ശതാബ്ദിയുടെ സൂര്യശോഭയിൽ സമസ്ത
text_fieldsസമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് തുടക്കംകുറിച്ച് കാസർകോട് കുണിയയിലെ പൊതുസമ്മേളന നഗരിയില് 100 പതാകകൾ ഉയർത്തിയപ്പോൾ
കാസർകോട്: കേരള മുസ്ലിംങ്ങൾക്ക് ആത്മീയ നേതൃത്വം നൽകിയും ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയും മുന്നേറിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അതിന്റെ യാത്രയുടെ നൂറാംവാർഷിക മഹാസമ്മേളനത്തിന് കാസർകോട് ജില്ലയിലെ കുണിയയിൽ തുടക്കം കുറിച്ചിരിക്കുകയാണ്.
നൂറ്റാണ്ടിന്റെ സൂര്യശോഭയുള്ള ചരിത്രവുമായി കുണിയയിൽ നടക്കുന്ന സമസ്തയുടെ സമ്മേളന ഒരുക്കങ്ങൾ സമാനതകളില്ലാത്തതാണ്. ആഗോളതല സ്പർശിയായ പണ്ഡിത സാന്നിധ്യവും ബഹുമുഖ സ്പർശിയായ പരിപാടികളും കൊണ്ട് ആകർഷണീയമായ വേദിയിലാണ് ശതാബ്ദി സമ്മേളനം. 1926 ജൂൺ 26ന് കോഴിക്കോട് ടൗൺഹാളിൽ രൂപംകൊണ്ട സമസ്ത കേരളത്തിലെ ഇസ്ലാമിക ചരിത്രത്തിന്റെ സുപ്രധാന പതാക വാഹകരാണ്. ഒരു നൂറ്റാണ്ടുകാലമായി കേരളത്തിലെ മുസ്ലിംങ്ങൾക്ക് ദിശോബോധം നൽകിവരുന്ന സമസ്ത കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലും രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിലും നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1934ൽ രജിസ്റ്റർ ചെയ്യപ്പെട്ട ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് സമസ്ത പ്രവർത്തിക്കുന്നത്.
സഹോദര സമുദായങ്ങളുമായി എന്നും സൗഹൃദവും സഹിഷ്ണുതയും സഹവർത്തിത്വവും കാത്തുസൂക്ഷിക്കുക വഴി കേരളത്തിന്റെ മതനിരപേക്ഷ നിധിയിലേക്ക് സമസ്ത നൽകിയ സംഭാവന വളരെ വലുതാണ്. 1921ലെ മലബാർ കലാപത്തിനു ശേഷം മുസ്ലിംങ്ങൾക്കിടയിലുണ്ടായിരുന്ന പ്രതിസന്ധിയെ മുസ്ലിം പണ്ഡിതന്മാർ യുക്തിപരമായി കൈകാര്യം ചെയ്തതിന്റെ ഫലമാണ് സമസ്തയുടെ രൂപവത്കരണം എന്ന് ചരിത്രം ചികയുമ്പോൾ കാണാം. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനിടയിൽ സമുദായത്തെ മുന്നോട്ടുകൊണ്ടുപോകാൻ ദിശാബോധം നൽകണമെങ്കിൽ അനിവാര്യമായത് വിദ്യാഭ്യാസമാണെന്ന തിരിച്ചറിവ് സംഘടനക്ക് ആദ്യം മുതലേ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി 1928ൽ തന്നെ താനൂർ ഇസ്ലാഹുൽ ഉലൂമിൽ മലയാളം, ഉറുദു, ഇംഗ്ലീഷ് ഭാഷകൾ പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു.
1933 മാർച്ച് അഞ്ചിന് ഫറോക്കിൽ ചേർന്ന സമസ്തയുടെ സമ്മേളനം, മലബാറിൽ മത-വൈജ്ഞാനിക കേന്ദ്രങ്ങളെ കൂടുതൽ സജീവമാക്കാൻ ആഹ്വാനം ചെയ്തു. അതിന്റെ ഫലമായി 1951ൽ വടകര സമസ്ത സമ്മേളനത്തോട് അനുബന്ധിച്ച ചേർന്ന മുശാവറ സമ്മേളനത്തിൽ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് രൂപംകൊണ്ടു. അതിന്റെ അക്ഷീണ യത്നങ്ങളുടെ ഫലമാണ് ഇന്ന് കാണുന്ന 6000ലധികം മഹല്ലുകളും പതിനൊന്നായിരത്തിലധികം മദ്റസകളും അറബി കോളജുകളും പള്ളിദർസുകളും. ഇവ ഇന്ത്യക്ക് പുറത്തും മറ്റ് സംസ്ഥാനങ്ങളിലുമായി പ്രവർത്തിക്കുന്ന വലിയ ശൃംഖലയാണ്. ഉന്നത വിദ്യാഭ്യാസത്തിന് 1963ൽ ജാമിയ്യ നൂരിയ്യ കോളജ് സ്ഥാപിച്ചു.
