Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പത്തു വർഷം...

‘പത്തു വർഷം പുറത്തിരുത്തിയതിനുശേഷമാണ് അധികാരത്തിലേറ്റിയതെന്ന ചിന്ത യു.ഡി.എഫ് സർക്കാറിന് ഉണ്ടായിരുന്നാൽ നന്ന്’; എസ്. ശ്രീജിത്തിന്‍റെ സ്ഥാനക്കയറ്റത്തിനെതിരെ സമസ്ത മുഖപത്രം

text_fields
bookmark_border
‘പത്തു വർഷം പുറത്തിരുത്തിയതിനുശേഷമാണ് അധികാരത്തിലേറ്റിയതെന്ന ചിന്ത യു.ഡി.എഫ് സർക്കാറിന് ഉണ്ടായിരുന്നാൽ നന്ന്’; എസ്. ശ്രീജിത്തിന്‍റെ സ്ഥാനക്കയറ്റത്തിനെതിരെ സമസ്ത മുഖപത്രം
cancel

കോഴിക്കോട്: എ.ഡി.ജി.പി എസ്. ശ്രീജിത്തിന് തിടുക്കത്തിൽ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയതിൽ യു.ഡി.എഫ് സര്‍ക്കാറിനെ രൂക്ഷമായി വിമർശിച്ച് ഇ.കെ സമസ്ത മുഖപത്രം ‘സുപ്രഭാതം’. സര്‍വിസ് ബുക്കില്‍ പലതവണ ചുവപ്പുവര വീണ, ഒരു ഉദ്യോഗസ്ഥനെ പൊതിഞ്ഞു കാക്കാനും പൊലിസ് തലപ്പത്ത് അവരോധിക്കാനുമുള്ള യു.ഡി.എഫ് സര്‍ക്കാറിന്റെ വ്യഗ്രത കേരളീയ പൊതുസമൂഹം അംഗീകരിച്ചുതരുമോയെന്ന് മുഖപ്രസംഗത്തിൽ ചോദിക്കുന്നു.

പൊലീസ് സേനയുടെ തലപ്പത്ത് ഇരിക്കുന്നവരുടെ വിശ്വാസ്യത പൊതുജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസത്തിന്റെ ആണിക്കല്ലാണ്. തീരുമാനങ്ങളിൽ പക്ഷപാതമോ രാഷ്ട്രീയ തിടുക്കങ്ങളോ നിഴലിച്ചാല്‍ അത് സേനയുടെ മനോവീര്യത്തെ മാത്രമല്ല, സര്‍ക്കാറിന്റെ പ്രതിച്ഛായയെയും ബാധിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ കാര്യത്തിലായാലും സ്‌പെഷല്‍ നിയമനങ്ങളുടെ കാര്യത്തിലായാലും കൃത്യമായ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മുഖപ്രസംഗം ഓർമപ്പെടുത്തുന്നു.

‘ധാർമികത മറക്കുന്ന ഭരണകൂട തിടുക്കങ്ങള്‍’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. ഗുരുതര ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് വിജിലൻസ് ക്ലിയറൻസില്ലാതെ സ്ഥാനക്കയറ്റം നൽകിയതിൽ കഴിഞ്ഞദിവസം സർക്കാറിനെ ഹൈകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ബോഡി ബിൽഡിങ് ലോക ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷസൗന്ദര്യ മത്സര വെള്ളി ജേതാവ് ഷിനു ചൊവ്വ എന്നിവർക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നേരിട്ട് നിയമനം നൽകിയത് ചോദ്യംചെയ്ത് അഭിഭാഷകനായ കെ.എം. ഷാജഹാൻ നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനമുണ്ടായത്.

