‘ഒപ്പംനിന്ന മതേതര മനസ്സുകള്‍ കൂടുതല്‍ അകലം പാലിക്കുന്നത് അതിവിദൂരമാവില്ല’ -വഖഫ് ബോർഡ് വിഷയത്തിൽ മുന്നറിയിപ്പുമായി സമസ്ത മുഖപത്രം
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: വഖഫ് ബോർഡ് നിയമ ഭേദഗതി വിഷയത്തിൽ യു.ഡി.എഫ് സർക്കാറിനെതിരെ കടുത്ത വിമർശനവുമായി സമസ്ത മുഖപത്രം. വഖഫ് ബോര്‍ഡ് അംഗങ്ങളുടെ നിയമനത്തെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ സ്വീകരിച്ച നിലപാട് അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തി.
വഖഫ് ബോര്‍ഡ് പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ചതിലല്ല, ആ നിഗമനത്തിലേക്ക് ഹൈകോടതിയെ എത്തിക്കുന്നതില്‍ അഡ്വക്കറ്റ് ജനറല്‍ സ്വീകരിച്ച നിലപാടിലെ നിഗൂഢതയാണ് മതേതര കേരളത്തെ കഠിനമായി ആശങ്കപ്പെടുത്തുന്നത്. ‘എ.ജിയുടെ സമ്മതം; ആരുടെ താൽപര്യത്തിന്’ -എന്ന തലക്കെട്ടിലാണ് ‘സുപ്രഭാത’ത്തിന്റെ എഡിറ്റോറിയൽ.
‘ബോര്‍ഡ് നിയമനം കേന്ദ്ര വഖഫ് നിയമഭേദഗതി പ്രകാരമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചല്ലെന്ന ഹരജിക്കാരുടെ വാദങ്ങളെ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ അംഗീകരിച്ചതോടെയാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കാനുള്ള ഉത്തരവുണ്ടായത്. ഇവിടെ ചില നിയമപരമായ വസ്തുതകള്‍ അത്യന്തം ഗൗരവമുള്ളതാണ്. വഖ്ഫ് നിയമഭേദഗതി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഈ കേസിലെ തീര്‍പ്പ് തേടിയാണ്, പല സംസ്ഥാനങ്ങളും വഖഫ് പുനഃസംഘടനയും അനുബന്ധനടപടികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ചില സംസ്ഥാനങ്ങള്‍ ഈ സാഹചര്യം ചൂണ്ടിക്കാട്ടി വഖഫ് ബോര്‍ഡിലേക്ക് അമുസ്‍ലിംകളടക്കമുള്ള അംഗങ്ങളെ നിയമിക്കാന്‍ തയാറായതുമില്ല. കേരളവും ആ രീതിയിലാണ് നിയമനം നടത്തിയത്. എന്നാല്‍, ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സര്‍ക്കാറിന്റെ നിലപാട് നിര്‍ണായകമായിരുന്നു. പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ നിയമപരമായ തീര്‍പ്പിനുശേഷം നിയമനത്തിലെ സംവരണകാര്യമുള്‍പ്പെടെ സ്പഷ്ടീകരിക്കാമെന്ന് സര്‍ക്കാറിന് സത്യവാങ്മൂലം നല്‍കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഹൈകോടതിയില്‍ അതല്ല എ.ജി സ്വീകരിച്ച നിലപാട്. ഹരജിക്കാരുടെ വാദമുഖങ്ങളെ തത്വത്തില്‍ അംഗീകരിച്ച് നല്‍കുകയായിരുന്നു എ.ജി. കോടതിയില്‍ എ.ജി നടത്തിയത് സര്‍ക്കാരിന്റെ നിലപാടായതിനാല്‍ അത് കേസിന്റെ തുടര്‍നടപടികളിലും പ്രതിഫലിച്ചേക്കാം.’ -എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.
വീണ്ടുവിചാരമോ വിഷയത്തിന്റെ അതീവ ഗൗരവാവസ്ഥ മനസ്സിലാക്കാതെയോ കേരള സർക്കാർ ഏകപക്ഷീയ നിലപാട് സ്വീകരിച്ചതാണ് ഞെട്ടിച്ചത്. ഈ നിലപാട്, ഒന്നുകില്‍ ഭരണനേതൃത്വം നേരത്തെ എടുത്ത നിലപാടില്‍നിന്ന് പിന്നോക്കം പോകുന്നു. അല്ലെങ്കില്‍ തങ്ങളുയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളോട് തെല്ലും ആത്മാര്‍ഥത കാട്ടില്ലെന്ന് തെളിയിക്കുന്നതാണെന്നും എഡിറ്റോറിയലിൽ കുറ്റപ്പെടുത്തി.
മുനമ്പം വിഷയത്തില്‍ യു.ഡി.എഫില്‍ ഐക്യപ്പെട്ട തീരുമാനം വരുന്നതിന് മുമ്പായി അത് വഖഫ് ഭൂമിയല്ലെന്ന് പരസ്യമായി ഭരണനേതൃത്വം പ്രഖ്യാപിച്ചത് നാക്കുപിഴ മാത്രമാണോ. വഖഫുമായി ബന്ധപ്പെട്ട ഈ നിലപാടുകൾ ആർക്കുവേണ്ടിയാണെന്നും ആരുടെ താൽപര്യത്തിലാണെന്നും സർക്കാർ വ്യക്തമാക്കണമെന്നും സമസ്ത ആവശ്യപ്പെടുന്നു.
‘വികസന, സാമൂഹികസുരക്ഷാ പദ്ധതികളിലൂടെ ജനങ്ങളുടെ പിന്തുണ തേടി, പുതുകേരള സൃഷ്ടിക്കുള്ള കളമൊരുക്കിയ വി.ഡി. സതീശന്‍ സര്‍ക്കാറിന്റെ മതേതര പ്രതിച്ഛായക്ക് ഇത്തരം വീഴ്ചകള്‍ കളങ്കമേല്‍പ്പിക്കുന്നതാണെന്ന് പറയാതെ വയ്യ. ചില കാര്യങ്ങളിലെ ഗുരുതരവീഴ്ചകള്‍ കേരളത്തിന്റെ മതേതര മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നതാണ്, ആശങ്കപ്പെടുത്തുന്നതാണ്. സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് ചോദിക്കുന്നവരുടെ ആകുലതകള്‍ കാണാതെ പോകരുത്. വഖഫ് കേസില്‍ സര്‍ക്കാറിന് പറ്റിയ വീഴ്ച തിരുത്തി പ്രഖ്യാപിത നിലപാടില്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവം ഭരണനേതൃത്വം കാട്ടണം. അതല്ല, സാങ്കേതികനടപടിക്രമം എന്ന ഓമനപ്പേരില്‍ ചെയ്തുപോയ വീഴ്ചകളെ ന്യായീകരിക്കുന്നത് തുടരുകയാണെങ്കില്‍ ഒപ്പംനിന്ന മതേതര മനസ്സുകള്‍ കൂടുതല്‍ അകലം പാലിക്കുന്നത് അതിവിദൂരമാവില്ല.’ -എന്ന മുന്നറിയിപ്പോടെയാണ് എഡിറ്റോറിയൽ അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

