Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലിക്കുട്ടി...

ആലിക്കുട്ടി മുസ്‍ലിയാർക്ക് പ്രാർഥനാ നിർഭരമായ യാത്രാമൊഴി; 70 തവണ മയ്യിത്ത് നമസ്കാരം

text_fields
bookmark_border
ആലിക്കുട്ടി മുസ്‍ലിയാർക്ക് പ്രാർഥനാ നിർഭരമായ യാത്രാമൊഴി; 70 തവണ മയ്യിത്ത് നമസ്കാരം
cancel

തിരൂര്‍ക്കാട് (മലപ്പുറം): അന്തരിച്ച പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉമല ജനറല്‍ സെക്രട്ടറിയുമായ പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർക്ക് പതിനായിരക്കണക്കിന് മനുഷ്യരുടെ പ്രാർഥനാ നിർഭരമായ യാത്രാമൊഴി. മയ്യിത്ത് രാവിലെ പത്തിമണിയോടെ തിരൂര്‍ക്കാട് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ജനബാഹുല്യം കാരണം 70 തവണയാണ് മയ്യിത്ത് നമസ്‌കാരം നടത്തിയത്. ആദ്യത്തെ നമസ്കാരത്തിന് സാദിഖലി തങ്ങൾ നേതൃത്വം നൽകി. തുടർന്നുള്ള നമസ്കാരങ്ങൾക്ക് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്‌രി തങ്ങള്‍ ഉൾപ്പെടെയുള്ള പണ്ഡിത പ്രമുഖർ നേതൃത്വം നല്‍കി.

പ്രിയ ഗുരുനാഥനെ അവസാനമായി കാണാന്‍ പതിനായിരങ്ങളാണ് എത്തിയത്. വിവിധ മതസംഘടനാ നേതാക്കളും രാഷ്ട്രീയ നേതാക്കളും ശിഷ്യഗണങ്ങളും അനുയായികളും തിരൂക്കാട്ടേക്ക് ഒഴുകിയെത്തി.

മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, എ.പി.അനിൽകുമാർ, പി.കെ. ബഷീർ, കെ.എം.ഷാജി, വി.ഇ.അബ്ദുൽ ഗഫൂർ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‍ലിയാർ, ജമാഅത്തെ ഇസ്‍ലാമി അമീർ പി. മുജീബുറഹ്മാൻ, മുൻ അമീർ എം.ഐ. അബ്ദുൽ അസീസ്, നേതാക്കളായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‍ലിയാർ, കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അടക്കമുള്ളവർ വിട നൽകാനെത്തിയിരുന്നു.


പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് പ്രിൻസിപ്പൽ പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (81) വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണപ്പെട്ടത്.

16ാം വയസ്സില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബായും 20ാം വയസ്സില്‍ മഹല്ല് ഖാദിയായും നിയമിക്കപ്പെട്ട് ചെറുപ്പത്തിലേ നേതൃപാടവം തെളിയിച്ചു. 1968ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍നിന്ന് ഫൈസി ബിരുദം നേടിയതിന് ശേഷം മീനാര്‍കുഴി ദര്‍സിലായിരുന്നു ആദ്യ സേവനം. ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം വേൾഡ് ലീഗിന്റെ കീഴിലുള്ള ‘ഇസ്‌ലാമിക ഫിഖ്ഹ് കൗൺസിൽ’ അംഗമെന്ന അപൂർവ പദവിയും അദ്ദേഹം അലങ്കരിച്ചു. 2003 മുതല്‍ 2006 വരെ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2006 മുതല്‍ 2009 വരെ ദേശീയ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 1945 ജനുവരി ഒന്നിന് കുന്നത്ത് മൂസ ഹാജിയുടെയും ഇയ്യാത്തുട്ടി ഹജ്ജുമ്മയുടെയും മകനായി പെരിന്തൽമണ്ണക്കടുത്ത് തിരൂർക്കാട്ടാണ് ജനിച്ചത്. നാലാം ക്ലാസ് വരെ സ്‌കൂൾ പഠനം. ശേഷം ഇരുമ്പുഴി ദർസ്, പുത്തനങ്ങാടി, പടിഞ്ഞാറ്റുമുറി, അരിപ്ര, ജാമിഅ നൂരിയ്യ അറബിക് കോളജ് എന്നിവിടങ്ങളിൽ പഠനം.

ഭാര്യമാർ: ഫാത്തിമ, നഫീസ. മക്കൾ: മൂസ ഫൈസി, അബൂബക്കർ ഫൈസി. ഖദീജ, സൈനബ, മൈമൂന, മറിയം, ഹഫ്സ, മരുമക്കൾ: അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, സലാം ദാരിമി പയ്യനാട്, അബ്ദുറഹ്മാൻ ദാരിമി കുമരംപുത്തൂർ, ലിയാഉദ്ദീൻ ഫൈസി മേൽമുറി, ഹബീബുല്ല ഫൈസി പള്ളിപ്പുറം, സകിയ്യ ചാപ്പനങ്ങാടി. സഹോദരങ്ങൾ: അബൂബക്കർ ഫൈസി, പരേതരായ മമ്മദ് ഫൈസി, ഇബ്രാഹിം ഫൈസി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samasthak alikutty musliyarKerala News
News Summary - samastha leader Prof. Alikutty Musliyar given prayerful farewell
Next Story