സര്‍വിസില്‍ കയറിയ കാലംമുതല്‍ അനവധി ആരോപണങ്ങള്‍ക്ക് പാത്രമാകേണ്ടിവന്ന ഉദ്യോഗസ്ഥനാണ് എസ്. ശ്രീജിത്ത്. വിവാദവ്യവസായികളുമായുള്ള വഴിവിട്ട ചങ്ങാത്തവും നടി ആക്രമിക്കപ്പെട്ട കേസിലെ ദുരൂഹ ഇടപെടലുകളും ശ്രീജിത്തിനെതിരേ ഉയര്‍ന്നു. കണ്ണൂര്‍ പാലത്തായി പീഡനക്കേസിലും ഈ ഉദ്യോഗസ്ഥന്റെ വഴിവിട്ട ഇടപെടലുകളുണ്ടായെന്ന് ആരോപണമുയർന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എസ്. ശ്രീജിത്ത് പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയുള്ള ഭാഗിക കുറ്റപത്രമായിരുന്നു ആദ്യം സമര്‍പ്പിച്ചത്. ഇതാണ് കേസിലെ പ്രതിയും പ്രാദേശിക ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജന് തുടക്കത്തില്‍ ജാമ്യം കിട്ടാന്‍ ഇടയാക്കിയതെന്നും വിമര്‍ശനമുയര്‍ന്നു.

അന്വേഷണം നടക്കുന്നതിനിടെ ഐ.ജി ശ്രീജിത്ത് പൊതുപ്രവര്‍ത്തകനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരയായ കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും പ്രതിയെ ന്യായീകരിക്കുന്ന രീതിയിലുമായിരുന്നു ആ സംഭാഷണമെന്നും ആരോപണമുയര്‍ന്നു. നീണ്ട 10 വർഷം ജനം പുറത്തിരുത്തിയതിനുശേഷമാണ് വലിയ ഭൂരിപക്ഷത്തില്‍ അവർതന്നെ തങ്ങളെ അധികാരത്തിലേറ്റിയതെന്ന ചിന്ത യു.ഡി.എഫ് സർക്കാറിന് ഉണ്ടായിരുന്നാൽ അവർക്ക് നന്നെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

എഡിറ്റോറിയൽ പൂർണരൂപം;

ധാർമികത മറക്കുന്ന ഭരണകൂട തിടുക്കങ്ങള്‍

നിയമവാഴ്ച ഉറപ്പാക്കേണ്ട സര്‍ക്കാര്‍തന്നെ നിയമങ്ങളെയും മാനദണ്ഡങ്ങളെയും നോക്കുകുത്തിയാക്കുമ്പോള്‍, ജനാധിപത്യത്തിന്റെ കാവലാളായ കോടതികള്‍ ഇടപെടുന്നത് സ്വാഭാവിക ഔചിത്യംകൊണ്ടു മാത്രമാണ്. എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ ഡി.ജി.പിയാക്കി ഉയര്‍ത്താനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ തിടുക്കത്തിനു നേരെ കഴിഞ്ഞദിവസം ഹൈക്കോടതി താക്കീതായി നിന്നത് അത്തരമൊരു ഓര്‍മപ്പെടുത്തലാണ്. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥന് വിജിലന്‍സ് ക്ലിയറന്‍സില്ലാതെ സ്ഥാനക്കയറ്റം നല്‍കിയത് എന്തടിസ്ഥാനത്തിലെന്നാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ചോദിച്ചത്. ബോഡി ബില്‍ഡിങ് ചാംപ്യന്‍ ചിത്തരേഷ് നടേശന്‍, ലോക പുരുഷസൗന്ദര്യ മത്സര വെള്ളിമെഡല്‍ ജേതാവ് ഷിനു ചൊവ്വ എന്നിവര്‍ക്ക് ആംഡ് പൊലിസ് ഇന്‍സ്‌പെക്ടര്‍മാരായി വഴിവിട്ട് നിയമനം നല്‍കിയത് ചോദ്യം ചെയ്ത ഹരജി പരിഗണിക്കവേയായിരുന്നു കോടതിയില്‍നിന്ന് കടുത്ത പരാമര്‍ശങ്ങളുണ്ടായത്. അധികാരത്തിലേറി മൂന്നുമാസം തികയും മുമ്പാണ് വി.ഡി സതീശന്‍ സര്‍ക്കാരിന് നീതിപീഠത്തില്‍നിന്ന് പഴി കേള്‍ക്കേണ്ടിവന്നത്.

