‘ഉന്നത വിദ്യാഭ്യാസ രംഗം കുളംതോണ്ടി, ഭരിക്കുന്നത് സംഘ്പരിവാർ’; കീമിൽ മന്ത്രി ആർ. ബിന്ദുവിനെതിരെ സമസ്ത മുഖപത്രം
text_fieldsകോഴിക്കോട്: കീം റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. ഉന്നത വിദ്യാഭ്യാസ രംഗം കുളം തോണ്ടിയെന്നും വൈസ് ചാൻസലർമാർ മുഴുവൻ സംഘികളാണെന്നും മുഖപത്രം പറയുന്നു.
ചാൻസലറെന്ന പിൻവാതിലിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ഇപ്പോൾ ഭരിക്കുന്നത് സംഘ് പരിവാറാണ്. തരം പോലെ അതിനെ പ്രീണിപ്പിച്ചും കെറുവിച്ചും ഇടതുപക്ഷവും നീങ്ങുന്നു. സർവകലാശാലകളെ കളറണിയിക്കുന്നതിൽ സി.പി.എമ്മിന്റെ ചരിത്രം ഒട്ടും മോശമല്ലെങ്കിലും സംഘ്പരിവാറിന് കേരളത്തിലിടപെടാൻ രാഷ്ട്രീയ ധാർമികതയുടെ പിൻബലമില്ലെന്നും മുഖപത്രം പറയുന്നു.
ഒരു കാലത്ത് സ്വാശ്രയ കോളജുകൾക്കെതിരേ സമരം ചെയ്ത ഇടതുപക്ഷം ഇപ്പോൾ സ്വകാര്യ വിദേശ സർവകാശാലകളെയും മുതൽമുടക്കൻമാരെയും തേടുകയാണ്. അവർക്ക് പരവതാനി വിരിക്കാൻ മടിയേതുമില്ല. പുതിയ കോഴ്‌സുകളും കോളജുകളും അനുവദിക്കുന്നത് സ്വാശ്രയ മേഖലയിൽ മാത്രം. ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് ഇവിടെ പെട്ടെന്ന് കുടുംബാസൂത്രണം നടപ്പാക്കിയതു കൊണ്ടല്ല. കുട്ടികൾ ഡിഗ്രിക്ക് തന്നെ പുറത്തേക്ക് പോകുന്നതു കൊണ്ടാണ്.
എവിടെവിടെപ്പോയാലും വീട് തലയിലേറ്റുന്ന കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തൽക്കാലത്തേക്കെങ്കിലും അതൊന്നിറക്കി വച്ച് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ വിദ്യാർഥികളെ ഓർത്തിരുന്നുവെങ്കിൽ കീമിന്റെ പേരിൽ കുട്ടികളും രക്ഷിതാക്കളും ഇങ്ങനെ തീ തിന്നേണ്ടിവരില്ലായിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻജിനീയറിങ് കോളജുകളിൽ കേരള സിലബസുകാർക്ക് പ്രവേശനം കിട്ടാതായിട്ട് ഏതാനും വർഷങ്ങളായി.
റിട്ടയർ ചെയ്തവർക്കും മുൻ കാല പ്രാബല്യത്തോടെ പ്രഫസർ പദവി നൽകാൻ ടീച്ചർ തന്നെ ഉത്തരവിട്ടതോടെ ടീച്ചർക്കും പ്രഫസറാകാനായി. വീട് തലയിൽ എന്ന് ആർ. ബിന്ദു പറയുന്നതിൽ വലിയ കാര്യമുണ്ട്. കാരണം ടീച്ചർക്ക് വീടും രാഷ്ട്രീയവും രണ്ടല്ല. ഭർത്താവ് എ. വിജയരാഘവൻ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണ്. തൃശൂർ നഗരസഭാ മേയർ പദവിയിൽ അഞ്ചു വർഷം ഇരുന്ന ശേഷമാണ് 2021ൽ ഇരിങ്ങാലക്കുട മത്സരിക്കുന്നതും നേരെ വന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായതും.
കുലസ്ത്രീ വേഷധാരിയാണ് ടീച്ചറെങ്കിലും കുട്ടികൾ ആണും പെണ്ണും കെട്ട വസ്ത്രം ധരിക്കട്ടെയെന്ന പക്ഷം അവർക്കുണ്ട്. ജൻഡർ ന്യൂട്രൽ യൂനിഫോമിന്റെ സംസ്ഥാനതല ഉദ്ഘാടനം തന്നെ നടത്തിക്കളഞ്ഞ ടീച്ചർ പിന്നെ അതേപറ്റി വല്ലാതെ മിണ്ടിയിട്ടില്ല. സൂംബ നൃത്തത്തെ പറ്റി ചില വിമർശനങ്ങൾ ഉയർന്നപ്പോൾ സൂംബയെ വാഴ്ത്താനും മന്ത്രിയുണ്ടായെന്നും മുഖപത്രം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

