മദ് ഇല്ലിക്കലിന്റെയും ഇയ്യാത്തുട്ടിയുടെയും മകനാണ്. ‘മാധ്യമ’ത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം മലപ്പുറം ബ്യൂറോ ചീഫും ‘ഗൾഫ് മാധ്യമം’ റിയാദ് ബ്യൂറോ ഇൻ-ചാർജുമായിരുന്നു. മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും മാധ്യമം ജേണലിസ്റ്റ് യൂനിയൻ ജോയന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഔദ്യോഗിക മാധ്യമസംഘത്തിന്റെ ഭാഗമായി. റിയാദ് ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റായിരുന്നു.
മികച്ച ചരിത്രഗവേഷകനായിരുന്ന അദ്ദേഹം മലബാർ സമരചരിത്രത്തിലെ പല അറിയാ ഏടുകളും ഗവേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നു. ‘മലബാർ വിപ്ലവം: ചരിത്രം കാണാതെപോയ ജീവിതങ്ങൾ, ഖബറുകൾ’ എന്ന പുസ്തകം ശ്രദ്ധിക്കപ്പെട്ടു. 1921ലെ മലബാർ സമരത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് യു.എ.ഇ യൂത്ത് ഇന്ത്യ സിഗ്നേച്ചർ അവാർഡ് ലഭിച്ചു. തനിമ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം ‘ഇലയനക്കങ്ങൾ’, ‘മക്കൾ’ എന്നീ ടെലിസിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായും, ‘ചെറുത്തുനിൽപ്പ്’ (ഡോക്യുമെന്ററി), ‘കിലുകിലുസ്’ (മ്യൂസിക് ആൽബം) എന്നിവയുടെ സംവിധായകനായും പ്രവർത്തിച്ചു.
ഭാര്യ: ശിഫ കൊളക്കാട്ടിൽ (പറപ്പൂർ). മക്കൾ: ഫാത്തിമ, ലംയ, ദയ, റുബ. മരുമകൻ: ഹാദിൽ. സഹോദരങ്ങൾ: മുഫീദ, ജാബിർ, നബീൽ (അൽ ജാമിഅ അൽ ഇസ് ലാമിയ, ശാന്തപുരം), ജെരീർ (ഗ്രീൻ ഒയാസിസ്, മലപ്പുറം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