ഒരു ഉദ്യോഗസ്ഥനെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലിരുത്തുമ്പോള്‍ പാലിക്കേണ്ട യോഗ്യതകളും നടപടിക്രമങ്ങളും നിലവിലുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് വിജിലന്‍സ് ക്ലിയറന്‍സ്. ആരോപണമുനയില്‍ നില്‍ക്കുന്ന ഒരു ഉദ്യോഗസ്ഥനെ പൊലിസ് തലപ്പത്ത് അവരോധിക്കുന്നതിലൂടെ പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്? 'ആരോപണവിധേയര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്തിനിത്ര തിടുക്കം' എന്ന കോടതിയുടെ ചോദ്യം കേവലം സാങ്കേതികമല്ല, ഭരണരംഗത്ത് പാലിക്കേണ്ട അടിസ്ഥാനപരമായ സുതാര്യതയെയും ധാര്‍മികതയെയും കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഷിനു ചൊവ്വ, ചിത്തരേഷ് നടേശന്‍ എന്നിവരെ വളഞ്ഞവഴിയില്‍ പൊലിസ് സേനയിലെടുത്തത്. അതിനു ചുക്കാന്‍ പിടിച്ചതാകട്ടെ എ.ഡി.ജി.പി എസ്. ശ്രീജിത്തും. ഇരുവരുടെയും നിയമനത്തിനെതിരേ അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും വലിയ പ്രതിഷേധങ്ങളുയര്‍ത്തിയിരുന്നു.

പൊലിസ് സേനയുടെ തലപ്പത്ത് ഇരിക്കുന്നവരുടെ വിശ്വാസ്യത പൊതുജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസത്തിന്റെ ആണിക്കല്ലാണ്. അവിടെ പക്ഷപാതമോ രാഷ്ട്രീയ തിടുക്കങ്ങളോ നിഴലിച്ചാല്‍ അത് സേനയുടെ മനോവീര്യത്തെ മാത്രമല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായയെയും ബാധിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ കാര്യത്തിലായാലും സ്‌പെഷല്‍ നിയമനങ്ങളുടെ കാര്യത്തിലായാലും കൃത്യമായ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