1954ൽ യുവജന വിഭാഗങ്ങളുടെ സന്ദേശ പ്രചാരണത്തിന് സുന്നിയുവജന സംഘം, സാംസ്കാരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് 1989ൽ സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ, മഹല്ലുകളുടെ കൂട്ടായ്മയായി സുന്നി മഹല്ല് ഫെഡറേഷൻ, പള്ളി ദർശസ് അറിബി കോളജ് അധ്യാപകർ എന്നിവരുടെ കൂട്ടായ്മയായി ജംഇയത്തുൽ മുദരീസീൻ, ഖതീബുമാരുടെ കൂട്ടായ്മയായി ജംഇയ്യത്തുൽ ഖുത്വബ, മദ്റസ മാനേജ്മെന്റ് പ്രതിനിധികളുടെ സംഘടനയായ എസ്.കെ.എം.എം.എ, ഉദ്യോഗസ്ഥ കൂട്ടായ്മയായ സമസ്ത എംപ്ലോയിസ് അസോസിയേഷൻ, വിദേശ മലയാളികൾക്കിടയിൽ സമസ്ത ഇസ്ലാമിക് സെന്റർ, കുട്ടികളുടെ സംഘടനയായി സുന്നി ബാലവേദി തുടങ്ങിയ സംഘടനകൾകൊണ്ട് പടർന്ന് പന്തലിച്ച് സമസ്തയാണ് നൂറിലേക്ക് കടക്കുന്നത്. അതിനുപുറത്ത് സമസ്ത ബന്ധമുള്ള സ്ഥാപനങ്ങൾ എണ്ണമറ്റതാണ്.
വിശുദ്ധ പാരമ്പര്യ ഇസ്ലാമിന്റെ നയനിലപാടുകളും സമീപനരീതികളും അതേ തനിമയോടെ സംരക്ഷിച്ചുനിർത്തുക എന്ന ദൗത്യമാണ് സമസ്ത ഏറ്റെടുത്തിരിക്കുന്നത്. ഒരു നൂറ്റാണ്ടുകാലമായി കേരളത്തിൽ സമസ്ത നിർവഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യമാണിത്. മതകാര്യങ്ങളിൽ കൃത്യവും കണിശവുമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ തന്നെ, ഓരോ ഇടപെടലും സാമൂഹിക സമാധാനത്തെയും സാംസ്കാരിക സുതാര്യതയെയും സ്പർശിക്കുന്നതാണ് എന്ന് സമസ്ത ഉറപ്പുവരുത്തുന്നു. കേരളത്തിലെ ഇസ്ലാമിന്റെയും മുസ്ലിം സമൂഹത്തിന്റെയും ചരിത്രം, പ്രവാചക കാലത്തോളം പഴക്കമുള്ളതാണ് എന്ന് അഭിമാനബോധത്തോടെ സമസ്ത ഉയർത്തിപിടിക്കുന്നുണ്ട്.
മതബോധം, അതിന്റെ തനിമയും വിശുദ്ധിയും ചോർന്നുപോകാതെ തലമുറകളിലൂടെ കൈമാറ്റപ്പെടുന്നതിൽ, ഓരോ കാലഘട്ടത്തിലെയും കേരളീയ പണ്ഡിതന്മാർ അത്യന്തം ജാഗ്രത പുലർത്തി. പാരമ്പര്യ വിശ്വാസങ്ങളെയും ആത്മീയാചാരങ്ങളെയും ചോദ്യം ചെയ്യുന്ന പ്രവണതകൾ, സമൂഹത്തിൽ ആശയകുഴപ്പത്തിനും വിഭജനത്തിനും വഴിയൊരുക്കുമെന്ന തിരിച്ചറിവിലാണ് അവയെ തടയുന്നതിനുകൂടി സമസ്ത കേരള ജംഇയ്യതുൽ ഉലമ രൂപംകൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