എ.ഡി.ജി.പി എസ്. ശ്രീജിത്ത് എതിര്‍കക്ഷിയായ ഹരജിയിലെ ആരോപണത്തില്‍ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം സംബന്ധിച്ച് കോടതി നേരത്തേ നിലപാട് തേടിയിരുന്നു. ഈ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയത്. സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. നീതിപീഠത്തില്‍നിന്ന് ഇത്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് ജനാധിപത്യസര്‍ക്കാരിന് ഭൂഷണമല്ല. സര്‍വിസില്‍ കയറിയ കാലംമുതല്‍ അനവധി ആരോപണങ്ങള്‍ക്ക് പാത്രമാകേണ്ടിവന്ന ഉദ്യോഗസ്ഥനാണ് എസ്. ശ്രീജിത്ത്. വിവാദവ്യവസായികളുമായുള്ള വഴിവിട്ട ചങ്ങാത്തവും നടി ആക്രമിക്കപ്പെട്ട കേസിലെ ദുരൂഹ ഇടപെടലുകളും ശ്രീജിത്തിനെതിരേ ഉയര്‍ന്നു. കണ്ണൂര്‍ പാലത്തായി പീഡനക്കേസിലും ഈ ഉദ്യോഗസ്ഥന്റെ വഴിവിട്ട ഇടപെടലുകളുണ്ടായെന്ന് ആരോപണമുയർന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എസ്. ശ്രീജിത്ത് പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയുള്ള ഭാഗിക കുറ്റപത്രമായിരുന്നു ആദ്യം സമര്‍പ്പിച്ചത്. ഇതാണ് കേസിലെ പ്രതിയും പ്രാദേശിക ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജന് തുടക്കത്തില്‍ ജാമ്യം കിട്ടാന്‍ ഇടയാക്കിയതെന്നും വിമര്‍ശനമുയര്‍ന്നു. അന്വേഷണം നടക്കുന്നതിനിടെ ഐ.ജി ശ്രീജിത്ത് പൊതുപ്രവര്‍ത്തകനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരയായ കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും പ്രതിയെ ന്യായീകരിക്കുന്ന രീതിയിലുമായിരുന്നു ആ സംഭാഷണമെന്നും ആരോപണമുയര്‍ന്നു. ഇരയെ അപമാനിക്കുന്നതും കേസ് അട്ടിമറിക്കുന്നതും തുല്യമാണെന്ന്ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരേ കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയും പൊതുസമൂഹത്തിനു മുന്നിലുണ്ട്. കുടുംബത്തിന്റെ ഹരജി പരിഗണിച്ച ഹൈക്കോടതി, എസ്. ശ്രീജിത്തിനെ അന്വേഷണചുമതലയില്‍നിന്ന് മാറ്റാൻ ഉത്തരവിട്ടതും നാം ഓര്‍ക്കണം. ഇത്തരത്തില്‍ സര്‍വിസ് ബുക്കില്‍ പലതവണ ചുവപ്പുവര വീണ, ഒരു ഉദ്യോഗസ്ഥനെ പൊതിഞ്ഞു കാക്കാനും പൊലിസ് തലപ്പത്ത് അവരോധിക്കാനുമുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ വ്യഗ്രത കേരളീയ പൊതുസമൂഹം അംഗീകരിച്ചുതരുമോ.

തങ്ങളല്ലാതെ മറ്റാരെന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ഔദ്ധത്യത്തിനെതിരേ രാഷ്ട്രീയകേരളം നിലപാടെടുത്തതിനാലാണ് സംസ്ഥാനത്ത് ഭരണമാറ്റം സാധ്യമായത്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഇടതുമുന്നണിയുടെ ചരിത്രതോല്‍വിക്ക് കാരണമെന്ന് സി.പി.എം നേതൃത്വംതന്നെ തുറന്നുസമ്മതിക്കുന്ന സമയത്താണ് കാൽകൊല്ലംപോലും പൂർത്തിയാക്കുന്നതിനു മുമ്പേ വി.ഡി സതീശന്‍ സർക്കാരും പിണറായി സര്‍ക്കാര്‍ വെട്ടിത്തെളിച്ച വളഞ്ഞ വഴിതന്നെ തെരഞ്ഞെടുക്കുന്നത്. നീണ്ട 10 വർഷം ജനം പുറത്തിരുത്തിയതിനുശേഷമാണ് വലിയ ഭൂരിപക്ഷത്തില്‍ അവർതന്നെ തങ്ങളെ അധികാരത്തിലേറ്റിയതെന്ന ചിന്ത യു.ഡി.എഫ് സർക്കാരിന് ഉണ്ടായിരുന്നാൽ അവർക്ക് നന്ന്. ജനം വെറുത്ത് വലിച്ചെറിഞ്ഞവരെയൊക്കെ തിരിച്ചുകൊണ്ടുവരാൻ അതേ ജനതക്ക് വലിയ ഗൃഹപാഠമൊന്നും ചെയ്യേണ്ടിവരില്ലെന്ന കാര്യം ഇനിയും പഠിക്കുന്നില്ലെന്നോ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DGPsuprabhathamADGP S Sreejith
News Summary - Samastha mouthpiece against S. Sreejith's promotion
Next Story